Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക തികവിൽ പുത്തൻ അപ്പാച്ചെ, ടിവിഎസിന്റെ ‘പായും പുലി’

tvs-akula TVS Akula 310 Concept

ഔദ്യോഗിക അരങ്ങേറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ടി വി എസിന്റെ പുത്തൻ സ്പോർട്സ് ബൈക്കായ ‘അപ്പാച്ചെ 310 ആർ ആറി’ന്റെ കൂടുതൽ വിവരങ്ങൾ പുറത്തെത്തി. രാജ്യത്ത് ആദ്യമായി റിവേഴ്സ് ഇൻക്ലൈൻഡ് എൻജിനുമായെത്തുന്ന ബൈക്കാവും ‘ടി വി എസ് അപ്പാച്ചെ 310 ആർ ആർ’ എന്നതടക്കമുള്ള സുപ്രധാന വിവരങ്ങളാണു കമ്പനി ജീവനക്കാരന്റെ ഫെയ്സ്ബുക്ക് പേജ് വഴി പുറം ലോകമറിയുന്നത്.

tvs-akula-1 TVS Akula 310 Concept

എൻജിന്റെ ഈ പുതുമയുടെ പിൻബലത്തിൽ രാജ്യത്തെ ഏതു മോട്ടോർ സൈക്കിളിനെ അപേക്ഷിച്ചും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ഈ ‘അപ്പാച്ചെ’യ്ക്കാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻജിനു മുകളിലാണ് എയർഫിൽറ്ററിന്റെ സ്ഥാനമെന്നതാണ് ‘310 ആർ ആറി’ലെ വ്യത്യാസം; സാധാരണ ബൈക്കുകളിൽ എയർ ഫിൽറ്ററിന്റെ സ്ഥാനം സീറ്റിന് അടിയിലാണ്. അതുകൊണ്ടുതന്നെ അന്തരീക്ഷ വായു എൻജിനിലെത്തുക ക്ലേശകരമാണ്; ഇതിനു കൂടുതൽ സമയവുമെടുക്കും. 

എന്നാൽ ഫിൽറ്റർ മുകളിൽ ഘടിപ്പിക്കുന്നതോടെ വായു അതിവേഗം എൻജിനിൽ പ്രവേശിക്കുമെന്നതാണ് ‘അപ്പാച്ചെ 310 ആർ ആറി’ൽ നടപ്പാവുന്ന മാറ്റം. ഇതോടെ എൻജിന്റെ പ്രകടനക്ഷമതയുമേറുമെന്നു ടി വി എസ് അവകാശപ്പെടുന്നു. കൂടാതെ എൻജിൻ അതിവേഗം തണുപ്പിക്കാമെന്നതും റിവേഴ്സ് ഇൻക്ലൈൻഡ് രീതിയുടെ സവിശേഷതയാണ്; അതുകൊണ്ടുതന്നെ ഗതാഗതത്തിരക്കിൽ കുടുങ്ങിയാലും എൻജിൻ ചൂടാവില്ലെന്ന നേട്ടമുണ്ട്. 

ബുധനാഴ്ച അരങ്ങേറ്റം കുറിക്കുന്ന ‘ടി വി എസ് അപ്പാച്ചെ 310 ആർ ആറി’ലെ മറ്റു സവിശേഷതകൾ: 

∙ സ്ഥിരം രീതിയായ ഫോർവേഡ് ഇൻക്ലൈൻഡ് എൻജിനു പകരം റിവേഴ്സ് ഇൻക്ലൈൻഡ് എൻജിൻ.

∙ ട്രെല്ലിസ് ഫ്രെയിം(ഭാരം കുറവെങ്കിലും ദൃഢം)

∙ ഓയിൽ വാട്ടർ ഹീറ്റ് എക്സ്ചേഞ്ചർ സഹിതം ലിക്വിഡ് കൂൾഡ് എൻജിൻ

∙ നിശ്ചലാവസ്ഥയിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ 2.63 സെക്കൻഡ്

∙ മുന്നിലും പിന്നിലും കായബ ഷോക് അബ്സോബർ

∙  ലാപ് ടൈമർ, ടോപ് സ്പീഡ് ടൈമർ, തത്സമയ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത, ഫ്യുവൽ റേഞ്ച്, താപനില, ഗീയർഷിഫ്റ്റ് ഇൻഡിക്കേറ്റർ, സൈഡ് സ്റ്റാൻഡ് അലാം(ബൈക്ക് സ്റ്റാർട്ട് ചെയ്യാം; പക്ഷേ മുന്നോട്ടു നീങ്ങില്ല) തുടങ്ങിയവ സഹിതമുള്ള ഇൻസ്ട്രമെന്റ് ക്ലസ്റ്റർ.

∙ ഹസാഡ് ലാംപ്

∙ 72 പോയിന്റോടെ കൃത്യതയേറിയ ഫ്യുവൽ ഇൻഡിക്കേറ്റർ

∙ പരമാവധി വേഗം മണിക്കൂറിൽ 165 കിലോമീറ്റർ

∙ ഇരട്ട എൽ ഇ ഡി പ്രൊജക്ടർ ലാംപ്; ലോ ബീമിലും ലൈറ്റുകൾ കത്തിനിൽക്കും.

∙ രണ്ടു നിറങ്ങൾ: ചുവപ്പും നീല അഥവാ കറുപ്പും.

∙ പരമാവധി കരുത്ത് 34.2 ബി എച്ച് പി; ഇന്ധനക്ഷമത ലീറ്ററിന് 25 — 30 കിലോമീറ്റർ

∙ മിഷ്ലിൻ റേഡിയൽ ടയറുകൾ

∙ 180 എം എം ഗ്രൗണ്ട് ക്ലിയറൻസ്

∙ ഇരട്ട ഓവർഹെഡ് കാംഷാഫ്റ്റ്(ഡി ഒ എച്ച് സി).

∙ ഫ്യുവൽ ഇഞ്ചക്റ്റഡ്

∙ ഇരട്ട ചാനൽ, ടോട്ടർ കൺട്രോൾ എ ബി എസ്.

ടി വി എസ് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ ബൈക്കെന്ന പെരുമയോടെയാണ് ‘അപ്പാച്ചെ ആർ ആർ 310’ എത്തുന്നത്. ബൈക്കിലെ സിംഗിൾ സിലിണ്ടർ 313 സി സി, ലിക്വിഡ് കൂൾഡ് എൻജിനു പമരാവധി 34 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കാനാവും; 28 എൻ എം ആണ് എൻജിൻ സൃഷ്ടിക്കുന്ന പരമാവധി ടോർക്ക്. ആറു സ്പീഡ് ട്രാൻസ്മിഷനാണു ബൈക്കിലുള്ളത്. പ്രകടനക്ഷമതയേറിയ ബൈക്കുകളുടെ വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘അപ്പാച്ചെ ആർ ആർ 310’ ഇന്ത്യയിൽ കെ ടി എം ‘ആർ സി 390’, കാവസാക്കി ‘നിൻജ 300’, ‘ബെനെല്ലി 302 ആർ’ തുടങ്ങിയവയോടാണു മത്സരിക്കുക. ചുവപ്പ്, നീല നിറങ്ങളിൽ ഒറ്റ വകഭേദത്തിൽ മാത്രമാവും ‘അപ്പാച്ചെ ആർ ആർ 310’ വിൽപ്പനയ്ക്കുണ്ടാവുക.