Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഹിമാലയൻ എഫ് ഐ’ യു എസിലും വിൽപ്പനയ്ക്ക്

himalayan-testride-9 Royal Enfield Himalayan

വിപണിയിലെ ഏറ്റവും വില കുറഞ്ഞ അഡ്വഞ്ചർ ബൈക്കെന്ന ആകർഷണത്തോടെ റോയൽ എൻഫീൽഡിന്റെ ‘ഹിമാലയൻ എഫ് ഐ’ യു എസിലും വിൽപ്പനയ്ക്കെത്തി. ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനമില്ലാതെയാണ് ‘ഹിമാലയൻ’ യു എസിലെത്തിയിരിക്കുന്നത്. 2016 ജനുവരിയിൽ ഇന്ത്യയിൽ അരങ്ങേറിയ ബൈക്കിനു യു എസിലെത്തുമ്പോൾ 4,499 ഡോളർ(ഏകദേശം 2.90 ലക്ഷം രൂപ) ആണു വില. ഇതോടെ യു എസ് വിപണിയിലെ ഏറ്റവും വില കുറഞ്ഞ എൻട്രി ലവൽ അഡ്വഞ്ചർ മോട്ടോർ സൈക്കിളുമായിട്ടുണ്ട് ‘ഹിമാലയൻ എഫ് ഐ’. 5,399 ഡോളർ(3.5 ലക്ഷം രൂപ) വിലയുള്ള ‘വെഴ്സിസ് — എക്സ് 300’, 5,349 ഡോളറി(3.45 ലക്ഷം രൂപ)നു ലഭിക്കുന്ന കാവസാക്കി ‘കെ എൽ എക്സ് 250’, 5,899 ഡോളർ(3.8 ലക്ഷം രൂപ) വിലയുള്ള ഹോണ്ട ‘സി ആർ എഫ് 250 എൽ റാലി’ തുടങ്ങിയവയാണു ‘ഹിമാലയ’ന്റെ എതിരാളികൾ.

ദൂരമോ വ്യത്യസ്ത ഭൂപ്രകൃതിയോ പരിഗണിക്കാതെ മോട്ടോർ സൈക്കിളിൽ ലോകം ചുറ്റാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ‘ഹിമാലയൻ’ എത്തുന്നതെന്നാണു റോയൽ എൻഫീൽഡിന്റെ പ്രഖ്യാപനം. ഏതു തരം സാഹചര്യങ്ങളോടും പടവെട്ടി മുന്നേറാൻ പ്രാപ്തിയുള്ള യഥാർഥ അഡ്വഞ്ചർ മോട്ടോർ സൈക്കിളാണു ‘ഹിമാലയൻ’ എന്നും കമ്പനി അവകാശപ്പെടുന്നു. 

ഹാരിസ് പെർഫോമൻസ് പാർട്സ് രൂപകൽപ്പന ചെയ്ത ഷാസി അടിത്തറയാവുന്ന ‘ഹിമാലയനി’ൽ  റോയൽ എൻഫീൽഡ് ശ്രേണിയിൽ ഇതാദ്യമായി മോണോ ഷോക് സസ്പെൻഷനും ഇടംപിടിക്കുന്നുണ്ട്. ഓഫ് റോഡിങ്ങിനു യോജിച്ച ടയറുകളോടെ മുന്നിൽ 21 ഇഞ്ച് വീലും പിന്നിൽ 19 ഇഞ്ച് വീലുമാണു ബൈക്കിനുള്ളത്. സഞ്ചാരദൈർഘ്യമേറിയ മുൻ സസ്പെൻഷൻ, സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഓൾട്ടിമീറ്റർ, കോംപസ് എന്നിവ സഹിതമുള്ളഅനലോഗ്/ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനൽ തുടങ്ങിയവയും ബൈക്കിലുണ്ട്.  

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല്(ബി എസ് നാല്) നിലവാരത്തിനായി ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്ഷൻ(ഇ എഫ് ഐ) സംവിധാനമാണു ‘ഹിമാലയനി’ലുള്ളത്. ബൈക്കിലെ 411 സി സി എൻജിന് 6500 ആർ പി എമ്മിൽ 24 ബി എച്ച് പി വരെ കരുത്തും 4250 ആർ പി എമ്മിൽ 32 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.