Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫറുകളുടെ പെരുമഴക്കാലവുമായി ഡിസംബർ

car-offers Car Offers

കൊച്ചി∙ പുതുവർഷപ്പിറവിയിൽ യാത്ര പുതിയ കാറിലായിരിക്കണമെന്നാഗ്രഹിക്കുന്നവർക്ക് ഇതു നല്ല സമയം; വമ്പൻ ഓഫറുകളുടെ മഞ്ഞു പെയ്യുന്നു. കാർവിപണിയിൽ പൊതുവെ മാന്ദ്യമുള്ള ഡിസംബറിൽ അതു മറികടക്കാൻ മിക്കവാറും എല്ലാ കമ്പനികളും വിലക്കുറവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

2017ൽ നിർമിച്ച സ്റ്റോക്ക് കഴിയുന്നത്ര വിറ്റഴിക്കാനുള്ള ഈ ശ്രമം മാരുതി ഓൾ‍ട്ടോ മുതൽ ഔഡി എ6 വരെയുള്ള കാറുകളുടെ വിലയിൽ പ്രതിഫലിക്കുന്നു. വിലയിളവ്, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഇൻഷുറൻസ്, കുറഞ്ഞ പലിശനിരക്കിൽ വായ്പ എന്നിങ്ങനെ പല ഇനത്തിലാണ് ആനുകൂല്യങ്ങൾ. ഈയിടെ പുതുതായി വിപണിയിലെത്തിയ മോഡലുകൾക്ക് ഓഫറുകളൊന്നുമില്ലെന്നതു ശ്രദ്ധേയമാണ്. 

മാരുതി സുസുകിയുടെ ഓൾട്ടോയ്ക്കു‌ം വാഗൺ ആറിനും സ്വിഫ്റ്റ് ഡീസലിനും സെലറിയോയ്ക്കും 60100 രൂപ വരെ ഓഫറുണ്ട്. ഓൾട്ടോ കെ10, എർട്ടിഗ ഡീസൽ എന്നിവയ്ക്കാണ് ഏറ്റവും ഉയർന്ന ഓഫർ– 65100 രൂപ. 

ഹ്യുണ്ടായ് 20000 രൂപ മുതൽ 50000 രൂപ വരെ വിലക്കിഴിവും 10000 രൂപ മുതൽ 70000 രൂപ വരെ എക്സ്ചേഞ്ച് ബോണസും നൽകുന്നു. പ്രത്യേക വിഭാഗങ്ങൾക്ക് പ്രത്യേക ഓഫറും നൽകുന്നതിനാൽ മൊത്തം ഓഫർ 55000 രൂപ, 65000 രൂപ എന്നിങ്ങനെയുണ്ട് ജനപ്രിയ മോഡലുകൾക്ക്.  

നിസ്സാൻ– ഡാറ്റ്സൺ മോഡലുകൾക്കെല്ലാം ഇൻഷുറൻസ് സൗജന്യം. പുറമെ, മൈക്രയ്ക്ക് 25000 രൂപ വരെയും സണ്ണിക്ക് 40000 രൂപ  വരെയും ടെറാനോയ്ക്ക് 40000 രൂപ വരെയും ഓഫറുകളുമുണ്ട്. ഡാറ്റ്സൺ റെഡി ഗോ, ഗോ എന്നിവയ്ക്ക് 20000 രൂപ വരെയാണ് ഓഫർ. 

ഫോഡ് ഫിഗോയ്ക്ക് 35000 രൂപ വരെയും ആസ്പയറിന് 42000 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. പഴയ മോഡൽ ഇക്കോസ്പോർട്ടിന് 61000 രൂപയാണ് ഓഫർ. എൻഡവറിന് 7.99% പലിശനിരക്കിൽ വായ്പ ലഭ്യമാക്കുന്നു. 

സ്കോഡ റാപ്പിഡിനും സൂപ്പെർബിനും 6.99% നിരക്കിൽ വായ്പ ഓഫർ ചെയ്യുന്നു. റാപ്പിഡിന് ഇൻഷുറൻസ് സൗജന്യവുമുണ്ട്. 

ഹോണ്ട സിആർ വിയ്ക്ക് ഒന്നര ലക്ഷം രൂപ വരെയും ബിആർ വിയ്ക്ക് ഒരു ലക്ഷം രൂപ വരെയും അമേസിന് 73000 രൂപ വരെയും ജാസിന് 57000 രൂപ വരെയും ബ്രിയോയ്ക്ക് 21200 രൂപ വരെയും ഓഫറുണ്ട്. സിറ്റിക്ക് ഇൻഷുറൻസ് ഒരു രൂപയ്ക്കു കിട്ടുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ആഡംബര കാർ നിർമാതാവായ  ഔഡിയുടെ ഓഫറുകൾ 3.41 ലക്ഷം രൂപ മുതൽ 8.85 ലക്ഷം രൂപ വരെയാണ്. ക്യു3 എസ്‌യുവിക്ക് 3.41 ലക്ഷം രൂപയും എ3 സെഡാന് അഞ്ചു ലക്ഷം രൂപയും എ4ന് ആറു ലക്ഷം രൂപയും എ6 ന് 8.85 ലക്ഷം രൂപയും കുറയുമെന്നു കമ്പനി പറയുന്നു. പരിമിത സ്റ്റോക്കിനു മാത്രമാണ് ആനുകൂല്യങ്ങൾ. 

ടാറ്റ മോട്ടോഴ്സ് 13000 രൂപ (ടിയാഗോ ഡീസൽ) മുതൽ 92000 രൂപ (ഹെക്സ) വരെ ഓഫറുകൾ നൽകുന്നുണ്ട്. നാനോയ്ക്ക് 28500 രൂപ, സെസ്റ്റിന് 88000 രൂപ എന്നിങ്ങനെ ആനുകൂല്യമുണ്ട്.