Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഥനോൾ ഇന്ധനം, ലഭിക്കുമോ പെട്രോള്‍ 22 രൂപയ്ക്ക് ?

fuel-pump

ഇന്ധനവിലയും മലിനീകരണവും കുറയ്ക്കാനായി മെഥനോൾ ചേർത്ത പെട്രോൾ വിപണിയിലെത്തിക്കാനുള്ള നയരൂപീകരണം ഉടനെയെന്നു കേന്ദ്രം. പെട്രോളിൽ 15% മെഥനോൾ ചേർക്കുന്നതിന് അനുമതി നൽകുന്ന പുതിയ ഇന്ധന നയം അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കൽക്കരിയിൽ നിന്നു നിർമിക്കുന്ന മെഥനോൾ ലീറ്ററിന് 22 രൂപയേ വിലയുള്ളൂ. പെട്രോളിന് 80 രൂപ വിലവരുമ്പോഴാണിത്.

മെഥനോള്‍ ഇന്ധനം

പൂർണ്ണമായും മെഥനോളിൽ ഓടുന്ന എൻജിനുകളില്ലെങ്കിലും വാഹന എൻജിനുകൾ പരിഷ്കരിച്ചാൽ മിശ്രിതത്തിൽ 85% വരെ മെഥനോൾ ചേർക്കാനാവും. അമേരിക്ക, ചൈന, ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ മെഥനോൾ ഇന്ധനം ഉപയോഗിക്കുന്നുണ്ട്. പെട്രോളിനെ അപേക്ഷിച്ച് അന്തരീക്ഷമലീനകരണം കുറവാണ് എന്നത് മെഥനോളിന്റെ പ്രത്യേകതയാണ്. .‘മരത്തിന്റെ മദ്യ’മെന്നു പേരുള്ള മെഥനോൾ കാര്യക്ഷമമായി ഉൽപാദിപ്പിച്ചാൽ പെട്രോളിയം ഇറക്കുമതി ഉപേക്ഷിക്കാനാവുമെന്ന വാദമാണു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മുന്നോട്ടുവയ്ക്കുന്നത്. പരമ്പാരാഗത രീതികൾ കൂടാതെ കാർഷികമാലിന്യത്തിൽനിന്നും ഉത്പാദിപ്പിക്കാനാവും എന്നത്  മെഥനോളിന്റെ പ്രത്യേകതയാണ്.  കൂടാതെ മെഥനോളിന് വാഹനത്തിന് പെട്രോളിനെക്കാർ അധികം കരുത്തും നൽകാനുമാകും.  പെട്രോളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധനക്ഷമത അൽപം കുറവായിരിക്കും മെഥനോളിന്.  

പെട്രോളിനെക്കാൾ വളരെ കുറഞ്ഞ വേഗതയിൽ മാത്രമേ മെഥനോളിന് തീപിടിക്കൂ. അതുകൊണ്ട് യുഎസ്എസി ഇൻഡി കാർ റേസിങ്, കാർട്ട് റേസിങ്, മോൺസ്റ്റർ ട്രക് റേസിങ് തുടങ്ങിയ കാർ റേസിങ് ചാമ്പ്യൻഷിപ്പുകളിൽ മെഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. മെഥനോൾ വാഹനങ്ങളുടെ ഇന്ധനമായി ഉപയോഗിക്കുന്നതിൽ ചൈനയാണ് മുന്നിൽ നിൽക്കുന്നത്. ചൈനയിൽ ഏകദേശം 70 ശതമാനവും മെഥനോൾ കലർന്ന ഇന്ധനമാണ് ഉപയോഗിക്കുന്നത്. ചൈനയിൽ ലീറ്ററിന് 17 രൂപ നിരക്കിലാണ് മെഥനോൾ ഇന്ധനം വിൽക്കുന്നത്. ഇന്ത്യയിൽ ഏകദേശം 22 രൂപയ്ക്ക് വിൽക്കാവുമെന്നാണ് നിതിൻ ഗഡ്കരി പറയുന്നത്. 

ആദ്യ ഘടകമെന്ന നിലയിൽ മെഥനോൾ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 25 വോൾവോ ബസുകൾ മുംബൈയിൽ കൊണ്ടുവരാനായി ശ്രമിക്കുന്നുണ്ട്. 70,000 കോടി രൂപയിലേറെ ചെലവഴിച്ച് പെട്രോൾ റിഫൈനറികൾ സ്ഥാപിക്കുന്നതിനേക്കാൾ ലാഭകരമായതിനാൽ മെഥനോൾ ഉപയോഗം വ്യാപകമായി  പ്രോത്സാഹിപ്പിക്കണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഥനോൾ ഉൽപാദനത്തിൽ 1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയുണ്ടെന്നും ഗഡ്കരി സൂചിപ്പിച്ചു. മെഥനോൾ ഉൽപാദനം കാര്യക്ഷമമാക്കിയാൽ പെട്രോളിയം ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.