Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനവിൽപ്പന 10 ഇരട്ടിയാക്കാൻ ഹീറോ ഇലക്ട്രിക്

hero-electric

അടുത്ത അഞ്ചു വർഷത്തിനിടെ വിൽപ്പന 10 ഇരട്ടിയായി വർധിപ്പിക്കാൻ വൈദ്യുത വാഹന നിർമാതാക്കളായ ഹീറോ ഇലക്ട്രിക് തയാറെടുക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാനും കയറ്റുമതി ഉയർത്താനുമായി കൂടുതൽ നിർമാണശാലകൾ സ്ഥാപിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.  ഇക്കൊല്ലം കാൽ ലക്ഷം വൈദ്യുത ഇരുചക്രവാഹനങ്ങൾ വിൽക്കാനാവുമെന്നാണു ഹീറോ ഇലക്ട്രിക്കിന്റെ പ്രതീക്ഷ. ലുധിയാനയിൽ കമ്പനിക്കുള്ള ഉൽപ്പാദനശാലയുടെ വാർഷിക ശേഷി അര ലക്ഷത്തോളം യൂണിറ്റാണ്.

ഏറ്റവും യാഥാസ്ഥിതികമായ രീതിയിൽ കണക്കാക്കിയാൽ പോലും അടുത്ത അഞ്ചു വർഷത്തിനകം കമ്പനിയുടെ വിൽപ്പന 10 ഇരട്ടിയോളമായി ഉയരുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജാൾ അറിയിച്ചു. ഈ സാഹചര്യം കണക്കിലെടുത്താണു കൂടുതൽ നിർമാണശാലകൾ സ്ഥാപിക്കാൻ  കമ്പനി തയാറെടുക്കുന്നത്.കഴിഞ്ഞ വർഷം ഹീറോ ഇലക്ട്രിക്കിന്റെ മൊത്തം വിൽപ്പന 15,000 യൂണിറ്റിൽ താഴെയായിരുന്നു. ഇക്കൊല്ലം രാജ്യത്തു വൈദ്യുത ഇരുചക്രവാഹനങ്ങളുടെ മൊത്തം വിൽപ്പന തന്നെ 32,000 — 35,000 യൂണിറ്റാവുമെന്ന് മുഞ്ജാൾ വെളിപ്പെടുത്തി.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് 2010 —11ലാണ് വൈദ്യുത ഇരുചക്രവാഹന വിപണി തകർച്ചയിലേക്കു നീങ്ങിയത്. തുടർന്നുള്ള വർഷങ്ങളിൽ തിരിച്ചുവരവിന്റെ പാത വീണ്ടെടുത്ത വ്യവസായം ഇപ്പോൾ വളർച്ച നിലനിർത്തിയാണു മുന്നേറുന്നതെന്നും മുഞ്ജാൾ വിശദീകരിച്ചു. ഈ അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണു ഹീറോ ഇലക്ട്രിക്കിന്റെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇക്കൊല്ലത്തെ വിൽപ്പന വളർച്ചയുടെ മൂന്നിരട്ടിയെങ്കിലും 2018ൽ കൈവരിക്കാനാവുമെന്നാണു പ്രതീക്ഷ. ഇതു സാധ്യമായാൽ അധികം വൈകാതെ നിലവിലുള്ള ഉൽപ്പാദശാലയുടെ ശേഷി വിനിയോഗവും പൂർണമാവും. ഈ സാഹചര്യത്തിലാണു പുതിയ ശാല സ്ഥാപിക്കാനുള്ള നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം പുതിയ ശാലയ്ക്കുള്ള നിക്ഷേപം സംബന്ധിച്ച വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. 

പുതിയ ശാലയ്ക്കായി വിവിധ കേന്ദ്രങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും പശ്ചിമ, ദക്ഷിണ ഇന്ത്യയോടാണു കമ്പനിക്കു പ്രതിപത്തി. കയറ്റുമതി സാധ്യതകൾ പ്രയോജനപ്പെടുത്താനും പശ്ചിമ ഇന്ത്യയിലോ ദക്ഷിണ ഇന്ത്യയിലോ ശാല സ്ഥാപിക്കുന്നതാണ് അഭികാമ്യമെന്നു മുഞ്ജാൾ അഭിപ്രായപ്പെട്ടു. ലുധിയാനയിലെ ശാലയോടു സമാനമായ ഉൽപ്പാദനശേഷിയുള്ളതാവും പുതിയ ശാലകളുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.