Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹർദീപ് ബ്രാർ നിസ്സാൻ ഇന്ത്യ ഡയറക്ടർ

NISSAN

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ഇന്ത്യൻ ഉപസ്ഥാപനത്തിലെ വിൽപ്പന വിഭാഗം ഡയറക്ടറായി ഹർദീപ് സിങ് ബ്രാർ നിയമിതനായി. നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ഡയറക്ടർ (സെയിൽസ് ആൻഡ് നെറ്റ്വർക്ക്) ആയിട്ടാവും ബ്രാറിന്റെ ചുമതലയേൽക്കുക. നിസ്സാന്റെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെയും രാജ്യത്തെ വിൽപ്പന ഉയർത്തുക എന്നതാവും ബ്രാറിന്റെ പ്രധാന ഉത്തരവാദിത്തം. വാഹന വ്യവസായത്തിലെ മികച്ച അനുഭവസമ്പത്തിന്റെ പിൻബലത്തിൽ നിസ്സാന്റെയും ഡാറ്റ്സന്റെയും ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരണവും അദ്ദേഹത്തിന്റെ ദൗത്യമാണ്. 

ഇന്ത്യൻ വാഹന വ്യവസായത്തിന്റെ പരിവർത്തന പ്രയാണത്തിൽ നിർണായക പങ്ക് വഹിക്കാൻ നിസ്സാൻ പ്രതിജ്ഞാബദ്ധമാണെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജെറോം സൈഗോട്ട് അഭിപ്രായപ്പെട്ടു. ആകർഷക ഉൽപന്നശ്രേണിയുടെയും മികച്ച വിപണന ശൃംഖലയുടെയും വിൽപ്പന, വിൽപ്പനാന്തര സേവനത്തിന്റെയും പിൻബലത്തിൽ സുസ്ഥിര വളർച്ചയാണ് കമ്പനി കൈവരിക്കുന്നത്. വാഹന വ്യവസായത്തിലെ സുദീർഘമായ അനുഭവസമ്പത്തിന്റെ പിൻബലത്തിൽ നിസ്സാന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഹർദീപ് സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

ഇന്ത്യൻ വാഹന വ്യവസായ മേഖലയിൽ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയവുമായാണു ബ്രാർ നിസ്സാനിലെത്തുന്നത്. മാരുതി സുസുക്കി, ഫോക്സ്വാഗൻ, ജനറൽ മോട്ടോഴ്സ് തുടങ്ങിയ കമ്പനികളിൽ വിൽപ്പന, നെറ്റ്വർക്ക്, ഗ്രാമീണ മേഖലയിലെ വിപണനം തുടങ്ങിയ വിഭാഗങ്ങളിലാണു ബ്രാർ മുമ്പു പ്രവർത്തിച്ചിട്ടുള്ളത്. കമ്പനി മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ടിനു കീഴിൽ ഗുരുഗ്രാമിലെ നിസ്സാൻ ഇന്ത്യ മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആസ്ഥാനം കേന്ദ്രീകരിച്ചാവും ബ്രാർ പ്രവർത്തിക്കുക.

രണ്ടു വർഷത്തോളമായി നിസ്സാന്റെ ഡയറക്ടർ (സെയിൽസ്, നെറ്റ്വർക്ക് ആൻഡ് കസ്റ്റമർ റിലേഷൻസ്) സ്ഥാനം വഹിച്ചിരുന്ന സതീന്ദർ സിങ് ബജ്വ നേരത്തെ കമ്പനി വിട്ടിരുന്നു. നിസ്സാന്റെയും ഡാറ്റ്സന്റെയും ഇന്ത്യയിലെ വിൽപ്പനയിൽ സ്ഥിരത കൈവരിക്കുന്നതിൽ നിർണായക സംഭാവനയാണു ബജ്വ നൽകിയത്. 2007 മാർച്ച് മുതൽ 2013 ഏപ്രിൽ വരെ ആറു വർഷത്തോളം മാരുതി സുസുക്കി ഇന്ത്യയിലും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയിലും പ്രവർത്തിച്ച പരിചയവുമായാണു ബജ്വ നിസ്സാനിലെത്തിയത്. നിസ്സാനിൽ മാനേജിങ് ഡയറക്ടറായിരുന്ന അരുൺ മൽഹോത്രയുടെ കീഴിലായിരുന്നു ബജ്വയുടെ പ്രവർത്തനം; അടുത്തയിടെ മൽഹോത്രയും നിസ്സാനിൽ നിന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയിലേക്കു മാറിയിരുന്നു.