Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാരസ്വത് ലേയ്‌ലൻഡ് ബസ് വിഭാഗം മേധാവി

ashok-leyland

വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിന്റെ ആഗോള ബസ് വിൽപ്പന വിഭാഗത്തെ നയിക്കാൻ സഞ്ജയ് സാരസ്വത് എത്തുന്നു. ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡിന്റെ സീനിയർ വൈസ് പ്രസിഡന്റും ഗ്ലോബൽ ബസസ് മേധാവിയുമായാണു സാരസ്വതിന്റെ നിയമനം. നിർമാണ, വിൽപ്പന, വിൽപ്പനാന്തര, നെറ്റ്വർക്ക് ഡവലപ്മെന്റ്,വിപണന വിഭാഗങ്ങളിൽ മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവർത്തന പരിചയവുമായാണ് സാരസ്വത് അശോക് ലേയ്‌ലൻഡിൽ ചേരുന്നത്. 

അശോക് ലേയ്ലൻഡ് ബസ് വിൽപ്പന വിഭാഗത്തെ നയിച്ചിരുന്ന ടി വെങ്കട്ടരാമൻ ഒക്ടോബറിൽ വിരമിച്ച ഒഴിവിലാണ് സാരസ്വതിന്റെ നിയമനം. ഡൽഹി ഐ ഐ ടിയിൽ നിന്ന് 1988 ബാച്ചിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ സാരസ്വത്  കമ്പനി മാനേജിങ് ഡയറക്ടർ വിനോദ് കെ ദാസരിയുടെ കീഴിലാണു പ്രവർത്തിക്കുന്നത്.

വ്യവസായത്തെക്കുറിച്ചും വിപണിയെക്കുറിച്ചും ആഴത്തിലുള്ള അറിവും പ്രവർത്തന പരിചയവുമായാണ് സാരസ്വത് കമ്പനിയുടെ നേതൃനിരയിലെത്തുന്നതെന്ന് വിനോദ് കെ ദാസരി അഭിപ്രായപ്പെട്ടു. വ്യവസായത്തിലെ പ്രവണതകളെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവും ബിസിനസ് രംഗത്തെ പ്രവൃത്തി പരിചയവും കമ്പനിക്കു നേട്ടമാവുമെന്നും ദാസരി പ്രതീക്ഷ പ്രകടിപ്പിച്ചു. 

അശോക് ലേയ്ലൻഡിനൊപ്പം ചേരാനായതിൽ സന്തോഷമുണ്ടെന്നായിരുന്നു സഞ്ജയ് സാരസ്വതിന്റെ പ്രതികരണം. മികച്ച പ്രകടനത്തിലൂടെ തകർപ്പൻ നേട്ടം കൊയ്യാൻ ഈ ബ്രാൻഡിനാവുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

പുണെയിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ പ്രസിഡന്റ്(സെയിൽസ് ഓപ്പറേഷൻസ്) സ്ഥാനത്തു നിന്നാണ് സാരസ്വത് അശോക് ലേയ്ലൻഡിലെത്തുന്നത്. സെയിൽസ് പ്ലാനിങ്, ഫീൽഡ് സർവീസ്, സർവീസ് പ്ലാനിങ്, നെറ്റ്വർക്ക് ഡവലപ്മെന്റ്, ലോജിസ്റ്റിക്സ്, സ്പെഷൽ പ്രോജക്ട്സ് തുടങ്ങിയവയുടെ ചുമതലക്കാരനായിരുന്നു അദ്ദേഹം. 1998ൽ ഗ്രാജ്വേറ്റ് എൻജിനീയർ ട്രെയ്നിയായിട്ടാണു സാരസ്വത് ബജാജ് ഓട്ടോയിൽ ചേർന്നത്.