Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു ലക്ഷം ഇ വി വിൽക്കുമെന്നു ബി എം ഡബ്ല്യു

bmw-logo

ഇക്കൊല്ലത്തെ വൈദ്യുത വാഹന വിൽപ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനാവുമെന്നു ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി  എം ഡബ്ല്യുവിനു പ്രതീക്ഷ. ‘ഐ ത്രീ’, ‘ടു സീരീസ്’ പ്ലഗ് ഇൻ ഹൈബ്രിഡായ ‘ആക്ടീവ്’ ടൂറർ തുടങ്ങിയവയ്ക്ക് പശ്ചിമ യൂറോപ്പിലും യു എസിലുമൊക്കെ ആവശ്യമേറുന്നതാണ് ബി എം ഡബ്ല്യുവിന്റെ പ്രതീക്ഷയ്ക്കു പിൻബലമേകുന്നത്. കഴിഞ്ഞ വർഷം 62,255 വൈദ്യുത വാഹനം വിറ്റ സ്ഥാനത്താണ് ഇക്കുറി ബി എം ഡബ്ല്യു 60% വളർച്ച ആഗ്രഹിക്കുന്നത്.

വൈദ്യുത ഹാച്ച്ബാക്കായ ‘ഐ ത്രീ’ 2013ൽ പുറത്തിറക്കുന്ന വേളയിൽ ഈ രംഗത്തെ മുൻനിരക്കാരായിരുന്നു ബി എം ഡബ്ല്യു. എന്നാൽ ‘ഐ ത്രീ’ പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ പോയ സാഹചര്യത്തിൽ വൈദ്യുത വാഹന വികസനത്തിൽ എന്തു സമീപനം പിന്തുടരണമെന്ന ആശയക്കുഴപ്പത്തിലായി കമ്പനി.

എന്നാൽ വൈദ്യുത വാഹന നിർമാണവും വിൽപ്പനയും ഊർജിതമാക്കാൻ കഴിഞ്ഞ സെപ്റ്റംബറിൽ ബി എം ഡബ്ല്യു തീരുമാനിക്കുകയായിരുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 700 കിലോമീറ്റർ വരെ ഓടാൻ പ്രാപ്തിയുള്ള പന്ത്രണ്ടോളം വൈദ്യുത മോഡലുകൾ 2025 ആകുമ്പോഴേക്ക് വിപണിയിലിറക്കാനാണു ബി എം ഡബ്ല്യുവിന്റെ പദ്ധതി. വൈദ്യുത വാഹന വിഭാഗത്തിലെ പ്രകടനത്തെയാവും ഭാവിയിൽ കമ്പനിയുടെ വിജയത്തിന്റെ അളവുകോലായി പരിഗണിക്കുകയെന്നും ബി എം ഡബ്ല്യു ചീഫ് എക്സിക്യൂട്ടീവ് ഹരാൾഡ് ക്രൂഗർ വ്യക്തമാക്കി. 

വൈദ്യുത കാറുകളിൽ ഉപയോഗിക്കാനുള്ള അടുത്ത തലമുറ സോളിഡ് സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കാൻ ബി എം ഡബ്ല്യുവുമായി സഹകരിക്കുമെന്നു യു എസ് വൈദ്യുത വാഹന നിർമാതാക്കളായ സോളിഡ് പവർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.