Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20–ാം പിറന്നാൾ ആഘോഷിച്ച് ഹോണ്ട ‘സിറ്റി’

new-honda-city-1

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയുടെ ജനപ്രിയ സെഡാനായ ‘സിറ്റി’ ഇന്ത്യയിൽ രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. ഇന്ത്യയിലെ ഹോണ്ട വിൽപ്പനയുടെ അടിത്തറ തന്നെ ഇടത്തരം സെഡാനായ ‘സിറ്റി’ക്കുള്ള ജനപ്രീതിയാണ്. ആഗോളതലത്തിൽ ‘സിറ്റി’ കൈവരിക്കുന്ന വിൽപ്പനയിൽ നാലിലൊന്നോളമാണ് ഇന്ത്യയുടെ സംഭാവന. 1998ൽ നിരത്തിലെത്തിയ ‘സിറ്റി’ക്കും പിന്നാലെ വന്ന പുത്തൻ പതിപ്പുകൾക്കുമൊക്കെ തകർപ്പൻ വരവേൽപ്പാണ് ഇന്ത്യ നൽകിയത്. 

ആദ്യ തലമുറ ‘സിറ്റി’യുമായിട്ടായിരുന്നു ഹോണ്ട ഇന്ത്യയിൽ പ്രവേശിക്കുന്നത്. തുടക്കത്തിൽ 1.3 ലീറ്റർ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെയായിരുന്നു ‘സിറ്റി’യുടെ വരവ്. രണ്ടു വർഷത്തിനകം ‘വി ടെക്’ സാങ്കേതികവിദ്യ കൂടി നടപ്പായതോടെ കാറിന്റെ സ്വീകാര്യത വീണ്ടും ഉയർന്നു. പെട്രോൾ എൻജിൻ വിഭാഗത്തിൽ ഹോണ്ടയ്ക്കുള്ള മികവ് ഇന്ത്യയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തതുതന്നെ ആദ്യ തലമുറ ‘സിറ്റി’യുടെ തകർപ്പൻ പ്രകടനമായിരുന്നു. 

കാർ പ്രേമികൾ ‘ഡോൾഫിൻ സിറ്റി’യെന്നു വിളിക്കുന്ന രണ്ടാം തലമുറ ‘സിറ്റി’യുടെ രംഗപ്രവേശം 2003ലായിരുന്നു. രൂപകൽപ്പനയിലും ഡ്രൈവിങ് ഡൈനമിക്സിലും മുൻഗാമിയുമായി സാമ്യമേതുമില്ലാതെയായിരുന്നു രണ്ടാംതലമുറ ‘സിറ്റി’യുടെ വരവ്. തുടക്കത്തിൽ കാറിന്റെ ഗോളാകൃതി ആരാധകർക്ക് തീർത്തും സ്വീകാര്യമല്ലായിരുന്നു; ഒപ്പം പരമാവധി 77 ബി എച്ച് പി മാത്രം കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിനും നിരാശ സൃഷ്ടിച്ചു. എങ്കിലും പ്രായോഗികതയിൽ മുന്നിലായിരുന്ന ഈ ‘സിറ്റി’യിലൂടെയാണ് ഹോണ്ട ‘സി വി ടി ’ ഗീയർബോക്സ് ഇന്ത്യയിലെത്തിക്കുന്നത്. പക്ഷേ, ഇതുവരെ നിരത്തിലെത്തിയ ‘സിറ്റി’യിൽ ജനപ്രീതിയിൽ എറ്റവും പിന്നിലായെന്ന പേരുദോഷം ഇപ്പോഴും രണ്ടാം തലമുറ മോഡലിനാണ്.

തിരിച്ചടികളെ അതിജീവിക്കാനുള്ള ആർജവത്തോടെയായിരുന്നു 2008ൽ ഹോണ്ട മൂന്നാം തലമുറ ‘സിറ്റി’ പുറത്തിറക്കിയത്. കിടിലൻ രൂപകൽപ്പനയും തകർപ്പൻ പ്രകടനം നടത്താൻ പ്രാപ്തിയുള്ള ‘വി ടെക്’ എൻജിനും സ്ഥലസൗകര്യമുള്ള അകത്തളവുമൊക്കെ ഈ ‘സിറ്റി’യുടെ നേട്ടങ്ങളായി;  ഡീസൽ എൻജിൻ സാധ്യതയുടെ അഭാവം മാത്രം പോരായ്മയും. മികച്ച സുരക്ഷ ഉറപ്പാക്കാൻ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇരട്ട എയർബാഗുമായി നിരത്തിലെത്തിയ ആദ്യ ‘സിറ്റി’യും ഇതുതന്നെ; ഈ വിഭാഗത്തിൽ ആദ്യമായി സൺറൂഫ് ഇടംപിടിച്ചതും മൂന്നാം തലമുറ ‘സിറ്റി’യിലാണ്.

നാലാം തലമുറ ‘സിറ്റി’യുടെ ആഗോള അരങ്ങേറ്റത്തിന് ഹോണ്ട തിരഞ്ഞെടുത്തത് ഇന്ത്യയെയായിരുന്നു. കൂടുതൽ വലിപ്പം, സ്ഥലസൗകര്യം, പുതിയ സൗകര്യങ്ങൾ, സംവിധാനങ്ങൾ എന്നിവയെക്കാമൊപ്പം ഡീസൽ എൻജിൻ കൂടി ലഭ്യമാക്കിയാണ് 2014ൽ ഹോണ്ട നാലാം തലമുറ ‘സിറ്റി’യെ പടയ്ക്കിറക്കിയത്. പെട്രോൾ എൻജിനൊപ്പമാവട്ടെ കാര്യക്ഷമതയേറിയ സി വി ടി ഗീയർബോക്സും ഇടംപിടിച്ചു. എതിരാളികളെ അപേക്ഷിച്ച് വില കൂടുതലാണെന്നതൊന്നും ഈ ‘സിറ്റി’യുടെ വിൽപ്പനയ്ക്കു തടസ്സമായില്ല; മൂന്നു വർഷത്തിനിടെ 2.76 ‘സിറ്റി’യാണു ഹോണ്ട ഇന്ത്യയിൽ വിറ്റത്. 

നാലു തലമുറകളിലൂടെ ഏഴു ലക്ഷത്തിലേറെ യൂണിറ്റിന്റെ വിൽപ്പനയാണ് ‘സിറ്റി’ ഇതുവരെ ഇന്ത്യയിൽ നേടിയത്. കാറിന്റെ അടുത്ത തലമുറ 2020ൽ ഇന്ത്യയിലെത്തുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം; വരുന്ന മൂന്നു വർഷത്തിനിടെ ഹോണ്ട ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആറു മോഡലിൽ ഒന്നാവും പുത്തൻ ‘സിറ്റി’. 

ഹോണ്ടയുടെ ‘സിറ്റി’ ഇന്ത്യയിൽ കൈവരിച്ച വിൽപ്പന ഒറ്റ നോട്ടത്തിൽ:

തലമുറ
വിൽപ്പന
എൻജിൻ സാധ്യത
ആദ്യ തലമുറ (1998 — 2003)
59,378
പെട്രോൾ
രണ്ടാം തലമുറ(2003 — 2008)
1,77,742
പെട്രോൾ
മൂന്നാം തലമുറ(2008 — 2014)
1,92,939
പെട്രോൾ
നാലാം തലമുറ (2014 —  ഇപ്പോഴും)
2,76,095
പെട്രോൾ/ഡീസൽ

ഏഷ്യൻ ബ്രാൻഡായി ഹോണ്ട വികസിപ്പിച്ച ‘സിറ്റി’ ഇപ്പോൾ ആഗോളതലത്തിൽ അറുപതോളം രാജ്യങ്ങളിൽ വിൽപ്പനയ്ക്കുണ്ട്; മൊത്തം 36 ലക്ഷത്തോളം യൂണിറ്റിന്റെ വിൽപ്പനയും ‘സിറ്റി’ സ്വാന്തമാക്കിയിട്ടുണ്ട്.