Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിന് പകരം ബിഎസ്എ, കാത്തിരിക്കാം ഈ എല്‍ ക്ലാസിക്കോയ്ക്കായി

1958 BSA Rocket Gold Star 1958 BSA Rocket Gold Star

ബ്രിട്ടനിൽ നിന്നെത്തിയ രണ്ടു പേര് ഇന്ത്യൻ മണ്ണിൽ പോരാട്ടത്തിനൊരുങ്ങുന്നു. ഏകദേശം സമപ്രായക്കാരായ രണ്ടു കമ്പനികളിലൊന്നിനെ ഇന്ത്യയിലേയ്ക്ക് പറിച്ചു നട്ടതാണെങ്കിൽ മറ്റൊന്ന് ഇന്ത്യൻ കമ്പനിയുടെ കരങ്ങളാൽ പുനർജനിക്കുന്നു. ഒന്ന് നമ്മുടെ സ്വന്തം റോയൽ എൻഫീൽഡാണെങ്കിൽ രണ്ടാമത്തെ കമ്പനി ബർമിങ്ഹാം സ്മോള്‍ ആംസ് കമ്പനി എന്ന ബിഎസ്എ. 

റോയൽ എൻഫീൽഡിന്റെ പ്രധാന ആയുധമായ ക്ലാസിക്ക് ബൈക്കുകൾക്കുള്ള എതിരാളിയുമായാണ് ബിഎസ്എ എത്തുക. മഹീന്ദ്ര ആന്റ് മഹീന്ദ്ര സ്വന്തമാക്കിയ ബിഎസ്എ പുതിയ ബൈക്കിന്റെ പണിപ്പുരയിലാണെന്ന് ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ പുതിയ ബൈക്കിനെ ഇപ്പോൾ പുറത്തിറക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കിയിട്ടില്ല. 

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം) യുടെ  ഉപസ്ഥാപനമായ ക്ലാസിക് ലജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്(സി എല്‍ പി എല്‍) കഴിഞ്ഞ വർഷമായിരുന്നു യു കെയിലെ ബി എസ് എ കമ്പനി ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കിയത്. ഇതോടെ ബി എസ് എ ബ്രാന്‍ഡുകളുടെ ലൈസന്‍സ് ക്ലാസിക് ലജന്‍ഡ്‌സിനു കൈവന്നെന്നും ഈ ശ്രേണിയിലെ മോട്ടോര്‍ സൈക്കിളുകള്‍ ആഗോളതലത്തില്‍ വില്‍ക്കാനും വിപണനം ചെയ്യാനും വിതരണം നടത്താനുമുള്ള അവകാശം സ്വന്തമായെന്നും മഹീന്ദ്ര വിശദീകരിച്ചിരുന്നു. ബിഎസ്എ കൂടാതെ ചെക്ക് കമ്പനിയായ ജാവ നിർമിക്കാനും വിൽക്കാനുമുള്ള അവകാശവും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു.