Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തറപറ്റിക്കേണ്ടതു ബ്രെസ, സ്വിഫ്റ്റ്, ഡിസയർ എന്നിവരെ; സർവ്വ സന്നാഹങ്ങളുമായി പ്യൂഷോ

PEUGEOT2008 PEUGEOT2008

ജാപ്പനീസ് വാഹന നിർമാതാക്കളായ മാരുതി സുസുക്കിയുടെ ജനപ്രിയ സെഗ്‌മെന്റുകൾക്ക് ഭീഷിണി സൃഷ്ടിക്കാൻ ഫ്രഞ്ച് വാഹന നിർമാതാക്കളായ പ്യൂഷോ.  കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ, ഹാച്ച്ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് ‍സെഡാൻ ഡിസയർ എന്നിവയ്ക്കുള്ള എതിരാളികളുമായാണ് പ്യൂഷോ ഇന്ത്യയിൽ അരങ്ങേറ്റം നടത്തുക. എസ്‌സി1 ( സ്മാർട് കാർ 1), എസ്‌സി 2, എസ്‌സി 3 എന്ന പേരിൽ പ്യൂഷോ വികസിപ്പിക്കുന്ന വാഹനങ്ങൾ 2020–ലെ ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. 

പ്രധാനമായും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കും. നേരത്തെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ നിന്ന് അംബാസി‍ഡർ ബ്രാൻഡ് കമ്പനി സ്വന്തമാക്കിയിരുന്നു.. ഇന്ത്യയിലേക്കുള്ള മൂന്നാം വരവിലെങ്കിലും ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് പ്യൂഷോ, സിട്രോൻ, ഡി എസ് ബ്രാൻഡുകളുടെ ഉടമയായ പി എസ് എ ഗ്രൂപ്. ഇതിനായാണു ജനപ്രിയ സെഗ്‌മെന്റിൽ‌ തന്നെ വാഹനങ്ങളിറക്കുന്നത്.  പ്രീമിയം സൗകര്യങ്ങളും കുറഞ്ഞ വിലയുമായിട്ടായിരിക്കും പുതിയ വാഹനങ്ങളുടെ വരവ്. 

പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. ‘പ്യൂഷോ 309’ എന്ന ഒറ്റ മോഡലിലൊതുങ്ങിയ പരീക്ഷണം അവസാനിപ്പിച്ച് 1990 ഒടുവിൽ കമ്പനി ഇന്ത്യൻ വിപണിയോടു വിട പറയുകയായിരുന്നു. രണ്ടാം തവണ 2011ൽ പുതിയ ശാല സ്ഥാപിക്കാനായി ഗുജറാത്തിൽ സ്ഥലം പോലും വാങ്ങിയെങ്കിലും അവസാന ഘട്ടത്തിൽ പി എസ് എ ഗ്രൂപ് പിൻമാറി; യൂറോപ്പിൽ നേരിട്ട സാമ്പത്തിക പ്രശ്നങ്ങളായിരുന്നു കമ്പനിയെ അന്നു പിന്നോട്ടടിച്ചത്.

എന്നാൽ ആഗോളതലത്തിൽ തന്നെ മികച്ച വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറുന്ന ഇന്ത്യയെ അവഗണിക്കാനാവാത്ത സാഹചര്യമാണ് ഈ വിപണിയിൽ തിരിച്ചെത്താൻ പി എസ് എ ഗ്രൂപ്പിനെ നിർബന്ധിതരാക്കുന്നത്. എങ്കിലും  മാരുതി സുസുക്കിയുടെ ‘സ്വിഫ്റ്റ്’ വാഴുന്ന വിഭാഗം ലക്ഷ്യമിട്ട് എസ് യു വിയിൽ നിന്നു പ്രചോദിതമായ ഹാച്ച്ബാക്കാവുമത്രെ പി എസ് എ ഗ്രൂപ്പിൽ നിന്ന് ഇന്ത്യയ്ക്കുള്ള ആദ്യ അവതരണം. പിന്നാലെ കോംപാക്ട് എസ് യു വിയും ഇടത്തരം സെഡാനുമെത്തും. ‘സ്മാർട് കാർ വൺ’, ‘സ്മാർട് കാർ ടു’, ‘സ്മാർട് കാർ ത്രീ’ എന്നീ കോഡ് നാമങ്ങളിലാണ് ഇന്ത്യയ്ക്കുള്ള കാർ വികസനം പുരോഗമിക്കുന്നത്.