Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാറിന് പ്രിയം മൈലേജു കുറഞ്ഞ ആ‍ഡംബര വാഹനങ്ങളോട്

Representative Image Representative Image

ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കമ്പനി അംബാസഡർ കാർ ഉൽപാദനം നിർത്തിയതിൽ ഗൂഢമായി സന്തോഷിക്കുന്നവരിൽ മന്ത്രിമാർ മുതൽ ഉദ്യോഗസ്ഥർ വരെയുണ്ട്. ലാളിത്യത്തിന്റെ ഉദാഹരണമായ ആ വാഹനം പോയതോടെ ഇപ്പോൾ സർക്കാരിന്റെ കണ്ണിൽ ഏറ്റവും വിലകുറഞ്ഞ കാറിന്റെ വില എത്രയെന്നോ, 15 ലക്ഷം രൂപ! സാധാരണക്കാർ മൂന്നു കാർ വാങ്ങുന്ന പണംകൊണ്ടു സർക്കാർ ഒരു കാർ വാങ്ങും. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ബോർഡുകളിലെയും കോർപറേഷനുകളിലെയും ചെയർമാൻമാർക്കും അതിൽ കുറഞ്ഞൊരു കാർ ഇപ്പോൾ വേണ്ട. ഇൗ സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ വിഐപികൾക്കു സഞ്ചരിക്കാൻ വേണ്ടി മാത്രം വിനോദസഞ്ചാര വകുപ്പു വാങ്ങിയത് 32 സെവൻ സീറ്റർ കാറുകളാണ്.

മൈലേജ് കൂടിയ വില കുറഞ്ഞ മറ്റു സെവൻ സീറ്ററുകളുണ്ടെങ്കിലും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പ്രിയം വില കൂടിയ മൈലേജ് കുറഞ്ഞ കാറുകളോട്.

ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനും അംഗങ്ങൾക്കുമായി സർക്കാർ ചെലവിടുന്ന ലക്ഷങ്ങളുടെ കണക്കു കേട്ടു കേരളം അമ്പരന്നു. ഇപ്പോൾ ഇതാ, കമ്മിഷനിലെ മെംബർ സെക്രട്ടറികൂടി സർക്കാരിലേക്ക് എഴുതിയിരിക്കുകയാണ്: എനിക്കും വേണം കാർ. സെക്രട്ടറിക്കു മാത്രം സഞ്ചരിക്കാൻ ഏഴു സീറ്റുള്ള 15 ലക്ഷം രൂപയുടെ കാർ വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവുമിറക്കി. മന്ത്രിമാർ അടക്കമുള്ള വിഐപികളുടെ എസ്കോർട്ട് ഡ്യൂട്ടിക്കായി നാലു വണ്ടികൾ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്. അരക്കോടിയുടെ ഭരണാനുമതിയായിക്കഴിഞ്ഞു.

ഇതിനിടെ, മുതിർന്ന ഉദ്യോഗസ്ഥർക്കായി 12 മുന്തിയ വാഹനങ്ങൾ വാങ്ങാൻ വിജിലൻസും സർക്കാരിനെ സമീപിച്ചു. ഇത് അംഗീകരിച്ചു സർക്കാർ വിജിലൻസിന് 80 ലക്ഷം രൂപ നൽകി. വാങ്ങാൻ നിർദേശിച്ച വണ്ടി വിജിലൻസിലെ ഉന്നതർക്ക് ഇഷ്ടപ്പെട്ടില്ല. അതിനാൽ സർക്കാരിനോടുപോലും ചോദിക്കാതെ വിലകൂടിയ മറ്റൊരു മോഡൽ കാറുകൾ വാങ്ങി. അനുവദിച്ചതിനെക്കാൾ ചെലവ് അധികമായതിനാൽ അധികത്തുക പ്ലാൻ ഫണ്ടിൽനിന്നെടുത്തു. വഴിവിട്ടുള്ള ചെലവാക്കൽ വിവാദമാകുമെന്നായതോടെ വിജിലൻസ് ഉന്നതൻ മന്ത്രിയുടെ കാലുപിടിച്ചത്രേ. അധികം ചെലവിട്ട പണംകൂടി അനുവദിച്ചു പ്രത്യേക ഉത്തരവിറക്കിയാണ് ഉദ്യോഗസ്ഥനെ സർക്കാർ രക്ഷിച്ചെടുത്തത്.

ഒരാൾക്ക് ഏഴു സീറ്റ് !

തിരുവനന്തപുരം നഗരത്തിൽ രാവിലെയും വൈകിട്ടും ഇറങ്ങിയാൽ സർക്കാർ വാഹനങ്ങളെ തട്ടി നടക്കാൻ കഴിയാത്ത കാഴ്ചയാണ്. കാറിനുള്ളിൽ ഏഴു സീറ്റുണ്ടെങ്കിലും അകത്ത് ഒരാൾ മാത്രം ഇരിക്കുന്നതു കാണാം. ഓരോ സർക്കാരും മൽസരിച്ചു രൂപീകരിക്കുന്ന ബോർഡുകൾ, കോർപറേഷനുകൾ, കമ്മിഷനുകൾ, മിഷനുകൾ, അതോറിറ്റികൾ... അവയുടെ അധ്യക്ഷർക്കും അംഗങ്ങൾക്കുമായി ഓരോ വർഷവും വാങ്ങിക്കൂട്ടുന്ന കാറുകളുടെ എണ്ണം എത്രയെന്നു സർക്കാരിന്റെ കയ്യിൽപോലും കണക്കില്ല. കണക്കു തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ: ‘‘ഇൗ കണക്ക് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല. അതതു വകുപ്പുകളോടു ചോദിക്കുക.’’

ബസുകൾ ഓടട്ടെ, കാറുകൾ വരട്ടെ

വാങ്ങുന്നതിൽ മാത്രമല്ല, വാഹനങ്ങൾ ഉപയോഗിക്കുന്നതിലുമുണ്ട് ധൂർത്ത്. തിരുവനന്തപുരത്തുനിന്നു 40 കിലോമീറ്റർ അകലെയുള്ള പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഏതാനും മാസങ്ങൾക്കു മുൻപു ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്: തിരുവനന്തപുരം നഗരത്തിൽനിന്ന് ഇൻസ്റ്റിറ്റ്യൂട്ടിലേക്കു ജീവനക്കാർക്കായി രണ്ടു ബസുകളാണു ദിവസവും 100 കിലോമീറ്ററിലേറെ സർവീസ് നടത്തുന്നത്. പക്ഷേ, രണ്ടു ജീവനക്കാർ മാത്രം ബസിൽ കയറുകയില്ല. അവർക്കുവേണ്ടി രാവിലെയും വൈകിട്ടും നഗരത്തിൽനിന്ന് ഓഫിസ് വക കാർ പാലോട്ടേക്കും തിരികെയും ഓടുന്നു. ഒരു ഉദ്യോഗസ്ഥനാകട്ടെ, ഉപയോഗിക്കുന്നതു വാടകയ്ക്കെടുത്ത കാറും. ആ കാറിന്റെ ഉടമ ആരെന്നുകൂടി കേൾക്കുക: അതേ ഉദ്യോഗസ്ഥന്റെ ഭാര്യതന്നെ. ഭർത്താവ് ഓടുന്നതിന്റെ കാർവാടക ഭാര്യയ്ക്ക്!

എക്സൈസിന്റെ മാതൃക

ഓരോ വകുപ്പും മൽസരിച്ച് വാഹനങ്ങൾ വാങ്ങിക്കൂട്ടുമ്പോൾ എക്സൈസ് വകുപ്പ് കാട്ടിയ ഒരു മാതൃക കണ്ടു പഠിക്കണം. സ്പിരിറ്റു കടത്തിനു പിടിച്ചെടുത്ത മൂന്നു വാഹനങ്ങൾ അവർ സർക്കാരിലേക്കു കണ്ടുകെട്ടി. അവ മൂന്നും അറ്റകുറ്റപ്പണി നടത്തി ഉപയോഗക്ഷമമാക്കി. ഉദ്യോഗസ്ഥരുടെ ആവശ്യത്തിനായി മൂന്നു വാഹനങ്ങളും വിട്ടുകൊടുത്തു. മൂന്നു പുതിയ വാഹനങ്ങൾ വാങ്ങുന്നത് ഒഴിവാക്കി. ഇതുവഴി സർക്കാരിനു ലാഭിക്കാനായത് 45 ലക്ഷത്തോളം രൂപ. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലും കലക്ടറേറ്റുകളിലും എക്സൈസ് ഓഫിസുകളിലും കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് ഇങ്ങനെയൊരു ഭാവികൂടി കണ്ടെത്താനാകുമെന്നത് ഒരു പാഠമാണ്.