Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബൈക്കിലെത്തുന്ന ഷാഡോ പൊലീസിന് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കാൻ അധികാരമില്ല

Representative Image Representative Image

പൊതുജനത്തിന്റെ സുരക്ഷയ്ക്കായാണ് പൊലീസ് വാഹനങ്ങളുടെ പരിശോധന നടത്തുന്നത്. നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കാറുണ്ട്. ചിലപ്പോഴെക്കെ ഈ പരിശോധനകൾ പൊതു‍ജനത്തിന് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. ആർക്കൊക്കെ വാഹനം പരിശോധിക്കാൻ അധികാരമുണ്ട്, വാഹനം പരിശോധിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെ?

നിയമസഭയിലുന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് പൊലീസ് വാഹനം പരിശോധിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. മോട്ടോർ വാഹന നിയമ പ്രകാരം സബ് ഇൻസ്പെക്ടർ റാങ്കും അതിനു മുകളിലുമുള്ള ഉദ്യോഗസ്ഥർക്കാണ് വാഹനങ്ങൾ പരിശോധിക്കാൻ നിയമപരമായി അധികാരമുള്ളത്. മറ്റുള്ളവർക്ക് വാഹനം തടഞ്ഞ് നിർത്താനുള്ള അധികാരമില്ല.

ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന ഷാഡോ പൊലീസുകാർ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കാൻ അധികാരമില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. കൂടാതെ തിരക്കേറിയ ജംങ്ഷനുകളിലും കൊടും വളവുകളിലും കയറ്റിറക്കങ്ങളിലും ഇടുങ്ങിയ റോഡുകളിലും പാലത്തിന്റെ മുകളിലും വാഹന പരിശോധന പരമാവധി ഒഴിവാക്കേണ്ടതാണെന്നും പതിവ് പരിശോധനയിൽ പരമാവധി വിഡിയോ കവറേജ് നടത്തേണ്ടതാണെന്നും കർശന നിർദേശമുണ്ട്.

വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥൻ പരിശോധിക്കുന്ന വാഹനത്തിന്റെ അരികിലെത്തി വാഹന പരിശോധന പൂർത്തിയാക്കേണ്ടതാണ്. വാഹനത്തിലുള്ള യാത്രക്കാരോട് മാന്യമായി പെരുമാറേണ്ടതാണ്. പതിവ് പരിശോധനക്കിടയിൽ ഒരേ സമയം ഒന്നിൽ കൂടുതൽ വാഹനങ്ങളെ തടഞ്ഞു നിർത്തി വാഹന പരിശോധന നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.

ഡിജിപിയുടെ നിർദ്ദേശങ്ങൾ

വാഹനം പരിശോധിക്കുന്ന പൊലീസുകാർ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു അവ എന്തൊക്കെയെന്ന് നോക്കാം. ‌‌സ്ത്രീകളും കുട്ടികളുമായി പോകുന്ന വാഹനങ്ങളെ പരിശോധനയിൽനിന്ന് ഒഴിവാക്കണമെന്നു പൊലീസുകാർക്കു നിർദേശം. നിർത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടർന്നു പിടികൂടരുതെന്നും സോണൽ എഡിജിപിമാർ നിർദേശമുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന വാഹനങ്ങളെ പരിശോധനയ്ക്കിടെ സ്റ്റേഷനിലേക്കു കൊണ്ടുപോകാൻ പാടില്ല. ഗതാഗത നിയമലംഘനമുണ്ടെങ്കിൽ സംഭവസ്ഥലത്തുവച്ചു തന്നെ നോട്ടിസ് നൽകിയശേഷം നടപടിയെടുക്കാം. മദ്യപിച്ചവരെ വൈദ്യപരിശോധനയ്ക്കു ശേഷമേ സ്റ്റേഷനിൽ കൊണ്ടുപോകാവൂ. ഒരു മണിക്കൂറിനുള്ളിൽ ജാമ്യത്തിൽ വിടണം.