Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരവായ് ഏപ്രിലിയ ‘എസ് ആർ 125’

aprilia-sr150 Representative Image

ഇറ്റാലിയൻ നിർമാതാക്കളായ ഏപ്രിലിയയുടെ ‘എസ് ആർ 125’ സ്കൂട്ടർ വൈകാതെ വിൽപ്പനയ്ക്കെത്തും. ഇപ്പോൾ വിപണിയിലുള്ള ‘എസ് ആർ 150’ സ്കൂട്ടറിന്റെ ആക്രമണോത്സുക രൂപകൽപ്പനയും ആവേശകരമായ ഹാൻഡ്ലിങ്ങും നിലനിർത്തുമ്പോഴും താരതമ്യേന കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതാണ് ‘എസ് ആർ 125’ ആകർഷകമാക്കുന്നത്.

രാജ്യത്തെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ‘എസ് ആർ 125’ എത്തിക്കഴിഞ്ഞു; 63,509 രൂപയാണത്രെ സ്കൂട്ടറിന്റെ പ്രാരംഭ വില. 150 സി സി എൻജിനുള്ള ‘എസ് ആർ 150’ 69,146 രൂപയ്ക്കാണ് ഏപ്രിലിയ ഇന്ത്യയിൽ വിൽക്കുന്നത്. കാഴ്ചയിൽ ‘എസ് ആർ 150’ പോലെയാണെങ്കിലും വ്യത്യസ്തതയ്ക്കായി രണ്ടു പുതുനിറങ്ങളിൽ ‘എസ് ആർ 125’ ഏപ്രിലിയ ലഭ്യമാക്കും: സിൽവർ, ബ്ലൂ. 

പുതിയ സ്കൂട്ടറിന്റെ സാങ്കേതിക വിവരങ്ങൾ ഏപ്രിലിയ പുറത്തുവിട്ടിട്ടില്ല; എങ്കിലും ‘വെസ്പ വി എക്സ് എല്ലി’നു കരുത്തേകുന്ന 125 സി സി എൻജിൻ തന്നെയാവും ‘എസ് ആർ 125’ സ്കൂട്ടറിലും ഇടംപിടിക്കുക. 7,500 ആർ പി എമ്മിൽ 10.6 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 10.6 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. 

അതിനിടെ പുതുവർണത്തിലുള്ള ‘എസ് ആർ 150’ സ്കൂട്ടറും ഏപ്രിലിയ വിപണിയിലറക്കുന്നുണ്ട്; മാറ്റ് ഗ്രീൻ നിറത്തിലും ഇനി ഈ സ്കൂട്ടർ വിൽപ്പനയ്ക്കുണ്ടാവും. പുതിയ നിറം എത്തുമെങ്കിലും വിലയിൽ മാറ്റമുണ്ടാവില്ലെന്നാണു പ്രതീക്ഷ.

അടുത്ത മാസം നടക്കുന്ന ഓട്ടോ എക്സ്പോയിൽ ഇതടക്കമുള്ള പുതിയ മോഡലുകളാവും ഏപ്രിലിയ പ്രദർശിപ്പിക്കുക. ഓട്ടോ എക്പോയിലെ ഏറ്റവും വിപുലവും വൈവിധ്യപൂർണവുമായി സാന്നിധ്യമാണ്  പിയാജിയൊ ഗ്രൂപ്പിൽപെട്ട ഏപ്രിലിയ ഇത്തവണ ലക്ഷ്യമിട്ടിരിക്കുന്നത്.