Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വൈദ്യുതവൽക്കരണം തൽക്കാലമില്ല

Green Cars

രാജ്യത്തെ ഗതാഗത രംഗം പൂർണമായും വൈദ്യുതവൽക്കരിക്കാൻ തൽക്കാലം പദ്ധതിയില്ലെന്നു കേന്ദ്ര സർക്കാർ. 2030 ആകുന്നതോടെ എല്ലാ വാഹനങ്ങളും ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തണമെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണു സർക്കാർ ലോക്സഭയിൽ നിലപാട് വ്യക്തമാക്കിയത്. 

രാജ്യത്തെ എല്ലാ വാഹനങ്ങളും 2030 ആകുന്നതോടെ വൈദ്യുതിയിൽ ഓടണമെന്ന തരത്തിലുള്ള നിർദേശമൊന്നും നിലവിൽ ഘനവ്യവസായ വകുപ്പിന്റെ പരിഗണനയിലില്ലെന്നു കേന്ദ്ര ഘന വ്യവസായ സഹമന്ത്രി ബാബുൽ സുപ്രിയൊയാണു ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വിശദീകരിച്ചത്. 2030 മുതൽ വാഹനങ്ങളെല്ലാം വൈദ്യുതവൽക്കരിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇപ്രകാരം മറുപടി നൽകിയത്. 

അതേസമയം ലോകവ്യാപകമായി തന്നെ വിവിധ രാജ്യങ്ങൾ വൈദ്യുത വാഹനങ്ങളിലേക്കു മാറാൻ നടപടി സ്വീകരിച്ചു വരികയാണെന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ നേരത്തെ വിശദീകരിച്ചിരുന്നു. സമാന രീതിയിൽ ഇന്ത്യയിലും കാറുകൾ പൂർണമായി വൈദ്യുതവൽക്കരിക്കാൻ സർക്കാർ കർമ പദ്ധതി തയാറാക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ 2030 ആകുന്നതോടെ കാറുകൾ മാത്രമാവും വൈദ്യുതവൽക്കരിക്കുകയെന്നും ഗോയൽ വ്യക്തമാക്കി. തുടക്കത്തിൽ പുതിയ കാറുകൾ മാത്രമാവും ബാറ്ററിയിൽ ഓടുക; നിലവിലുള്ള കാറുകൾക്ക് പകരം വൈദ്യുത കാറുകൾ നിരത്തിലെത്താൻ കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

വൈദ്യുത കാറുകൾ പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ ചെയ്യാനാവുമെന്നു നീതി ആയോഗുമായി സഹകരിച്ചാവും സർക്കാർ തീരുമാനിക്കുക. വൈദ്യുത വാഹന വ്യാപനത്തിനുള്ള കർമ പദ്ധതി തയാറാക്കാൻ നീതി ആയോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗോയൽ അറിയിച്ചു.