Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജി പി എസ് ട്രാക്കിലാകാൻ ട്രെയിനുകളും

train-image-1

രാജ്യത്തെ ട്രെയിനുകളുടെ എൻജിനുകളിൽ ഗ്ലോബൽ പൊസിഷനിങ് സംവിധാനം(ജി പി എസ്) ഘടിപ്പിക്കുന്നു. ട്രെയിനുകളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൻജിനുകളിൽ ജി പി എസ് സംവിധാനം ഏർപ്പെടുത്തുന്നതെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയിൽ ഈ ഡിസംബറിനകം ഇന്ത്യൻ റയിൽവേയുടെ പക്കലുള്ള 2,700 എൻജിനുകളിൽ ജി പി എസ് ഘടിപ്പിക്കാനാണു സർക്കാർ തീരുമാനം. 

ബഹിരാകാശ ഗവേഷണ സംഘടന(ഐ എസ് ആർ ഒ)യുടെ സഹകരണത്തോടെയാണു റിയൽ ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം(ആർ ടി ഐ എസ്) നടപ്പാക്കുകയെന്നും കേന്ദ്ര റയിൽവേ സഹമന്ത്രി രാജൻ ഗൊഹെയൻ ലോക്സഭയെ രേഖാമൂലം അറിയിച്ചു. ട്രെയിനുകളുടെ നീക്കം നിരീക്ഷിക്കാനായി ജി പി എസ് അല്ലെങ്കിൽ ജി പി എസ് അധിഷ്ഠിത ജിയോ ഓഗ്മെന്റഡ് നാവിഗേഷൻ സിസ്റ്റം(ഗഗൻ) വഴി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണു ലോക്കോമോട്ടീവുകളിൽ ഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ആദ്യ ഘട്ടത്തിൽ 2,700 എൻജിനുകളിലാവും ജി പി എസ് ഘടിപ്പിക്കുക; ഇതിനുള്ള നടപടികൾ ഇക്കൊല്ലം തന്നെ പൂർത്തിയാക്കുമെന്നും ഗൊഹെയ്ൻ അറിയിച്ചു. അവശേഷിക്കുന്ന ലോക്കോമോട്ടീവുകളിലും ക്രമേണ ജി പി എസ് ഏർപ്പെടുത്താനാണു തീരുമാനം.

എൻജിനുകളിൽ ജി പി എസ് ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്കും റയിൽവേ തുടക്കമിട്ടു കഴിഞ്ഞു. ന്യൂഡൽഹി — ഗുവാഹത്തി, ന്യൂഡൽഹി — മുംബൈ റൂട്ടുകളിൽ സർവീസ് നടത്തുന്ന രാജ്ധാനി എക്സ്പ്രസ് ട്രെയിനുകളിലാണു പരീക്ഷണം നടക്കുന്നത്. ഇതിനായി ആറ് എൻജിനുകളിൽ ജി പി എസ് ഉപകരണം ഘടിപ്പിച്ചിരുന്നു.

പരീക്ഷണ വേളയിൽ ട്രെയിനുകളുടെ സർവീസ് സംബന്ധിച്ച വിവരങ്ങൾ 99.3% കൃത്യതയോടെ സമാഹരിക്കാനായെന്ന് മന്ത്രി വെളിപ്പെടുത്തി. ആർ ടി ഐ എസ് സംവിധാനം വ്യാപകമാക്കാൻ ഇത്രയും കൃത്യതയുള്ള വിവരസമാഹരണം പര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.