Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017ൽ 58 ലക്ഷം യൂണിറ്റ് വിൽപ്പനയോടെ എച്ച് എം എസ് ഐ

activa-4g

ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ വാർഷിക വിൽപ്പന ഇതാദ്യമായി അര കോടി പിന്നിട്ടു. കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത്  57,94,893 യൂണിറ്റ് വിൽപ്പനയാണു ഹോണ്ട ഇന്ത്യയിൽ കൈവരിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഇരുചക്രവാഹന കയറ്റുമതിയിലും 29% വളർച്ച നേടാൻ ഹോണ്ടയ്ക്കു കഴിഞ്ഞു; ഇതോടെ ഇരുചക്രവാഹന കയറ്റുമതിയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു മുന്നേറിയിട്ടുണ്ട്. 

വാഹന വ്യവസായം പ്രതിസന്ധി നേരിട്ട വർഷമായിരുന്നു 2017 എന്ന് എച്ച് എം എസ് ഐ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) വൈ എസ് ഗുലേറിയ അഭിപ്രായപ്പെട്ടു. പരമ്പരാഗതമായി മോട്ടോർ സൈക്കിളുകളോട് ആഭിമുഖ്യമുണ്ടായിരുന്ന സംസ്ഥാനങ്ങളിലും സ്കൂട്ടറുകൾക്കും പ്രിയമേറിയതും കഴിഞ്ഞ വർഷത്തെ സവിശേഷതയാണ്. ഉൽപ്പാദശേഷി ഉയർന്നും പുതിയ മൂന്നു മോഡലുകൾ അവതരിപ്പിച്ചതും രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ സാന്നിധ്യം ശക്തമായതുമൊക്കെയാണു 2017ൽ ഇതാദ്യമായി അര കോടിയിലേറെ യൂണിറ്റ് വിൽപ്പന നേടാൻ  ഹോണ്ടയെ സഹായിച്ചതെന്നും അദ്ദേഹം വിലയിരുത്തി. 2017 — 18 സാമ്പത്തിക വർഷം 60 ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന ലക്ഷ്യം കൈവരിക്കാൻ ഹോണ്ടയ്ക്കു സാധിക്കുമെന്ന ആത്മവിശ്വാസവും ഗുലേറിയ പ്രകടിപ്പിച്ചു. 

ഡിസംബറിൽ ആഭ്യന്തര വിൽപ്പനയിൽ 77% വളർച്ചയാണു ഹോണ്ട കൈവരിച്ചത്. നോട്ട് പിൻവലിക്കൽ സൃഷ്ടിച്ച പ്രതിസന്ധി മൂലം 2,05,158 യൂണിറ്റായിരുന്നു 2016 ഡിസംബറിലെ വിൽപ്പന. കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 3,63,226 യൂണിറ്റായാണ് ഉയർന്നത്. മൊത്തം വിൽപ്പനയാവട്ടെ 2016 ഡിസംബറിലെ 2,31,763 യൂണിറ്റിൽ നിന്ന് 68% വളർച്ചയോടെ കഴിഞ്ഞ മാസം 3,90,420 യൂണിറ്റുമായി.

‘ആക്ടീവ’, ‘ഗ്രാസ്യ’, ‘ക്ലിക്’ തുടങ്ങിയവയുടെ പിൻബലത്തിൽ ഡിസംബറിൽ ഹോണ്ടയുടെ സ്കൂട്ടർ വിൽപ്പന 57% വളർച്ചയാണു കൈവരിച്ചത്. 2016 ഡിസംബറിൽ 1,51,758 സ്കൂട്ടർ വിറ്റതു കഴിഞ്ഞ മാസം 2,38,818 എണ്ണമായി ഉയർന്നു. ‘സി ബി ഷൈനി’ന്റെ മികവിൽ മോട്ടോർ സൈക്കിൾ വിൽപ്പനയിൽ 133% വളർച്ച നേടാനും ഹോണ്ടയ്ക്കു കഴിഞ്ഞു. 2016 ഡിസംബറിൽ 53,400 ബൈക്ക് വിറ്റത് കഴിഞ്ഞ മാസം 1,24,408 എണ്ണമായാണ് ഉയർന്നത്.