Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ ആഡംബര കാർ വിപണി വളരുമെന്ന് ലംബോർഗ്നി

lamborghini-logo

ഇന്ത്യയിൽ സൂപ്പർ സ്പോർട്സ് ആഡംബര കാർ വിപണി ഇക്കൊല്ലം മികച്ച വളർച്ച കൈവരിക്കുമെന്നു ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ഇറ്റാലിയൻ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നി. 2017ൽ കാര്യമായ നേട്ടം കൈവരിച്ചില്ലെങ്കിലും ഇക്കൊല്ലം 10 ശതമാനത്തിലേറെ വളർച്ച ഉറപ്പാണെന്നാണ് ഇന്ത്യയിൽ ‘ഹുറാകാൻ’, ‘അവന്റെഡോർ’ മോഡലുകളഅ വിൽക്കുന്ന ലംബോർഗ്നിയുടെ വിലയിരുത്തൽ.

നോട്ട് പിൻവലിക്കലിന്റെ പ്രത്യാഘാതങ്ങൾ തുടർന്നതും ചരക്ക്, സേവന നികുതി(ജി എസ് ടി)യുടെ രംഗപ്രവേശവുമൊക്കെ ചേർന്ന് കഴിഞ്ഞ വർഷം ആഡംബര കാർ വിപണിക്കു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. പ്രതികൂല സാഹചര്യം പരിഗണിച്ചു പലരും കാർ വാങ്ങാനുള്ള തീരുമാനം നീട്ടുകയും ചെയ്തെന്ന് ഓട്ടോമൊബിലി ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിശദീകരിക്കുന്നു. എന്നാൽ കഴിഞ്ഞ മൂന്നു മാസമായി കാറുകൾക്കുള്ള ആവശ്യം ഉയരുന്നുണ്ട്. ഈ പ്രവണത തുടരാനാണു സാധ്യതയെന്നും അഗർവാൾ കരുതുന്നു. 

രാജ്യത്തെ സാമ്പത്തിക വളർച്ച സംബന്ധിച്ച അനിശ്ചിതത്വം അകന്നതും നോട്ട് നിരോധനത്തിനും ജി എസ് ടി നടപ്പാക്കലിനും ശേഷം വിപണി സ്ഥിരത കൈവിച്ചതുമൊക്കെ ആഡംബര കാർ വിൽപ്പന മെച്ചപ്പെടാൻ അനുകൂല ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിപണി മികച്ച വളർച്ച കൈവരിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സൂപ്പർ സ്പോർട്സ് കാർ വിഭാഗത്തിൽ കഴിഞ്ഞ വർഷം 70 യൂണിറ്റോളമായിരുന്നു വിൽപ്പന. 400 പി എസ് കരുത്തു സൃഷ്ടിക്കുന്ന എൻജിനുമൊയെത്തുന്ന ഇരട്ട ഡോർ മോഡലുകളാണ് ഈ വിഭാഗത്തിൽ ഇടംപിടിക്കുന്നത്. ശരാശരി 2.20 കോടി രൂപയോളമാണ് ഇത്തരം കാറുകൾക്ക് വില. ലംബോർഗ്നിക്കു പുറമെ ഫെറാരി, ആസ്റ്റൻ മാർട്ടിൻ, ഔഡി(ആർ എയ്റ്റ്), മെഴ്സീഡിസ്(എ എം ജി ജി ടി — ആർ) തുടങ്ങിയവരാണ് ഈ വിപണിയിൽ മത്സരിക്കുന്നത്. 

ഉയർന്ന നികുതിയും നിരക്കിൽ അടിക്കടിയുണ്ടാവുന്ന വ്യതിയാനവുമൊക്കെയാണ് ഇത്തരം കാറുകളുടെ വിൽപ്പനയ്ക്കു തിരിച്ചടി സൃഷ്ടിക്കുന്നതെന്നാണ് അഗർവാളിന്റെ പക്ഷം. 2011 — 12ൽ ഇത്തരത്തിലുള്ള നൂറോളം കാറുകൾ ഇന്ത്യയിൽ വിറ്റിരുന്നു. രണ്ടോ മൂന്നോ വർഷത്തിനകം ഈ നിലവാരം വീണ്ടെടുക്കാനാവുമെന്ന് അഗർവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.