Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊബർ ഓട്ടോ തിരിച്ചെത്തുന്നു, ബെംഗളൂരുവിലും പുണെയിലും

Uber-mobile.jpg.image.784.410

ഇന്ത്യയിൽ ഓട്ടോ സർവീസ് പുനഃരാരംഭിക്കാൻ യു എസ് ആസ്ഥാനമായ കാബ് ഹെയ്ലിങ് കമ്പനിയായ ഊബർ ഒരുങ്ങുന്നു. മുമ്പ് ബെംഗളൂരു, പുണെ, ന്യൂഡൽഹി, കോയമ്പത്തൂർ, ഇൻഡോർ, ഭുവനേശ്വർ നഗരങ്ങളിൽ ലഭ്യമായിരുന്ന ‘ഊബർ ഓട്ടോ’ സേവനം 2016 മാർച്ചിലാണു കമ്പനി പിൻവലിച്ചത്. ആഭ്യന്തര കമ്പനിയായ ഓലയുമായുള്ള മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഊബർ ഓട്ടോ വിഭാഗത്തിന്റെ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. രണ്ടാം വരവിൽ ബെംഗളൂരു, പുണെ നഗരങ്ങളിൽ ഈ മാസം തന്നെ ഊബർ പ്ലാറ്റ്ഫോം വഴി ഓട്ടോറിക്ഷ ബുക്ക് ചെയ്യാൻ അവസരമൊരുക്കുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

മൊബൈൽ ആപ്ലിക്കേഷൻ വഴി ഓട്ടോറിക്ഷ യാത്രകൾ സാധ്യമാക്കുന്ന ഓലയും 2014ലാണ് ഈ സേവനത്തിനു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണ് ഓലയിൽ ഓട്ടോ ലഭിച്ചിരുന്നത്. നിലവിൽ രാജ്യത്തെ 73 നഗരങ്ങളിലായി 1.20 ലക്ഷത്തോളം ഓട്ടോറിക്ഷകളാണ് ഓല പ്ലാറ്റ്ഫോമിലുള്ളത്.

ഓട്ടോറിക്ഷകൾ ഉൾപ്പെടുന്ന ഗതാഗത സംവിധാനം ഏതുവിധത്തിലാണു വളരുന്നതെന്ന വ്യക്തമായ ധാരണയ്ക്കു വേണ്ടിയാണ് ഓട്ടോ സേവനം താൽക്കാലികമായി നിർത്തിയതെന്നാണ് ഊബറിന്റെ വിശദീകരണം. പല ഇന്ത്യൻ നഗരങ്ങളിലെയും സർവവ്യാപിയായ ഗതാഗത സൗകര്യമാണ് ഓട്ടോറിക്ഷകൾ. ഉപയോക്താക്കൾക്കു കൂടുതൽ ഗതാഗത സാധ്യത ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബെംഗളൂരു, പുണെ നഗരങ്ങളിൽ ഓട്ടോ തിരിച്ചെത്തിക്കുന്നതെന്നും ഊബർ അവകാശപ്പെട്ടു. ബെംഗളൂരുവിലും പുണെയിലും ഊബർ ഓട്ടോ തിരിച്ചെത്തിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും കമ്പനി വക്താവ് അഭിപ്രായപ്പെട്ടു. 

തുടക്കത്തിൽ രണ്ടു നഗരങ്ങളിലാണ് ഓട്ടോറിക്ഷകളുടെ സേവനം ലഭിക്കുന്നതെങ്കിലും ക്രമേണ പദ്ധതി കൂടുതൽ നഗരങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നാണ് ഊബർ നൽകുന്ന സൂചന. കാറുകളിൽ ലഭ്യമാവുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളിലും ഓട്ടോറിക്ഷകളിലും ഊബർ ഉറപ്പാക്കുന്നുണ്ട്. ഒപ്പം യാത്രക്കൂലി പണമായോ പേ ടിഎം വഴിയോ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേനയോ അടയ്ക്കാനുള്ള അവസരവുമുണ്ട്.

സാധുവായ ലൈസൻസും മറ്റു രേഖകളുമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരെ മാത്രമാണ് ഊബർ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തുകയെന്നും കമ്പനി വെളിപ്പെടുത്തി. നിയമപ്രകാരം ആവശ്യമുള്ള വിവിധ രേഖകളുടെ പകർപ്പ് സമർപ്പിക്കുന്നവരിൽ നിന്ന് വിശദമായ പരിശോധന നടത്തിയാണ് കമ്പനി ഓട്ടോറിക്ഷ ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നതെന്നും ഊബർ അവകാശപ്പെട്ടു.