Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊയോട്ട സഖ്യം: സ്വാതന്ത്യ്രം നിലനിർത്തുമെന്നു മസ്ദ

Signing of partnership agreement between Mazda and Toyota Signing of partnership agreement between Mazda and Toyota

വാഹന വികസന, ഉൽപ്പാദന മേഖലകളിൽ നാട്ടുകാരായ ടൊയോട്ട മോട്ടോർ കോർപറേഷനുമായുള്ള സഹകരണം ഊർജിതമാക്കുമ്പോഴും പ്രവർത്തന സ്വാതന്ത്യ്രം കൈവിടില്ലെന്നു ജാപ്പനീസ് നിർമാതാക്കളായ മസ്ദ മോട്ടോർ കോർപറേഷൻ. ടൊയോട്ടയുമായുള്ള താരതമ്യത്തിൽ മസ്ദ തീർത്തും ചെറുതാണെന്നതു പ്രവർത്തന സ്വാതന്ത്യ്രത്തെ ബാധിക്കില്ലെന്നാണു കമ്പനിയുടെ പ്രതീക്ഷ.

യു എസിലെ അലബാമയിൽ ഇരുപങ്കാളികളും ചേർന്ന് 160 കോടി ഡോളർ(ഏകദേശം 10206.16 കോടി രൂപ) ചെലവിൽ പുതിയ നിർമാണശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണു മസ്ദയും ടൊയോട്ടയും പ്രഖ്യാപിച്ചത്. കൂടാതെ വൈദ്യുത കാർ വികസനം, ഓട്ടമേറ്റഡ് ഡ്രൈവിങ് സംവിധാനം, കണക്റ്റഡ് വാഹനം തുടങ്ങിയ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാനും ടൊയോട്ടയും മസ്ദയും നേരത്തെ തീരുമാനിച്ചിരുന്നു.

ടൊയോട്ടയുമായി സാങ്കേതികരംഗത്തെ പങ്കാളിത്തത്തിനപ്പുറം സ്വതന്ത്ര കമ്പനിയായി നിലനിൽക്കാനാണു മസ്ദ ആഗ്രഹിക്കുന്നതെന്നു കമ്പനിയുടെ നോർത്ത് അമേരിക്കൻ ഓപ്പറേഷൻസ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മസഹിരൊ മോരോ അറിയിച്ചു. 

സ്വന്തം നിലയിൽ കാറുകളും എസ് യു വികളും നിർമിക്കാനാണു മസ്ദ ലക്ഷ്യമിടുന്നത്; അതേസമയം തന്നെ ഡ്രൈവിങ് മെച്ചപ്പെടുത്താനുള്ള മാർഗങ്ങളും കമ്പനി തേടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈദ്യുത വാഹന മേഖലയിലെ പ്രവർത്തനം ഊർജിതമാക്കാനാണു  ടൊയോട്ട മോട്ടോർ കോർപറേഷൻ പങ്കാളിയായ മസ്ദ മോട്ടോർ കോർപറേഷന്റെ സഹകരണം തേടിയത്. ബാറ്ററിയിൽ ഓടുന്ന കാറുകളുടെ മേഖലയിൽ എതിരാളികൾ കൈവരിച്ച മുന്നേറ്റത്തെ പ്രതിരോധിക്കാൻ പുതിയ സംയുക്ത സംരംഭം സ്ഥാപിക്കാനും ടൊയോട്ട സന്നദ്ധരായിരുന്നു.

മിനി വെഹിക്കിൾ, പാസഞ്ചർ കാർ, എസ് യു വി, ലഘു ട്രക്ക് തുടങ്ങിയ മേഖലകളിൽ വൈദ്യുത വാഹനം നിർമിക്കാൻ ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ‘ഇ വി കോമൺ ആർക്കിടെക്ചർ സ്പിരിറ്റ് കമ്പനി ലിമിറ്റഡ്’ എന്നു പേരിട്ട പുതിയ കമ്പനിയുടെ ദൗത്യം. ഈ സംരംഭത്തിന്റെ 90% ഓഹരിയും ടൊയോട്ടയുടെ പക്കലാണ്; മസ്ദയ്ക്കും ടൊയോട്ടയുടെ ഏറ്റവും വലിയ സപ്ലയർമാരായ ഡെൻകൊ കോർപറേഷനും പുതിയ കമ്പനിയിൽ അഞ്ചു ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. 

മസ്ദയുമായി പങ്കാളിത്തത്തിനു 2017 ഓഗസ്റ്റിലാണു ജപ്പാനിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ടൊയോട്ട തീരുമാനിച്ചത്; മസ്ദയുടെ അഞ്ചു ശതമാനം ഓഹരി വാങ്ങിയായിരുന്നു ടൊയോട്ടയുടെ തുടക്കം. തുടർന്ന് ന്യായവിലയ്ക്ക് വിൽക്കാവുന്ന വൈദ്യുത വാഹന വികസനത്തിനായി ഇരുകമ്പനികളും സഹകരിക്കുമെന്ന പ്രഖ്യാപനവുമെത്തി.