Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സുഖോയി’ക്ക് എം ആർ എഫിന്റെ നോസ് വീൽ

Sukhoi 30 plane

വ്യോമസേനയുടെ മുൻനിര പോർവിമാനമായ ‘സുഖോയി’ക്ക് നോസ് വീൽ നിർമിച്ചു നൽകാൻ പ്രമുഖ ടയർ നിർമാതാക്കളായ എം ആർ എഫ് രംഗത്ത്. വ്യോമസേനയുടെ ശേഖരത്തിലെ അത്യാധുനിക പോർവിമാനമായ ‘സു 30 എം കെ ഐ’യ്ക്കുള്ള പ്രധാന വീലുകൾ എം ആർ എഫ് ഇപ്പോൾ തന്നെ നിർമിച്ചു നൽകുന്നുണ്ട്. ഇതിന്റെ തുടർച്ചയെന്ന നിലയിലാണു വിമാനത്തിന്റെ മുൻഭാഗത്തെ നോസ് വീൽ ടയറുകളും ആഭ്യന്തരമായി വികസിപ്പിക്കാനുള്ള വെല്ലുവിളി എം ആർ എഫ് ഏറ്റെടുത്തത്. പുതിയ ടയർ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വിജയിച്ചതോടെ സേനയുടെ പക്കലുള്ള ‘സുഖോയ്’ വിമാനങ്ങൾ ആവശ്യമായ നോസ് വീൽ ടയറുകൾ നിർമിച്ചു നൽകാനുള്ള ഒരുക്കത്തിലാണ് എം ആർ എഫ്. 

 ചെന്നൈയിൽ നടന്ന ഡിഫൻസ് ഇൻഡസ്ട്രി ഡവലപ്മെന്റ് മീറ്റിൽ എം ആർ എഫ് ചെയർമാൻ കെ എം മാമ്മനാണ് ‘സുഖോയ്’ വിമാനങ്ങൾക്കായി ആഭ്യന്തരമായി വികസിപ്പിച്ച ‘എം ആർ എഫ് ഏറോമസിൽ ടയർ’ സേനയ്ക്കു കൈമാറിയത്. കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെയും തമിഴ്നാട് മുഖ്യമന്ത്രി ഇ കെ പളനിസ്വാമിയുടെയും സാന്നിധ്യത്തിലായിരുന്നു യുദ്ധവിമാനത്തിനുള്ള ടയർ കൈമാറ്റം.

‘സുഖോയ്’ വിമാനത്തിനു നോസ് വീൽ ടയർ ലഭ്യമാക്കാനുള്ള കരാർ ലഭിച്ചതായും ഇവ നിർമിച്ചു നൽകാനുള്ള നടപടികൾ ആരംഭിച്ചതായും എം ആർ എഫ് ലിമിറ്റഡ് വ്യക്തമാക്കി. ‘സുഖോയി’ക്കായി ‘ഏറോമസിൽ’ ശ്രേണിയിൽപെട്ട രണ്ടായിരത്തോളം മെയിൻ വീൽ ടയറുകൾ എം ആർ എഫ് ഇതിനോടകം നിർമിച്ചു നൽകിയിട്ടുണ്ട്. തുടക്കത്തിൽ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾക്കുള്ള ടയറുകളാണ് എം ആർ എഫ് നിർമിച്ചിരുന്നത്. ഈ പരീക്ഷണം വിജയിച്ച സാഹചര്യത്തിലാണ് ‘സുഖോയ്’ വിമാനങ്ങൾക്കുള്ള ‘ഏറോമസിൽ’ ടയർ നിർമിച്ചു നൽകാൻ എം ആർ എഫ് നടപടി തുടങ്ങിയത്.

ഗുണനിലവാരവും പ്രകടക്ഷമതയും സംബന്ധിച്ച വിവിധ മാനദണ്ഡങ്ങൾ പാലിച്ച് 2008 മുതലാണ് എം ആർ എഫ് വ്യോമസേനയുടെ ‘ചേതക്’ ഹെലികോപ്റ്ററുകൾക്കുള്ള ടയറുകൾ ലഭ്യമാക്കി തുടങ്ങിയത്. ഇതുവരെ ഹെലികോപ്റ്ററുകൾക്കായി രണ്ടായിരത്തോളം ടയറുകളാണു കമ്പനി സേനയ്ക്കു കൈമാറിയത്. പിന്നാലെ പോർവിമാനങ്ങളുടെ മെയിൽ വീൽ വികസിപ്പിക്കാനും എം ആർ എഫ് ശ്രമം തുടങ്ങി. യുദ്ധവിമാനങ്ങൾക്കായി ‘ഏറോമസിൽ’ ശ്രേണി യാഥാർഥ്യമാക്കിയതോടെ ആഗോളതലത്തിൽതന്നെ പ്രതിരോധ മേഖലയ്ക്കു ടയർ നൽകുന്ന അപൂർവം കമ്പനികൾക്കൊപ്പമായി എം ആർ എഫിന്റെ സ്ഥാനം.

വ്യോമസേനയ്ക്കായി ടയർ നിർമിച്ചു നൽകുന്നതിനെ അഭിമാനകരമായ നേട്ടമായാണു കമ്പനി കാണുന്നതെന്ന് കെ എം മാമ്മൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. യുദ്ധവിമാനങ്ങൾക്കായി നിശ്ചയിച്ച മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന ടയറുകൾ നിർമിച്ചു നൽകാനുള്ള വെല്ലുവിളി കമ്പനി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  യുദ്ധ, യാത്രാ വിഭാഗ ഭേദമില്ലാതെ വിമാനങ്ങളിൽ ആഭ്യന്തരമായി നിർമിച്ച ടയറുകൾ ഉപയോഗിക്കാനുള്ള സാധ്യത വ്യോമസേന തേടുന്നുണ്ട്; ‘ഐ എൽ 76’, ‘മിഗ് 29’ തുടങ്ങിയവയ്ക്കൊക്കെ പ്രാദേശികമായി നിർമിച്ച ടയറുകൾ കണ്ടെത്താനാണു ശ്രമം. ക്രമേണ സേനയുടെ പക്കലുള്ള മറ്റു വിമാനങ്ങൾക്കും ഇന്ത്യൻ നിർമിത ടയറുകൾ കണ്ടെത്താനും പദ്ധതിയുണ്ട്.