Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽ സി വി കയറ്റുമതിയിൽ കുതിപ്പിന് അശോക് ലേയ്‌ലൻഡ്

ashok-leyland

ലഘുവാണിജ്യ വാഹന(എൽ സി വി) കയറ്റുമതി വർധിപ്പിക്കാൻ ഹിന്ദൂജ ഗ്രൂപ്പിൽപെട്ട അശോക് ലേയ്‌ലൻഡ് ഒരുങ്ങുന്നു. അടുത്ത മൂന്നു വർഷത്തിനകം മൊത്തം വിൽപ്പനയുടെ നാലിലൊന്നും വിദേശ വിപണികളിൽ നിന്നു നേടാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇപ്പോൾ അശോക് ലേയ്‌ലൻഡിന്റെ വിൽപ്പനയിൽ അഞ്ചു ശതമാനം മാത്രമാണു കയറ്റുമതിയുടെ വിഹിതം.എൽ സി വികൾക്കായി പുതിയ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ 400 കോടിയോളം രൂപ മുതൽമുടക്കാനും കമ്പനി ഒരുങ്ങുന്നുണ്ടെന്ന് അശോക് ലേയ്ലൻഡ് പ്രസിഡന്റ്(എൽ സി വി) നിതിൻ സേഥി അറിയിച്ചു. പുതിയ പ്ലാറ്റ്ഫോം സജ്ജമാവുന്നതോടെ ഓരോ ആറു മാസത്തിനിടയിലും പുതിയ മോഡലുകൾ അവതരിപ്പിക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഇന്ത്യയ്ക്കു പുറത്ത് ഗൾഫ് മേഖലയിലും റഷ്യയിലും ഉക്രെയ്നിലും പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിലുമൊക്കെയാണ് എൽ സി വികൾക്ക് അശോക് ലേയ്ലൻഡ് പുതിയ വിപണി പ്രതീക്ഷിക്കുന്നത്. ഈ ജൂണിൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള മോഡലുകൾ അവതരിപ്പിച്ചാവും കമ്പനി പുതിയ വിദേശ വിപണികളിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുക. 

ഇപ്പോൾ റൈറ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള എൽ സി വികൾ മാത്രമാണ് കമ്പനിയുടെ മോഡൽ ശ്രേണിയിലുള്ളത്. ഇത്തരം വാഹനങ്ങൾക്ക് ‘സാർക്’ രാജ്യങ്ങളിൽ മാത്രമാണ് വിപണന സാധ്യത. ലോക രാജ്യങ്ങളിൽ 80 ശതമാനവും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടാണു പിന്തുടരുന്നത്. ഈ പശ്ചാത്തലത്തിലാണ് അശോക് ലേയ്ലൻഡും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ട് സ്വീകരിക്കാൻ ഒരുങ്ങുന്നത്.  ഇന്ത്യൻ എൽ സി വി വിപണിയിൽ 15% വിഹിതമാണ് അശോക് ലേയ്ലൻഡ് അവകാശപ്പെടുന്നത്. വൈകാതെ വിപണിയുടെ 20 — 30% വിഹിതം സ്വന്തമാക്കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നുണ്ട്.