Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്കിന് പ്രതിഫലമൊന്നും ഉറപ്പില്ലെന്നു ടെസ്‌ല

Elon-Musk

കമ്പനിയുടെ പ്രകടനത്തെയും വിജയ പരാജയങ്ങളെയുമൊക്കെ ആശ്രയിച്ചാവും മേധാവിയായ എലോൺ മസ്കിന്റെ പ്രതിഫലമെന്നു യു എസിലെ പ്രമുഖ വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല. ചീഫ് എക്സിക്യൂട്ടീവായ എലോൺ മസ്കിന് എന്തെങ്കിലും പ്രതിഫലം ഉറപ്പാണെന്ന പ്രതീക്ഷ വേണ്ടെന്നും കമ്പനി വ്യക്തമാക്കി. ടെസ്‌ലയ്ക്കും ഓഹരി ഉടമകൾക്കുമെല്ലാം മികച്ച നേട്ടം സമ്മാനിക്കുന്ന സാഹചര്യത്തിൽ മാത്രമാവും മസ്കിനും പ്രതിഫലം ലഭിക്കുകയെന്നാണു കമ്പനിയുടെ നിലപാട്. 

പ്രകടനം അടിസ്ഥാനമാക്കിയാവും മസ്കിന്റെ പ്രതിഫലം നിർണയിക്കുകയെന്നും ടെസ്‌ല വ്യക്തമാക്കുന്നു. പ്രകടനം നിർണയിക്കുന്നതിൽ കമ്പനിയുടെ ഓഹരി വില അടിസ്ഥാനമാക്കിയുള്ള വിപണി മൂല്യവും പരിഗണിക്കപ്പെടും. ഒപ്പം വാഹന വിൽപ്പനയിലും ലാഭക്ഷമതയിലുമൊക്കെ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മക്സിന്റെ നേട്ടങ്ങളും നിർണാകമാവും. ഇത്തരത്തിൽ വിവിധ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള സൂത്രവാക്യ പ്രകാരമാവുമത്രെ മസ്കിന്റെ പ്രതിഫല നിർണയം. ഏറ്റവുമൊടുവിൽ ടെസ്‌ല ഇൻകോർപറേറ്റഡ് അവതരിപ്പിച്ച വൈദ്യുത ട്രക്കുകൾക്കു വിപണി മികച്ച വരവേൽപ്പ് നൽകിയിരുന്നു. ഡോയിച് പോസ്റ്റ് എ ജിയുടെ ഭാഗമായ ഡി എച്ച് എല്ലിനു പുറമെ കാനഡയിലെ വൻകിട ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ ഫോർട്ടിഗൊ ഫ്രൈറ്റ് സർവീസസ് ഇൻകോർപറേറ്റഡും ടെസ്‌ലയുടെ സെമി ട്രക്കിൽ താൽപര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിരുന്നു. 

റീട്ടെയ്ൽ വ്യാപാര മേഖലയിലെ വമ്പന്മാരായ വാൾമാർട് സ്റ്റോഴ്സ് ഇൻകോർപറേറ്റഡും ഫ്ളീറ്റ് ഓപ്പറേറ്റർമാരായ ജെ ബി ഹണ്ടും ടെസ്ല കഴിഞ്ഞ നവംബർ 16ന് അനാവരണം ചെയ്ത ‘സെമി ട്രക്ക്’ വാങ്ങാൻ തീരുമാനിച്ചിരുന്നു. ‘സെമി’ 2019ൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തിക്കാനാണു ടെസ്‌ല ലക്ഷ്യമിടുന്നത്. വൈദ്യുത കാറുകൾക്കു പുറമെ സൗരോർജ മേൽക്കൂരകളും ഊർജ സംഭരണ സംവിധാനങ്ങളുമൊക്കെയായി സമ്പദ്വ്യവസ്ഥയെ പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നകറ്റാനുള്ള ടെസ്‌ലയുടെ പദ്ധതിയിലെ പുതുതന്ത്രമായാണു ‘സെമി’ വാഴ്ത്തപ്പെടുന്നത്. അതേസമയം ‘സെമി’ ട്രക്കിനു ലഭിച്ച ഓർഡറിന്റെ വിശദാംശങ്ങൾ ടെസ്‌ല വെളിപ്പെടുത്തിയിരുന്നില്ല.