Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുത വാഹന ചാർജിങ്: 15 കേന്ദ്രം തുറക്കാൻ റിലയൻസ്

electric-car

മൂന്നു മാസത്തിനകം മുംബൈയിലും പ്രാന്ത പ്രദേശങ്ങളുമായി വൈദ്യുത വാഹന ചാർജിങ്ങിനുള്ള 15 സ്റ്റേഷൻ സ്ഥാപിക്കുമെന്നു റിലയൻസ് എനർജി. മുംബൈ നഗരത്തിലും പരിസരങ്ങളിലും വൈദ്യുത വിതരണ ലൈസൻസുള്ള കമ്പനിയാണു റിലയൻസ് എനർജി. മുംബൈയിലെ വൈദ്യുത ബിസിനസ് അടുത്തയിടെ റിലയൻസ് എനർജി 18,800 കോടിയോളം രൂപയ്ക്ക് അദാനി ട്രാൻസ്മിഷനു വിറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണു കമ്പനിക്കു വിതരണ ലൈസൻസുള്ള പ്രദേശത്ത് ആദ്യഘട്ടമെന്ന നിലയിൽ 15 ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കുമെന്നു റിലയൻസ് എനർജി പ്രഖ്യാപിച്ചത്. മൂന്നു വർഷത്തിനകം വൈദ്യുത വിതരണ മേഖലയിൽ പൂർണമായി ചാർജിങ് കേന്ദ്രങ്ങൾ തുറക്കാനാണു റിലയൻസ് ലക്ഷ്യമിടുന്നത്. 

പരിസ്ഥിതി സൗഹൃദമാണെന്നതിനു പുറമെ പ്രവർത്തന ചെലവ് കുറവാണെന്നതും വൈദ്യുത വാഹനങ്ങളുടെ നേട്ടമാണെന്ന് റിലയൻസ് എനർജി വിശദീകരിക്കുന്നു. പെട്രോളിലും ഡീസലിലും ഓടുന്ന പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് ആറിലൊന്നു മാത്രമാണ് വൈദ്യുത വാഹനങ്ങളുടെ പ്രവർത്തന ചെലവ്. മുംബൈയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്മാർട് സ്ലോ, ഫാസ്റ്റ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണു പദ്ധതിയെന്നും കമ്പനി വ്യക്തമാക്കി. 

കൂടാതെ പാർക്കിങ് പ്ലാസകളിലെയും ഓഫിസുകളിലെയും മാളുകളിലെയുമൊക്കെ പൊതുസ്ഥലങ്ങളിൽ ഇരുചക്ര, നാലുചക്ര വൈദ്യുത വാഹനങ്ങൾക്കു ചാർജിങ് സൗകര്യം ഒരുക്കാനും റിലയലൻസ് എനർജി ആലോചിക്കുന്നുണ്ട്. മറ്റുള്ളവരുമായുള്ള പങ്കാളിത്തത്തിൽ ഇത്തരം സംവിധാനം ഏർപ്പെടുത്താനുള്ള സാധ്യതയാണു കമ്പനി പരിശോധിക്കുന്നത്.

വാണിജ്യ തലസ്ഥാനമായ മുംബൈയിൽ വൈദ്യുത വാഹന ചാർജിങ്ങിനായി കൂടുതൽ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നു ടാറ്റ പവറും നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ വിക്രോളിയിലാണു കമ്പനി ആദ്യ ചാർജിങ് കേന്ദ്രം തുറന്നത്. തുടർന്നു ലോവർ പരേലിലെ മാളിലും കുർളയിലെ മാർക്കറ്റ് സിറ്റിയിലും പുതിയ വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും ടാറ്റ പവറിനു പദ്ധതിയുണ്ട്. 

രാജ്യത്ത് 2030 ആകുന്നതോടെ സ്വകാര്യ മേഖല ഉപയോഗിക്കുന്നതു പൂർണമായും വൈദ്യുത വാഹനങ്ങളാവണമെന്നാണു കേന്ദ്ര സർക്കാരിന്റെ മോഹം. അപ്പോഴേക്ക് വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളുടെ വിപുല ശൃംഖല യാഥാർഥ്യമാക്കാനാണു ടാറ്റ പവറിന്റെയും റിലയൻസ് എനർജിയുടെയുമൊക്കെ പദ്ധതി. ചാർജിങ് കേന്ദ്രങ്ങളുടെ വ്യാപനം വൈദ്യുത വാഹനങ്ങളുടെ പ്രചാരം വർധിക്കാൻ വഴി തെളിക്കുമെന്നും ഈ കമ്പനികൾ കരുതുന്നു.