Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നാനോ’യുടെ രൂപം മാറും, അല്ലെങ്കിൽ കളം ഒഴിയും

tata-nano

ലോകത്തിലെ തന്നെ ഏറ്റവും വില കുറഞ്ഞ കാറായ ‘നാനോ’ ഇപ്പോഴത്തെ രൂപത്തിൽ അടുത്ത വർഷത്തിനപ്പുറം തുടർന്നേക്കില്ലെന്നു ടാറ്റ മോട്ടോഴ്സ്. പുതിയ നിക്ഷേപം നടത്തി നിലനിർത്താനായില്ലെങ്കിൽ ‘നാനോ’ കളമൊഴിയുമെന്നാണു കമ്പനി മാനേജിങ് ഡയറക്ടർ ഗ്വന്റെർ ബട്ഷെക് നൽകുന്ന സൂചന. രാജ്യത്തു പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാവുന്ന സാഹചര്യത്തിൽ ‘നാനോ’യിൽ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

‘നാനോ’ പിൻവലിക്കുകയെന്നതാണ് കമ്പനിയുടെ മുന്നിലെ സാധ്യതകളിലൊന്നെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്നെ ‘നാനോ’യുടെ ഭാവി സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും ബട്ഷെക് വെളിപ്പെടുത്തി. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൈവരിക്കണമെങ്കിൽ ‘നാനോ’യിൽ ഗണ്യമായ നിക്ഷേപം അനിവാര്യമാണ്. കൂടുതൽ പണം മുടക്കി ‘നാനോ’ നിലനിർത്തണമോ അതോ മോഡൽ പിൻവലിക്കണോ എന്നതു സംബന്ധിച്ചാണു തീരുമാനമാവാത്തതെന്നും അദ്ദേഹം അറിയിച്ചു.

പുതിയ കാറുകളും സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളുമൊക്കെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണു ടാറ്റ മോട്ടോഴ്സ്. അതോടൊപ്പം തന്നെ നിലവിലുള്ള മോഡൽ ശ്രേണിയെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും കമ്പനി നടത്തുന്നുണ്ട്. രാജ്യത്തു വിൽക്കുന്ന കാറുകൾക്ക് സമീപഭാവിയിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.

പുതിയ സുരക്ഷാ നിലവാരം ചില മോഡലുകളുടെ നിലനിൽപ്പ് സംബന്ധിച്ചു ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും ബട്ഷെക് സ്ഥിരീകരിച്ചു.
വൻകോലാഹലത്തോടെയായിരുന്നു 2009ൽ ടാറ്റ മോട്ടോഴ്സ് ചെറുകാറായ ‘നാനോ’ വിപണിയിലിറക്കിയത്. ടാറ്റ ഗ്രൂപ് മേധാവിയായിരുന്ന രത്തൻ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന ‘നാനോ’യ്ക്കു പക്ഷേ ജനഹൃദയങ്ങൾ കീഴടക്കാനായില്ല. പലതവണ നവീകരിക്കുകയും പരിഷ്കരിക്കുകയുമൊക്കെ ചെയ്തിട്ടും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാൻ ‘നാനോ’യ്ക്കു കഴിഞ്ഞതുമില്ല. ഇതോടെയാണു കാറിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായത്.