Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുള്ളറ്റിനൊരു ശക്തനായ എതിരാളി, അങ്ങ് ഇറ്റലിയിൽ നിന്ന്

benelli-imperiale-400-1 Benelli Imperiale 400

റോയൽ എൻഫീൽഡിന് അതേ നാണയത്തിൽ തിരിച്ചടി നൽകുവാൻ ഒരു സൂപ്പർ ക്ലാസിക് ബൈക്കുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ബെനലി എത്തുന്നു. കഴിഞ്ഞവർഷം ഇറ്റലിയിലെ മിലാനിൽ നിടന്ന മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇംപീരിയൽ 400 എന്ന ബൈക്കാണ് കമ്പനി ഇന്ത്യയിൽ എത്തിക്കുന്നത്. ഇന്ത്യ വിപണിയിൽ ക്ലാസിക് 350 നോട് ഏറ്റുമുട്ടുന്ന ബൈക്ക് ഈ വർഷത്തിന്റെ പകുതിയിലെത്തിയേക്കും.

റോയൽ എൻഫീൽഡിന്റെ തലവര മാറ്റിയ ബൈക്കാണ് ക്ലാസിക്. സ്റ്റൈലും കരുത്തും ഒരുപോലെ ഒത്തിണങ്ങിയ ക്ലാസിക് ഇരുചക്ര വിപണിയിൽ ചരിത്രം സൃഷ്ടിച്ചു. യുവാക്കളെ ആകർഷിക്കുന്ന രൂപവുമായി 2009 മുതൽ വിപണിയിലുള്ള ഈ സുന്ദരൻ ഇന്ത്യയിൽ ഏറ്റവും അധികം വിൽക്കപ്പെടുന്ന ബൈക്കുകളിലൊന്നാണ്. ഇതേ രൂപ ഗുണത്തിലുള്ള ബൈക്കുകളൊന്നും വിപണിയിലില്ലെന്നത് തന്നെയാണ് ക്ലാസികിന്റെ വിജയത്തിന്റെ രഹസ്യവും.

benelli-imperiale-400-2 Benelli Imperiale 400

200 കിലോഗ്രാമാണ് ഇംപീരിയലിന്റെ കെർബ് ഭാരം. പോക്കറ്റിനിണങ്ങുന്ന ഒരു ക്ളാസിക് ബൈക്ക് നോക്കുന്ന ആരാധകർക്ക് ആഘോഷമായി മാറുമെന്ന പ്രതീക്ഷയോടെയാണ്  ഇംപീരിയലുമായി ബെനെലി എത്തുന്നത്. റോയൽഎൻഫീൽഡിന്റെ വിജയഘടകമായി തഡ്..തഡ്..ശബ്ദത്തിന് പകരം വയ്ക്കാൻ എക്സ്ഹോസ്റ്റ് സംവിധാനത്തിൽ എന്ത് മാറ്റമാണ് ബെനെലി വരുത്തുന്നതെന്ന് കാത്തിരിക്കുകയാണ് വാഹനലോകം. 2 ലക്ഷത്തിൽ താഴെ വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിൽപ്പനയിൽ വർധനവുണ്ടാവുകയാണെങ്കിൽ തദ്ദേശീയമായി നിർമ്മിച്ച് കുറഞ്ഞവിലയിൽ വാഹനം നിരത്തുകളിലേക്ക് എത്തിയേക്കും.

Benelli Imperiale 400 Benelli Imperiale 400

373.5 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ഇംപീരിയലിൽ ഉപയോഗിക്കുന്നത്. 5500 ആർപിഎമ്മിൽ 19 ബിഎച്ച്പി കരുത്തും 3500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ക്ലാസിക്ക് ലുക്ക് വേണ്ടുവോളമുള്ള ബൈക്കാണ് ഇംപീരിയൽ 400. വട്ടത്തിലുള്ള ഹെഡ്‍‌‌ലാമ്പ്, ട്വിൻ പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഉരുണ്ട ഫ്യുവൽ ടാങ്ക് തുടങ്ങി ക്ലാസിക് 350 സാമ്യം തോന്നുന്ന ഘടകങ്ങൾ ധാരാളമുണ്ട് ബൈക്കിന്. കൂടാതെ സുരക്ഷ ഉറപ്പാക്കാന്‍ ഡ്യുവല്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും നല്‍കിയിട്ടുണ്ട്.