Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോണ്ട ഇന്ത്യയെ നയിക്കാൻ ഗാകു നകനിഷി

honda-cars-logo

ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ കമ്പനിയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ മേധാവിയായി ഗാകു നകനിഷി നിയമതിനായി. ഹോണ്ട കാഴ്സ് ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി ഏപ്രിൽ ഒന്നിനാണു നകനിഷി ചുമതലയേൽക്കുക. നിലവിലുള്ള പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ യോയ്ചിരൊ ഊനൊ മാതൃസ്ഥാപനമായ ഹോണ്ട മോട്ടോർ കമ്പനിയുടെ ബിസിനസ് ഡവലപ്മെന്റ് സൂപ്പർവൈസറി യൂണിറ്റിലെ ന്യൂ ബിസിനസ് സ്ട്രാറ്റജി ഡിവിഷനിലേക്കു മടങ്ങും. ഭാവി സഞ്ചാര മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളും പുത്തൻ ബിസിനസ് തന്ത്രങ്ങളുടെ രൂപീകരണവുമൊക്കെയാവും ഊനൊയുടെ ഭാവി ദൗത്യം.

ഹോണ്ട ഓട്ടമൊബീൽ (തായ്ലൻഡ്) കമ്പനി ലിമിറ്റഡിന്റെ പ്രസിഡന്റ് — ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനത്തു നിന്നാണു നകനിഷി ഇന്ത്യയിലെത്തുന്നത്. മൂന്നു പതിറ്റാണ്ടായി ഹോണ്ടയ്ക്കൊപ്പമുള്ള നകനിഷി 2015ലാണു തായ്ലൻഡ് യൂണിറ്റിന്റെ നേതൃത്വം ഏറ്റെടുത്തത്. നോർത്ത് അമേരിക്ക, മെക്സിക്കോ, ജപ്പാൻ വിപണികൾക്കൊപ്പം സി ഐ എസ്, മഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ മേഖലകൾക്കുള്ള ഓവർസീസ് ഡിവിഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

അതേസമയംഇന്ത്യയിൽ ഹോണ്ടയുടെ പ്രീമിയം ബ്രാൻഡ് പ്രതിച്ഛായ വീണ്ടെടുത്തു നൽകാനായതാണ് ഊനൊയുടെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. പ്രീമിയം വിഭാഗത്തിൽ ‘ബി ആർ — വി’, ‘അക്കോഡ് ഹൈബ്രിഡ്’, പുത്തൻ ‘സിറ്റി’, ‘ഡബ്ല്യു ആർ — വി’ തുടങ്ങിയവയുടെ ഇന്ത്യൻ അവതരണം നടന്നതും ഊനൊയുടെ നേതൃത്വത്തിലായിരുന്നു. ഇതോടൊപ്പം പുത്തൻ ‘അമെയ്സ്’, പുതിയ ‘സി ആർ — വി’ തുടങ്ങിയവയുടെ അവതരണത്തിനും സെഡാനായ ‘സിവിക്കി’ന്റെ മടക്കത്തിനുമുള്ള അണിയറ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിച്ചതും ഊനൊയാണ്.

ഇന്ത്യൻ കാർ വിപണിയിൽ ഡീസലിനെ അപേക്ഷിച്ചു പെട്രോൾ മോഡലുകൾക്കു പ്രിയമേറിയതും മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതു മൂലവും ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാക്കിയതിനെ തുടർന്നുള്ളതുമായ പ്രതിസന്ധികളുമൊക്കെയായിരുന്നു ഊനൊ ഇന്ത്യയിൽ അഭിമുഖീകരിച്ച വെല്ലുവിളികൾ. പ്രതികൂല സാഹചര്യങ്ങളിലും ഡീലർഷിപ്പുകളെ കാര്യക്ഷമമാക്കാനും വിൽപ്പനയിൽ സ്ഥിരത കൈവരിക്കാനും ഊനൊയ്ക്കു സാധിച്ചെന്നാണു ഹോണ്ടയുടെ വിലയിരുത്തൽ.