Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം ബൈക്ക് വിപണി പിടിക്കാൻ കാവസാക്കി

kawasaki-w800 Kawasaki W800

ഇന്ത്യയിലെ പ്രീമിയം മോട്ടോർ സൈക്കിൾ വിഭാഗത്തിൽ സാന്നിധ്യം ശക്തമാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഇന്ത്യ കാവസാക്കി മോട്ടോഴ്സിനു പദ്ധതി. 2017 ഏപ്രിലിൽ ഇന്ത്യൻ വിതരണക്കാരായ ബജാജ് ഓട്ടോയുമായുള്ള ബന്ധം കാവസാക്കി അവസാനിപ്പിച്ചിരുന്നു. 

മുന്തിയ ബൈക്കുകളുടെ ഇന്ത്യയിലെ വിൽപ്പന ഗണ്യമായി ഉയരുമെന്നാണു കാവസാക്കി മോട്ടോഴ്സിന്റെ പ്രതീക്ഷ. മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചതും ചരക്ക്, സേവന നികുതി(ജി എസ് ടി) നടപ്പാക്കിയതുമൊക്കെ വിൽപ്പനയ്ക്ക് തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ജനങ്ങളുടെ വരുമാനം ഉയരുകയാണെന്ന് ഇന്ത്യ കാവസാക്കി മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ തുതാക യമാഷിത അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈ വിപണിയിൽ പ്രീമിയം ബൈക്കുകൾക്കുള്ള പ്രിയമേറുമെന്നാണു കമ്പനിയുടെ പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രതിവർഷം 30% വിൽപ്പന വളർച്ച കൈവരിച്ചു മുന്നേറാൻ പ്രീമിയം മോട്ടോർ സൈക്കിൾ വിപണിക്കു സാധിക്കുമെന്നാണു കാവസാക്കിയുടെ കണക്കുകൂട്ടൽ.

പുണെയിലെ സ്വന്തം ശാലയിൽ 300 സി സി മുതൽ 1400 സി സി വരെ എൻജിൻ ശേഷിയുള്ള മോഡലുകളാണ് നിലവിൽ ഇന്ത്യ കാവസാക്കി മോട്ടോഴ്സ് നിർമിക്കുന്നത്. ഈ അസംബ്ലിങ് കേന്ദ്രത്തിനു പുറമെ ഇന്ത്യയിൽ ഡവലപ്മെന്റ് സെന്ററുകളും കാവസാക്കി മോട്ടോഴ്സ് സ്ഥാപിച്ചിട്ടുണ്ട്. ബജാജ് ഓട്ടോയുമായി വഴി പിരിഞ്ഞ 2017 ഏപ്രിലിനു ശേഷം ഇതുവരെ 1,500 ബൈക്കുകളാണു കമ്പനി ഇന്ത്യയിൽ വിറ്റത്. സ്വതന്ത്ര നിലയിൽ പ്രവർത്തനം ആരംഭിച്ച ശേഷം ഇന്ത്യയിൽ 22 ഡീലർഷിപ്പുകളും കാവസാക്കി മോട്ടോഴ്സ് തുറന്നിട്ടുണ്ട്.