Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമിയം സെഡാന്റെ അടുത്ത ചിത്രം പുറത്തുവിട്ട് ടാറ്റ

Tata Sedan Tata Sedan

പ്രീമിയം ഹാച്ച്ബാക്ക് കണ്‍സെപ്റ്റ്, എസ് യു വി കണ്‍സെപ്റ്റ് എന്നിവയ്ക്ക് പിന്നാലെ പുറത്തിറക്കുന്ന പ്രീമിയം സെ‍ഡാൻ കൺസെപ്റ്റിന്റെ അടുത്ത ചിത്രം പുറത്തുവിട്ട് ടാറ്റ. അടുത്ത മാസം നടക്കുന്ന ജനീവ ഓട്ടോഷോയില്‍ ടാറ്റ സി സെഗ്മെന്റ് സെഡാന്‍ കണ്‍സെപ്റ്റിനെ പുറത്തിറക്കും. ഇതിന് മുന്നോടിയായാണ് പ്രീമിയം സെഡാന്റെ പുതിയ ചിത്രം ടാറ്റ പുറത്തുവിട്ടത്. ജനീവ ഓട്ടോഷോയില്‍ ഇരുപത് വര്‍ഷം ആഘോഷിക്കുന്ന ടാറ്റ പുതിയ വാഹനത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

tata-sedan

ടാറ്റയുടെ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്ഫോമിലായിരിക്കും (എഎംപി) വാഹനം നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0 ല്‍ ആയിരിക്കും പുതിയ സെഡാനും പുറത്തിറങ്ങുക. ടിയാഗോ, ടിഗോര്‍, നെക്സോണ്‍ തുടങ്ങിയ വാഹനങ്ങള്‍ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 1.0 പ്രകാരം ഡിസൈന്‍ ചെയ്ത വാഹനങ്ങളായിരുന്നു.

ഫെബ്രുവരി ആദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ഓട്ടോഎക്‌സ്‌പൊയില്‍ പ്രദര്‍ശിപ്പിച്ച 45എക്‌സ് എന്ന പ്രീമിയം ഹാച്ച്ബാക്കിനും എച്ച്5എക്‌സ് എന്ന പ്രീമിയം എസ് യു വിക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മാരുതി ബലേനൊ, ഹ്യുണ്ടേയ് ഐ 20, ഹോണ്ട ജാസ് തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളുമായാണ് ഈ ഹാച്ച്ബാക്ക് മത്സരിക്കുക. ലാന്‍ഡ് റോവര്‍ എല്‍550 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പ്രീമിയം എസ് യു വിയാണ് എച്ച്5എക്‌സ്. ജീപ്പ് കോംപസില്‍ ഉപയോഗിക്കുന്ന ഫീയറ്റിന്റെ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനാകും പുതിയ എസ്‌യുവിയില്‍ ഉപയോഗിക്കുക. അഞ്ചു സീറ്റ്, ഏഴു സീറ്റ് ലേഔട്ടില്‍ വിപണിയിലെത്തുന്ന എസ് യു വിയുടെ അഞ്ചു സീറ്റ് മോഡല്‍ ജീപ്പ് കോംപസുമായി മത്സരിക്കുമ്പോള്‍ ഏഴു സീറ്റ് മോഡല്‍ ടൊയോട്ട ഫോര്‍ച്യൂണർ‍, ഫോഡ് എന്‍ഡവര്‍ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക.