Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്ധ്രയ്ക്ക് 10,000 ഇ കാർ വാങ്ങി നൽകാൻ ഇ ഇ എസ് എൽ

electric-car

ഇ മൊബിലിറ്റി മേഖലയിലടക്കം ആന്ധ്ര പ്രദേശിൽ 3,730 കോടി രൂപ നിക്ഷേപിക്കുമെന്നു കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖല സ്ഥാപനമായ എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ). ഇ മൊബിലിറ്റിക്കൊപ്പം ഊർജ മേഖലയില കാര്യക്ഷമത, പുനഃരുപയോഗിക്കാവുന്ന ഊർജം തുടങ്ങിയവയിലുമായി പതിനയ്യായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്ന ധാരണാപത്രം വിശാഖപട്ടണത്ത് സി ഐ ഐ പാർട്ണർഷിപ് സമിറ്റിലാണ് ഒപ്പുവച്ചത്. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെയും ഇ ഇ എസ് എൽ മാനേജിങ് ഡയറക്ടർ സൗരഭ് കുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പിടൽ ചടങ്ങ്. 

ആന്ധ്ര പ്രദേശ് സർക്കാരിലെ വിവിധ വകുപ്പുകൾക്കായി 10,000 വൈദ്യുത കാറുകളും 4000 ചാർജറുകളും ലഭ്യമാക്കാനും ഇ ഇ എസ് എല്ലും സംസ്ഥാന സർക്കാരുമായി ധാരണയിലെത്തിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ നോൺ കൺവൻഷനൽ എനർജി ഡവലപ്മെന്റ് കോർപറേഷൻ ഓഫ് ആന്ധ്ര പ്രദേശ് ലിമിറ്റഡ്(എൻ ആർ ഇ ഡി സി എ പി) മുഖേനയാവും ഈ പദ്ധതി നടപ്പാക്കുക.

ഇതിന പുറമെ സംസ്ഥാനത്തെ വൈദ്യുത വിതരണ കമ്പനികളായ ഈസ്റ്റേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ഓഫ് ആന്ധ്ര പ്രദേശ് ലിമിറ്റഡി(എ പി ഇ പി ഡി സി എൽ)നും ആന്ധ്ര പ്രദേശ് സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡി(എ പി എസ് പി ഡി സി എൽ) 17 ലക്ഷം സ്മാർട് എനർജി മീറ്ററുകൾ ലഭ്യമാക്കാനും ഇ ഇ എസ് എല്ലുമായി ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ ചെറുകിട സൗരോർജ പദ്ധതികളിലും ഇരു കൂട്ടരും സഹകരിക്കും. ആന്ധ്ര പ്രദേശ് സർക്കാരുമായുള്ള ഈ ധാരണാപത്രങ്ങളിലൂടെ പ്രവർത്തന ചെലവിൽ 3,185 കോടി രൂപയുടെ ലാഭമാണ് ഇ ഇ എസ് എൽ പ്രതീക്ഷിക്കുന്നത്.