Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ് ക്രോസിനെ മാത്രമല്ല ബ്രെസയേയും ലക്ഷ്യം വെച്ച് കിയ മോട്ടോഴ്സ്

carlino Hyundai Carlino Concept

‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ എന്ന രജനി ഡയലോഗ് കടമെടുക്കുകയാണു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സ്. ഇന്ത്യൻ വിപണി പ്രവേശം വൈകിയെന്നതു യാഥാർഥ്യമാണങ്കിലും ഇവിടേക്കു വരാൻ തീരുമാനിച്ച സാഹചര്യത്തിൽ തകർപ്പൻ തയാറെടുപ്പാണു ഹ്യുണ്ടേയ് മോട്ടോറിന്റെ ഉപസ്ഥാപനം കൂടിയായ കിയ നടത്തുന്നത്.ഇന്ത്യയിലെത്തി ആദ്യ 18 മാസത്തിനകം അഞ്ചു പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കിയ മോട്ടോഴ്സ് ഒരുങ്ങുന്നത്.

കൺസപ്റ്റായിരുന്ന ‘എസ് പി’യുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അടുത്ത വർഷം മധ്യത്തോടെ ആരംഭിക്കാനാവുമെന്നാണു  കിയയുടെ പ്രതീക്ഷ. അടുത്ത ഒന്നര വർഷത്തിനകം നാലു കാറുകൾ കൂടി വിൽപ്പനയ്ക്കെത്തിക്കാനാണു കമ്പനിയുടെ പദ്ധതി; ഇതിൽ രണ്ടെണ്ണം പ്രാദേശികമായി നിർമിക്കും. അവശേഷിക്കുന്നവ കിറ്റുകൾ ഇറക്കുമതി ചെയ്ത് അസംബ്ൾ ചെയ്യും. അങ്ങനെ 2021 ആകുമ്പോഴേക്ക് ഇന്ത്യയിലെ മോഡൽ ശ്രേണിയിൽ അഞ്ചു കാറുകൾ ഉണ്ടാവണമെന്നാണു കിയ ലക്ഷ്യമിടുന്നത്.

‘എസ് പി’യുടെ പിന്നാലെയെത്തുക നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്ട് എസ് യു വിയാവുമെന്നാണു സൂചന; അടുത്ത വർഷം ഹ്യുണ്ടേയ് അവതരിപ്പിക്കുന്ന കോംപാക്ട് എസ് യു വിയായ ‘കാർലിനൊ’ അടിസ്ഥാനമാക്കിയാവും കിയ ഈ മോഡൽ സാക്ഷാത്കരിക്കുക. പ്ലാറ്റ്ഫോം ഒന്നാവുമെങ്കിലും കാഴ്ചയിൽ ‘കാർലിനൊ’യും കിയയുടെ കോംപാക്ട് എസ് യു വിയുമായി സാമ്യമുണ്ടാവില്ല. കിയയുടെ മുഖമുദ്രയായ ‘ടൈർ നോസ്’ ഗ്രിൽ, എൽ ഇ ഡി ലൈറ്റിങ് തുടങ്ങിയവയൊക്കെ ഈ കോംപാക്ട് എസ് യു വിയിലും പ്രതീക്ഷിക്കാം. 

വാഹനത്തിനുള്ള എൻജിനുകളും കിയ ‘കാർലിനൊ’യിൽ നിന്നു കടമെടുക്കാനാണു സാധ്യത. 118 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം വികസനഘട്ടത്തിലുള്ള, ബി എസ് ആറ് നിലവാരം പാലിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിനും ‘കാർലിനൊ’യ്ക്കു കരുത്തേകാനുണ്ടാവുമെന്നാണു പ്രതീക്ഷ. ട്രാൻസ്മിഷൻ വിഭാഗത്തിൽ മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകൾ കിയ മോട്ടോഴ്സ് ലഭ്യമാക്കിയേക്കും. 

സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ പെടുന്ന മോഡൽ കൂടി പ്രാദേശികമായി നിർമിക്കാൻ കിയയ്ക്കു പദ്ധതിയുണ്ട്. ഹ്യുണ്ടേയ് ‘ട്യുസൊണി’ന്റെ വലിപ്പമുള്ള ‘സ്പോർടേജ്’, ‘സാന്റാ ഫെ’യ്ക്കു സമാനമായ ‘സൊറെന്റോ’ എസ് യു വികളാവും സി കെ ഡി വ്യവസ്ഥയിൽ കിയ മോട്ടോഴ്സ് ഇന്ത്യയിൽ അവതരിപ്പിക്കുക.