Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരംഗമായി ‘നെക്സൻ’; ബുക്കിങ് 25,000 പിന്നിട്ടു

Tata Nexon Tata Nexon

വിപ്ലവകരമായ രൂപകൽപ്പനയുടെ പിൻബലത്തോടെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ‘നെക്സ’ണു വിപണിയിലും ആവേശകരമായ സ്വീകരണം. കോംപാക്ട് എസ് യു വി വിഭാഗത്തിൽ ഇടംപിടിക്കുന്ന ‘നെക്സ’ന് ഇതുവരെ കാൽലക്ഷത്തോളം ബുക്കിങ് ലഭിച്ചെന്നാണു നിർമാതാക്കളുടെ അവകാശവാദം. ഇതോടെ ചില കേന്ദ്രങ്ങളിൽ ‘നെക്സൻ’ വകഭേദങ്ങൾ ലഭിക്കാൻ ആറ്, ഏഴ് ആഴ്ച വരെ കാത്തിരിക്കേണ്ട സാഹചര്യവുമുണ്ട്.

‘നെക്സൻ’ ശ്രേണിയിലെ മുന്തിയ വകഭേദമായ ‘എക്സ് സെഡ് പ്ലസ്’, ‘എക്സ് ടി’ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ; ഇരട്ട വർണ പകിട്ടുള്ള ‘എക്സ് സെഡ് പ്ലസ്’ ആണു വിൽപ്പനയിൽ മുന്നിലെന്നും ടാറ്റ മോട്ടോഴ്സ് വെളിപ്പെടുത്തുന്നു. ഡൽഹിയിൽ  9.62 ലക്ഷം രൂപയ്ക്കാണ് ഡീസൽ എൻജിനും ഇരട്ട വർണ പകിട്ടുമുള്ള ‘നെക്സൻ എക്സ് സെഡ് പ്ലസ്’ ലഭിക്കുക; ഈ വില നിലവാരത്തിൽ മാരുതി സുസുക്കിക്കും ഫോഡിനുമൊക്കെ ശക്തമായ വെല്ലുവിളി ഉയർത്താൻ ടാറ്റ മോട്ടോഴ്സിനു സാധിക്കുന്നുണ്ട്. സമാനമായ ‘വിറ്റാര ബ്രേസ’ മോഡലുകളെ അപേക്ഷിച്ച് 11,000 രൂപയും ‘ഇകോസ്പോർട്ടി’നെ അപേക്ഷിച്ച് 1.27 ലക്ഷം രൂപയും വില കുറവാണ് ‘നെക്സ’ന്.

പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടായിരുന്നു ടാറ്റ മോട്ടോഴ്സ് ‘നെക്സൻ’ അവതരിപ്പിച്ചത്; ‘നെക്സൻ’ വാങ്ങാനെത്തുന്നവരിൽ 65 ശതമാനത്തോളം 35 വയസ്സിൽ താഴെയുള്ളവരാണെന്നു കമ്പനി ഡീലർമാരും സാക്ഷ്യപ്പെടുത്തുന്നു. കാഴ്പ്പകിട്ട് തന്നെയാണു ‘നെക്സ’നു മികച്ച സ്വീകാര്യത നേടിക്കൊടുത്തതെന്നാണു ഡീലർമാരുടെയും നിഗമനം. ഹർമാനിൽ നിന്നുള്ള ഇൻഫൊടെയ്ൻമെന്റ് സംവിധാനവും മൾട്ടി ഡ്രൈവ് മോഡുമൊക്കെ ‘നെക്സ’ന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുമുണ്ട്. 

‘നെക്സ’ന്റെയും ‘ഹെക്സ’യുടെയുമൊക്കെ മികവിൽ ജനുവരിയിലെ എസ് യു വി വിഭാഗം  വിൽപ്പനയിൽ 188% വളർച്ചയാണു ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്. ഇരു മോഡലുകളും വിപണിയിലില്ലാതിരുന്നതിനാൽ 2017 ജനുവരിയിൽ ടാറ്റയുടെ എസ് യു വി വിൽപ്പന നാമമാത്രമായിരുന്നു.