Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പറക്കും കാർ’ സ്വപ്നങ്ങളുമായി പോർഷെയും

flying-car Representative Image

‘പറക്കും കാർ’ യാഥാർഥ്യമാക്കാൻ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെയും രംഗത്ത്. വൻനഗരങ്ങളിൽ എയർ ടാക്സികൾക്കും റൈഡ് ഷെയറിങ് സംവിധാനങ്ങൾക്കുമൊക്കെ ഭാവിയിൽ വിപുല സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കമ്പനി ഈ മേഖലയിലെക്കു കടക്കുന്നതെന്ന് പോർഷെ വിൽപ്പന വിഭാഗം മേധാവി ഡെറ്റ്ലെവ് വൊൺ പ്ലാറ്റെൻ അറിയിച്ചു.

ഇത്തരം ‘പറക്കും കാറു’കൾക്ക് ഭാവിയിൽ അനിവാര്യതയായി മാറുമെന്നാണു പോർഷെ കരുതുന്നത്. പോർഷെയുടെ പ്ലാന്റിൽ നിന്നു സ്റ്റുട്ഗർട് വിമാനത്താവളം വരെ റോഡ് മാർമെത്താൻ അര മണിക്കൂറോളം വേണം; എന്നാൽ ‘പറക്കും കാർ’ ഈ ദൂരം രണ്ടോ മൂന്നോ മിനിറ്റിൽ പിന്നിടുമെന്നു പ്ലാറ്റെൻ വിശദീകരിച്ചു. 

പരമ്പരാഗത വാഹനങ്ങളെ പിന്തള്ളി ആഗോളതലത്തിൽ തന്നെ ഗതാഗത മേഖലയിൽ ‘പറക്കും കാർ’ വൻസ്വീകാര്യത കൈവരിക്കുമെന്ന പ്രതീക്ഷയിൽ പോർഷെയ്ക്കു പുറമെ ഒട്ടേറെ കമ്പനികൾ ഇത്തരം വാഹനങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും മുഴുകിയിട്ടുണ്ട്. റൈഡ് ഹെയ്ലിങ് ആപ്ലിക്കേഷനുകൾ വഴി ലഭ്യമാവുന്ന, സ്വയം ഓടുന്ന വാഹനങ്ങളിലാണ് ഈ കമ്പനികൾ ഗതാഗതത്തിന്റെ ഭാവി ദർശിക്കുന്നത്. 

ഫോക്സ്വാഗന്റെ ഡിസൈനർമാരായ ഇറ്റാൽഡിസൈനും വിമാന നിർമാതാക്കളായ എയർബസും ചേർന്നു കഴിഞ്ഞ ജനീവ ഓട്ടോ ഷോയിൽ രണ്ടു സീറ്റുള്ള ‘പറക്കും കാർ’ മാതൃക പ്രദർശിപ്പിച്ചിരുന്നു. നഗരത്തിരക്കിനെ മറികക്കാൻ കഴിയുമെന്നതാണ് ‘പോപ്.അപ്’ എന്നു പേരിട്ട കാറിന്റെ മേന്മയായി കമ്പനികൾ വിശദീകരിച്ചത്.

അതേസമയം യാത്രക്കാർക്കു കൂടി നിയന്ത്രിക്കാൻ കഴിയുംവിധമാവും പോർഷെയുടെ ‘പറക്കും കാറി’ന്റെ രൂപകൽപ്പനയെന്നാണു സൂചന. കാറിന്റെ പ്രവർത്തനം അധികവും ഓട്ടമേഷൻ രീതിയിലാവുമെന്നതിനാൽ ഇവ നിയന്ത്രിക്കാൻ പൈലറ്റ് ലൈസൻസ് വേണ്ടിവരില്ലെന്നും പറയപ്പെടുന്നു. ‘പറക്കും കാർ’ വികസനത്തിൽ പോർഷെ നേരിടേണ്ടി വരിക ഡെയ്മ്ലറിന്റെ പിന്തുണയുള്ള ജർമൻ സ്റ്റാർട് അപ്പായ വോളൊകോപ്റ്റർ, ലിലിയം ജെറ്റ്, ഇ വൊളോ, യു എസിലെ ടെറാഫ്യുജിയ, കലിഫോണിയ ആസ്ഥാനമായ ജോബി ഏവിയേഷൻ തുടങ്ങിയ കമ്പനികളെയാവും.