Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയപാത വികസനം: മുൻഗണന പുതുപാതകൾക്ക്

road-kerala_tourism_road_pixabay-compressed

നിലവിലുള്ളവ വികസിപ്പിക്കുന്നതിനു പകരം നേർരേഖയിലുള്ള പുത്തൻ ദേശീയ പാതകളുടെ നിർമാണത്തിനു മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ ഒരുങ്ങഉന്നു. ജനസാന്ദ്രതയേറിയതും വാണിജ്യ സ്ഥാപനങ്ങൾ നിറഞ്ഞതുമായ മേഖലകളിൽ ദേശീയ പാത വികസനത്തിനു ഗണ്യമായ കാലതാമസം നേരിടാറുണ്ട്. അനധികൃത കയ്യേറ്റം ഒഴിപ്പിക്കലും പാത വികസനത്തിനു ഭൂമി ഏറ്റെടുക്കലുമാണു മറ്റു വെല്ലുവിളികൾ.

ഈ പശ്ചാത്തലത്തിലാണു നിലവിലുള്ള പാതകളിൽ നിന്നു മാറി പുതിയ ഇടനാഴികൾ വികസിപ്പിക്കാനുള്ള സാധ്യത പരിശോധിക്കാൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഹൈവേകളുടെ ഉടമകളായ ഏജൻസികളോടു നിർദേശിച്ചിരിക്കുന്നത്. ഇത്തരത്തിൽ പുതിയ പാത നിർമിക്കാൻ നിലവിലുള്ളവ വികസിപ്പിക്കാൻ ആവശ്യമായ ചെലവു മാത്രമാണുണ്ടാവുകയെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ പൂർണമായും പുതിയ ദേശീയപാതകൾ വികസിപ്പിക്കാനുള്ള സാധ്യത സംബന്ധിച്ചു വിശദ പദ്ധതി രേഖ(ഡി പി ആർ) തയാറാക്കാൻ കൺസൽറ്റന്റുമാരോട് ആവശ്യപ്പെടാനാണു മന്ത്രാലയത്തിന്റെ നിർദേശം.

തിരക്കേറിയ പട്ടണങ്ങളിലൂടെ കടന്നു പോകുന്നതിനാൽ ഡൽഹി — ജയ്പൂർ, ഡൽഹി — ആഗ്ര ദേശീയപാതകളുടെ വികസനം അനന്തമായി നീളുന്നുണ്ട്. ഇത്തരം ഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കലിനു ചെലവേറുമെന്നു മാത്രമല്ല, നടപടിക്രമങ്ങൾ പൂർത്തിയാവാൻ കാലതാമസം നേരിടുമെന്ന പ്രശ്നവുമുണ്ട്. വീടുകളും ആരാധനാലയങ്ങളുമൊക്കെ നീക്കേണ്ടി വരുമ്പോഴുണ്ടാവുന്ന വെല്ലുവിളികൾ ഇതിനു പുറമെയാണ്.

നിലവിലുള്ള പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന വിധത്തിലാണു നിലവിലുള്ള ദേശീയപാതകളുടെ രൂപകൽപ്പനയെന്ന് കേന്ദ്ര റോഡ് ഗതാഗത സെക്രട്ടറി വൈ എസ് മാലിക് വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ വ്യാപകമായി റോഡിന്റെ ഘടനയിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഉത്ഭവ, ലക്ഷ്യ സ്ഥാനങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു മുമ്പ് അർഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. എന്നാൽ രണ്ടു കേന്ദ്രങ്ങളെ ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുക വഴി ഇടയ്ക്കുള്ള മേഖലകളുടെ പുരോഗതിയും കൈവരിക്കാനാവുമെന്നു മാലിക് ചൂണ്ടിക്കാട്ടുന്നു.