Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തിറങ്ങുമോ ഇ–ബുള്ളറ്റ്

royal-enfield-classic-350 Representative Image

‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് വൈദ്യുത പ്ലാറ്റ്ഫോം വികസിപ്പിക്കുന്നെന്നു സൂചന. എന്നാൽ ബാറ്ററിയിൽ നിന്ന് ഊർജം കണ്ടെത്തുന്ന ‘ബുള്ളറ്റ്’ എപ്പോഴാവും നിരത്തിലെത്തുകയെന്നു വ്യക്തതയൊന്നുമില്ല. വൈദ്യുത പ്ലാറ്റ്ഫോം അടക്കമുള്ള പദ്ധതികൾ വികസന ഘട്ടത്തിലുണ്ടെന്നു റോയൽ എൻഫീൽഡ് പ്രസിഡന്റ് രുദ്രതേജ് സിങ് തന്നെയാണു സ്ഥിരീകരിച്ചത്. വലിയൊരു സംഘം തന്നെ ഈ ലക്ഷ്യം കൈവരിക്കാനായി തീവ്രശ്രമം നടത്തുന്നുണ്ട്. ഉചിതമായ സമയത്ത് ഇതുസംബന്ധിച്ച പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നും ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ മേധാവി അറിയിച്ചു.

രണ്ടു വർഷത്തിനകം മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം നടപ്പാവുന്നതു മുന്നിൽകണ്ടാണു റോയൽ എൻഫീൽഡും ‘ഇ’വഴി തിരഞ്ഞെടുക്കുന്നത്. പുതിയ, കർശനമായ മലിനീകരണ നിയന്ത്രണ നിലവാരം കൈവരിക്കാൻ ഇതടക്കം വിവിധ മാർഗങ്ങൾ കമ്പനി പരിഗണിക്കുന്നുണ്ട്. നിലവിലുള്ള പ്ലാറ്റ്ഫോമിനു പകരം വയ്ക്കാൻ മൂന്നു പുത്തൻ പ്ലാറ്റ്ഫോമുകൾ റോയൽ എൻഫീൽഡ് വികസിപ്പിക്കുന്നുണ്ടെന്നാണു സൂചന. 

ഇതോടൊപ്പം പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. അടുത്തയിടയാണ് റോയൽ എൻഫീൽഡ് 350, 500 സി സി എൻജിനുകളോടെ ‘തണ്ടർബേഡ് എക്സ്’ പുറത്തിറക്കിയത്. അതിനു മുമ്പ് 650 സി സി എൻജിനോടെ ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ 65 ഐ എൻ ടി’ എന്നിവ റോയൽ എൻഫീൽഡ് അനാവരണം ചെയ്തിരുന്നു. ഏഴു വർഷത്തിനിടെ ‘ബുള്ളറ്റ്’ വിൽപ്പനയിലും വൻ മുന്നേറ്റമാണു റോയൽ എൻഫീൽഡ് കൈവരിച്ചത്. 2010ൽ 49,944 യൂണിറ്റായിരുന്ന വിൽപ്പന കഴിഞ്ഞ വർഷം 7,52,881 യൂണിറ്റായാണു കുതിച്ചുയർന്നത്.