Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകരാൻ സാധ്യതയുള്ള എയർബസ് എ320 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് നിർദ്ദേശം

Airbus-A320neo.jpg.image.784.410

എൻജിൻ തകരാർ തുടർക്കഥയായതിനെ തുടർന്ന് 11 എയർബസ് എ320 വിമാനങ്ങൾ സർവീസ് നടത്തേണ്ടെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ  (ഡിജിസിഎ). പറക്കുമ്പോൾ തകരാറുണ്ടാകാൻ സാധ്യതയുള്ള എൻജിൻ ഘടിപ്പിച്ച 11 വിമാനങ്ങളുടെ സർവീസ് അടിയന്തരമായി നിർത്തണമെന്നാണ് ഡിജിസിഎ ഇൻഡിഗോയ്ക്കും ഗോ എയറിനും നിർദേശം നൽകിയത്.

അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ (പിഡബ്ല്യു) എൻജിൻ ഘടിപ്പിച്ച എ320 നിയോ വിമാനങ്ങൾ ഏറെ നാളായി തകരാർ നേരിടുകയാണ്. ഇൻഡിഗോയുടെ ഇത്തരമൊരു വിമാനം ഇന്നലെ അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കേണ്ടിവന്നതോടെയാണു ഡിജിസിഎ ഉത്തരവു വന്നത്. ഒരു മാസത്തിനുള്ളിൽ മൂന്ന് എൻജിൻ തകരാർ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ വിമാനങ്ങൾക്ക് ഇതേ ഇനം എൻജിൻ മാറ്റിവയ്ക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതുവരെ തകരാറുണ്ടാകുമ്പോൾ, ഇതേ ശ്രേണിയിലെ തകരാർ വന്നിട്ടില്ലാത്ത എൻജിൻ മാറ്റിവയ്ക്കുന്നതായിരുന്നു രീതി.  ഇൻഡിഗോയുടെ എട്ടും ഗോ എയറിന്റെ മൂന്നും വിമാനങ്ങളാണു നിലത്താകുന്നത്. ഇൻഡിഗോയുടെ ഒരു വിമാനം നേരത്തേതന്നെ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. പ്രശ്നം എന്നു ശാശ്വതമായി പരിഹരിക്കുമെന്നു പ്രാറ്റ് ആൻഡ് വിറ്റ്നി അറിയിച്ചിട്ടില്ലെന്നു ഡിജിസിഎ പറഞ്ഞു. 

രാജ്യത്തെ ഏറ്റവും വലിയ വിമാന സർവീസ് കമ്പനിയായ ഇൻഡിഗോയുടെ ഇത്രയധികം വിമാനങ്ങളുടെ സർവീസ് മുടങ്ങുന്നത് യാത്രക്ലേശം ഉണ്ടാക്കിയേക്കും.‌ ഫെബ്രുവരി 24 ന് ഗോ എയർ വിമാനം ലേയിലും മാർച്ച് അഞ്ചിന് ഇൻഡിഗോ വിമാനം മുംബൈയിലും പറന്നുയർന്ന ഉടൻ എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ തിരിച്ചിറക്കേണ്ടിവന്നിരുന്നു.

പിഡബ്ല്യു 1100 എൻജിനുകളിൽ സീരിയൽ 450 മുതലുള്ളവയ്ക്കാണു തകരാർ കാണുന്നത്. ഒരു സീൽ ആണു പ്രശ്നഘടകമെന്നാണു കമ്പനി വിശദീകരിക്കുന്നത്. ഒരു വിമാനത്തിൽ രണ്ട് എൻജിൻ ഉള്ളതിനാൽ ഒരെണ്ണം ഈ തകരാർ സാധ്യതയുള്ള സീരീസിൽപ്പെടുതന്നതായാലും കുഴപ്പമുണ്ടാകില്ലെന്ന താൽക്കാലിക പരിഹാരമാണു കമ്പനി മുന്നോട്ടുവച്ചിട്ടുള്ളത്. എന്നാൽ ഇതു സ്വീകാര്യമല്ലെന്നു ഡിജിസിഎ പറഞ്ഞു.

പിഡബ്ല്യു എൻജിൻ ഘടിപ്പിച്ച 32 വിമാനങ്ങൾ ഇൻഡിഗോയ്ക്കും 13 എണ്ണം ഗോ എയറിനുമുണ്ട്. നൂറിലേറെ എയർബസ് എ320 നിയോ വിമാനങ്ങൾക്ക് ഓർഡർ നിൽകിയിട്ടുണ്ട് ഇൻഡിഗോയും ഗോ എയറും. നിലവിൽത്തന്നെ ഈ മോഡൽ വിമാനങ്ങളുടെ ഏറ്റവും വലിയ നിരയാണ് ഇൻഡിഗോയുടേത്. എയർബസ് എ320 നിയോ വിമാനങ്ങൾ വിസ്താര, എയർഇന്ത്യ എന്നീ കമ്പനികൾക്കും ഉണ്ടെങ്കിലും അവയുടെ എൻജിനുകൾ സിഎഫ്എം എന്ന കമ്പനിയുടേതാണ്.