Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടമകളെ ആശങ്കയിലാഴ്ത്തി ‘മൾട്ടിക്സ്’ മടങ്ങുന്നു

multix-4 Multix

യൂട്ടിലിറ്റി വാഹന(യു വി)മായ ‘മൾട്ടിക്സി’ന്റെ ഇന്ത്യയിലെ വിൽപ്പന അവസാനിപ്പിക്കാൻ യു എസിൽ നിന്നുള്ള പൊളാരിസ് ഇൻഡസ്ട്രീസും പങ്കാളിയായ ഐഷർ മോട്ടോഴ്സും തീരുമാനിച്ചു. മാത്രമല്ല, ആറു വർഷം സ്ഥാപിച്ച സംയുക്ത സംരംഭമായ ഐഷർ പൊളാരിസ് പ്രൈവറ്റ് ലിമിറ്റഡി(ഇ പി പി എൽ)ന്റെ പ്രവർത്തനം അവസാനിപ്പിക്കാനും പൊളാരിസും ഐഷറുമായി ധാരണയായിട്ടുണ്ട്. 2015ൽ അരങ്ങേറ്റം കുറിച്ച ‘മൾട്ടിക്സ്’ പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാനാവാതെ പോയതോടെയാണ് സംയുക്ത സംരംഭത്തിൽ നിന്നു പിൻമാറാൻ ഇരുപങ്കാളികളും തീരുമാനിച്ചത്. 

ഉടനടി പ്രാബല്യത്തോടെ ‘മൾട്ടിക്സ്’ വിൽപ്പന അവസാനിപ്പിക്കുയാണെന്നാണ് ഐഷർ പൊളാരിസിന്റെ പ്രഖ്യാപനം. തുടക്കത്തിൽ വിപണിയുടെ ശ്രദ്ധ ആകർഷിച്ചെങ്കിലും ഗ്രാമീണ യു വി വിഭാഗത്തിൽ കാര്യമായ തരംഗം സൃഷ്ടിക്കാൻ ‘മൾട്ടിക്സി’നു സാധിച്ചില്ലെന്നു കമ്പനി അംഗീകരിക്കുന്നു. ഇതോടെ 2016 — 17ൽ 91.83 കോടി രൂപയായിരുന്നു ഇ പി പി എല്ലിന്റെ അറ്റ നഷ്ടം.

‘മൾട്ടിക്സി’ന്റെ സവിശേഷതകൾ ശ്രദ്ധേയമായിരുന്നെങ്കിലും പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാൻ വാഹനത്തിനു സാധിച്ചില്ല. പല മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനായില്ലെന്നും ഇ പി പി എൽ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതാണു പങ്കാളികളുടെ താൽപര്യ സംരക്ഷണത്തിനുള്ള മികച്ച മാർഗമെന്ന നിഗമനത്തിലാണ് ഇ പി പി എല്ലിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് എത്തിയിരിക്കുന്നത്. 

വിൽപ്പനയും വിപണനവുമൊക്കെ അവസാനിപ്പിക്കുകയാണെങ്കിലും ‘മൾട്ടിക്സി’ന്റെ സ്പെയറുകളും സർവീസ് സൗകര്യവും തുടർന്നും ലഭ്യമാക്കുമെന്നാണ് ഇ പി പി എല്ലിന്റെ വാഗ്ദാനം.  അഞ്ചു പേർക്കു യാത്രാസൗകര്യമോ രണ്ട് സീറ്റിനൊപ്പം 1,918 ലീറ്റർ സംഭരണസ്ഥലമോ ആണു ‘മൾട്ടിക്സി’ൽ ഐഷർ പൊളാരിസ് ലഭ്യമാക്കിയിരുന്നത്. ഗ്രീവ്സ് കോട്ടണിൽ നിന്നുള്ള 511 സി സി ഡീസൽ എൻജിന് മൂന്നു കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ശേഷിയുണ്ടായിരുന്നു; ‘എക്സ് പോർട്ട്’ എന്ന ടേക് ഓഫ് പോർട്ട് വഴി ലൈറ്റ് കത്തിക്കാനും പമ്പ് പ്രവർത്തിപ്പിക്കാനുമൊക്കെ ഈ വൈദ്യുതി ഉപയോഗിക്കാമെന്നായിരുന്നു ഇ പി പി എല്ലിന്റെ വാഗ്ദാനം. 

‘മൾട്ടിക്സി’ന്  മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള പതിപ്പും 2016ൽ ഇ പി പി എൽ പുറത്തിറക്കിയിരുന്നു. ജയ്പൂരിൽ 3.43 ലക്ഷം രൂപ വിലയുണ്ടായിരുന്ന മോഡലിന് ലീറ്ററിന് 27 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്ത ഇന്ധനക്ഷമത.