Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഫിസുകൾ ഇ കാർ വാങ്ങാൻ കേന്ദ്ര സർക്കാർ നിർദേശം

electric-car

ഹ്രസ്വദൂര യാത്രകൾ ബാറ്ററിയിൽ ഓടുന്ന വാഹനങ്ങളിലേക്ക് മാറ്റാൻ രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലെ കേന്ദ്ര സർക്കാർ വകുപ്പുകൾക്കും പൊതുമേഖല സ്ഥാപനങ്ങൾക്കും നിർദേശം. ലോക്കൽ യാത്രകൾക്ക് ഇ വാഹനങ്ങളെ ആശ്രയിക്കാൻ കേന്ദ്ര ഊർജ മന്ത്രാലയമാണ് ഓഫിസുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2030 ആകുമ്പോഴേക്ക് രാജ്യത്തെ മൊത്തം വാഹനങ്ങളിൽ 30% എങ്കിലും ബാറ്ററിയിൽ ഓടുന്നവയാക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നതു കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ ഇലക്ട്രിക്കൽ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതെന്നു കേന്ദ്ര ഊർജ മന്ത്രി ആർ കെ സിങ് വിവിധ മന്ത്രാലയങ്ങൾക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്ര സർക്കാരിനു കീഴിലെ മന്ത്രാലയങ്ങളും വകുപ്പുംകളും അനുബന്ധ സ്ഥാപനങ്ങളും പൊതുമേഖല സംരംഭങ്ങളുമൊക്കെ എൻ സി ആറിലെ ഹ്രസ്വദൂര യാത്രകൾക്ക് ഇ വാഹനങ്ങളെ ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. 

ഊർജ മന്ത്രാലയത്തിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായ എനർജി എഫിഷൻസി സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ) 10,000 വൈദ്യുത വാഹനങ്ങൾ വാങ്ങാൻ ടെൻഡർ പുറപ്പെടുവിച്ചിരുന്നു. ഇത്തരം വാഹനങ്ങളുടെ ചാർജിങ്ങിനുള്ള സംവിധാനങ്ങളും വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓരോ മന്ത്രാലയവും പൊതു മേഖല സ്ഥാപനങ്ങളും വൈദ്യുത വാഹനങ്ങളുടെ ആവശ്യം ഇ ഇ എസ് എല്ലിനെ അറിയിക്കാനാണു മന്ത്രിയുടെ അഭ്യർഥന. മന്ത്രാലയങ്ങൾക്ക് ഇ ഇ എസ് എൽ നിശ്ചയിച്ച വിലയ്ക്കു വൈദ്യുത വാഹനം വാങ്ങാനോ അതല്ലെങ്കിൽ ഇ ഇ എസ് എല്ലിൽ നിന്നു വാടകയ്ക്കെടുക്കാനോ അവസരവും വാഗ്ദാനമുണ്ട്.