Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറ്റിയെ പിടിക്കാൻ ടൊയോട്ട ‘യാരിസ്’ എത്തും മേയിൽ

Yaris Yaris

ഇന്ത്യൻ കാർ വിപണിയിൽ ‘സി’ വിഭാഗത്തിൽ ഇടംപിടിക്കുന്ന സെഡാനായ ‘യാരിസി’ന്റെ അരങ്ങേറ്റം മേയിലെന്നു സൂചന. കാറിനുള്ള ബുക്കിങ് അടുത്ത മാസം മുതൽ സ്വീകരിക്കാനും ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)നു പദ്ധതിയുണ്ട്. ഇന്ത്യയിലെ വിൽപ്പന മെച്ചപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണു ടി കെ എം ‘യാരിസ്’ പടയ്ക്കിറക്കുന്നത്.

Toyota Yaris @ Delhi Auto Expo

കൂടാതെ ബെംഗളൂരു ശാലയിൽ ലഭ്യമായ ഉൽപ്പാദനശേഷി കൂടുതൽ വിനിയോഗിക്കാനും ‘യാരിസ്’ വഴി തുറക്കുമെന്നാണു പ്രതീക്ഷയെന്നു ടി കെ എം വൈസ് ചെയർമാൻ (എക്സ്റ്റേണൽ അഫയേഴ്സ്) ശേഖർ വിശ്വനാഥൻ അഭിപ്രായപ്പെട്ടു. പ്രതിവർഷം 3.10 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ശാലയിൽ നിലവിൽ ടി കെ എം നിർമിക്കുന്നത് 1.40 ലക്ഷം കാറുകളാണ്. ‘യാരിസി’ന്റെ വിൽപ്പന ഉയർത്താനുള്ള ശ്രമത്തിൽ ലാഭക്ഷമതയിൽ വിട്ടുവീഴ്ച ചെയ്യാനും ടൊയോട്ട സന്നദ്ധമാവുമെന്നാണു സൂചന. അങ്ങനെയെങ്കിൽ തികച്ചും മത്സരക്ഷമമായ വിലയ്ക്കാവും ‘യാരിസ്’ വിൽപ്പനയ്ക്കെത്തുക.

അതേസമയം ‘യാരിസി’ന്റെ വില സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നു വിശ്വനാഥൻ വ്യക്തമാക്കുന്നു. പ്ലാന്റിന്റെ ശേഷി വിനിയോഗം മെച്ചപ്പെടുത്താൻ കാറിന്റെ വിൽപ്പന മികച്ചതാവണമെന്നു കമ്പനിക്കു നിർബന്ധമുണ്ട്. വിൽപ്പന ഉയരുമെന്ന് ഉറപ്പുള്ള പക്ഷം ലാഭക്ഷമതയിൽ വിട്ടുവീഴ്ചയ്ക്കും കമ്പനി സന്നദ്ധമാവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ ഏഴ് എയർബാഗുമായി എത്തുമെന്നതിനാൽ ‘യാരിസി’നു വിലയേറുമെന്നും അദ്ദേഹം അംഗീകരിക്കുന്നു. 

ഹോണ്ട ‘സിറ്റി’, ഹ്യുണ്ടേയ് ‘വെർണ’, മാരുതി സുസുക്കി ‘സിയാസ്’ തുടങ്ങിയവയോടാവും ഇന്ത്യയിൽ ‘യാരിസി’ന്റെ മത്സരം. തുടക്കത്തിൽ 1.5 ലീറ്റർ പെട്രോൾ എൻജിനോടെ മാത്രമാവും ‘യാരിസ്’ വിൽപ്പനയ്ക്കുണ്ടാവുക. ആറു സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.