സുഹൃത്തിനേയും കൊണ്ട് ഒരു ചിത്രത്തിന്റെ ഒഡീഷനുപൊയൊരു കഥയുണ്ട് നീരജിന്. സുഹൃത്തിനെ തുണയ്ക്കാതിരുന്ന ആ അവസരം നീരജിനുവേണ്ടി കാത്തിരുന്നു. ദൃശ്യവും സപ്തമശ്രീ തസ്‌കരയും കുഞ്ഞിരാമായണവും ഒരു വടക്കന്‍ സെല്‍ഫിയുമെല്ലാം കഴിഞ്ഞ് പതുക്കെ പതുക്കെ നീരജ് മലയാള സിനിമയുടെ പ്രിയങ്കരനായി. ഒന്നും രണ്ടും മൂന്നും സീനില്‍ നിന്നും നായകനായും കൊറിയോഗ്രാഫറായും തിരക്കഥാകൃത്തുമായുമെല്ലാം മലയാള സിനിമയ്‌ക്കൊപ്പം സജീവമാണ് ഇന്ന് ഈ യുവതാരം. വളരെ ചെറിയ തുടക്കത്തില്‍ നിന്ന് വലിയ വലിയ ഉയര്‍ച്ചകള്‍.
നീരജിന്റെ ജീവിതത്തിലും അതിന്റെ പ്രതിഫലനങ്ങള്‍ കാണാം. വിവാഹത്തിനൊരുങ്ങി നില്‍ക്കുമ്പോള്‍ കൂട്ടിന് ഏറ്റവും മികച്ചൊരു വാഹനവും കൂടി വേണമെന്ന ആഗ്രഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് നീരജ്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി എസ് യു വിയായ എക്‌സ് വണ്ണാണ് താരം സ്വന്തമാക്കിയത്. വാഹനം സ്വന്തമാക്കിയ വിവരം നീരജ് തന്നെയാണ് ആരാധകരെ അറിയിച്ചത്.
ബിഎംഡബ്ല്യുവിന്റെ എന്‍ട്രി ലെവല്‍ എക്‌സ്്യുവിയായ എക്‌സ് വണ്ണിന്റെ എം സ്‌പോര്‍ട്ടാണ് താരം സ്വന്തമാക്കിയത്. 1995 സിസി ട്വിന്‍പവര്‍ ടര്‍ബോ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 400 ആര്‍പിഎമ്മില്‍ 190 ബിഎച്ച്പി കരുത്തും 1,750 - 2,500 ആര്‍പിഎമ്മില്‍ 400 എന്‍എം ടോര്‍ക്കും നല്‍കും. പൂജ്യത്തില്‍ നിന്നു നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എം സ്‌പോര്‍ട് 7.6 സെക്കന്‍ഡില്‍ നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 219 കിലോമീറ്ററാണ് എം സ്‌പോര്‍ട്ടിന്റെ പരമാവധി വേഗത. ഏകദേശം 42 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറും വില.