Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാച്ച്ബാക്ക്, സെഡാൻ, എസ് യു വി; എതിരാളികൾക്ക് ശക്തമായ ഭീഷണിയുമായി ടാറ്റ

Tata Cars Tata Cars

മൂന്നു വർഷത്തിനകം ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 95% മേഖലയിലും സാന്നിധ്യം ഉറപ്പാക്കുമെന്നു ടാറ്റ മോട്ടോഴ്സ്. പുതിയ മോഡൽ അവതരണങ്ങളിലൂടെ 2020 ആകുന്നതോടെ ഈ ലക്ഷ്യം കൈവരിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഒപ്പം ശ്രേണിയിലെ മിക്കവാറും മോഡലുകളുടെ വൈദ്യുത പതിപ്പുകൾ അവതരിപ്പിക്കുമെന്നും ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിക്കുന്നു. എൻട്രി ലവൽ ഹാച്ച്ബാക്ക് മുതൽ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾ വരെ നീളുന്നതാണു ടാറ്റ മോട്ടോഴ്സിന്റെ മോഡൽ ശ്രേണി; വിപണിയുടെ 70% വിഭാഗങ്ങളിലാണു നിലവിൽ കമ്പനിക്കു സാന്നിധ്യമുള്ളത്.

മൂന്നു വർഷത്തോടെ സാന്നിധ്യം 95% ഭാഗങ്ങളിലേക്കു വ്യാപിപ്പിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് വെളിപ്പെടുത്തി. ഇതിനായി വിവിധ വിഭാഗങ്ങളിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നുണ്ട്. വിൽപ്പന മെച്ചപ്പെടുത്താനും വിപണി വിഹിതം വർധിപ്പിക്കാൻ പുതിയ തന്ത്രങ്ങൾ സഹായിക്കുമെന്നും പരീക്ക് കരുതുന്നു. നിലവിൽ ഏഴു ശതമാനത്തോളമാണു ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം.

വൈദ്യുത വാഹന വിഭാഗത്തിനു ശക്തമായ പിന്തുണ നൽകണമെന്നാണു ടാറ്റ മോട്ടോഴ്സ് വിശ്വസിക്കുന്നതെന്നും പരീക്ക് വ്യക്തമാക്കി. ഇന്ത്യയെ പോലൊരു രാജ്യത്തിനു തികച്ചും അനുയോജ്യമായ മാർഗമാണിത്. ഇന്ധന മേഖലയിൽ അപര്യാപ്തത നേരിടുന്നതിനൊപ്പം ഇന്ത്യൻ നഗരങ്ങൾ മലിനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.  ഭാവിയിൽ ടാറ്റ മോട്ടോഴ്സ് അവതരിപ്പിക്കുന്ന മോഡലുകളിൽ മിക്കതിനും വൈദ്യുത പതിപ്പുകളും ലഭ്യമാക്കും. നിലവിൽ കോംപാക്ട് സെഡാനായ ‘ടിഗൊർ’ മാത്രമാണു കമ്പനി വൈദ്യുത പവർ ട്രെയ്നോടെ ലഭ്യമാക്കുന്നത്. വൈകാതെ കോംപാക്ട് ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ വൈദ്യുത പതിപ്പ് അവതരിപ്പിക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. 

പുതിയ മോഡൽ അവതരണങ്ങൾക്കൊപ്പം 2020 ആകുമ്പോഴേക്ക് വിപണന ശൃംഖല ഇരട്ടിയാക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. മൂന്നു വർഷം മുമ്പ് 400 ഡീലർഷിപ്പുകളാണു കമ്പനിക്കുണ്ടായിരുന്നത്; ഇപ്പോഴാവട്ടെ 800 എണ്ണമുണ്ട്. 2020 ആകുമ്പോഴേക്ക് വിപണന കേന്ദ്രങ്ങൾ 1,500 ആയി ഉയരുമെന്ന് പരീക്ക് അറിയിച്ചു.