Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരസ്യങ്ങള്‍ക്കപ്പുറം റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനും ഡോമിനറും മത്സരിച്ചാലോ ?

Bajaj Dominar vs Royal Enfield Himalayan Bajaj Dominar vs Royal Enfield Himalayan

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ കുറ്റവും കുറവുകളും എടുത്തുകാട്ടി ബജാജ് നിരവധി പരസ്യങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്തിനാണ് ആനയെ പോറ്റുന്നത് എന്നാണ് ബജാജ് പരസ്യങ്ങളിലൂടെ ചോദിക്കുന്നത്. ബജാജിന്റെ കളിയാക്കല്‍ പരസ്യങ്ങള്‍ക്കെതിരെ ബുള്ളറ്റ് ആരാധകര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പുതിയൊരു വിഡിയോ പുറത്തിറക്കിയിരിക്കുന്നു എന്‍ഫീല്‍ഡ് ആരാധകര്‍.

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെപ്പോലെ മലകയറാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡോമിനറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഹിമാലയല്‍ എളുപ്പത്തില്‍ കയറുന്നുണ്ടെങ്കിലും ഡോമിനറിന് കയറ്റം കയറാന്‍ സാധിക്കുന്നില്ല.  പിന്നില്‍ നിന്ന്് വന്ന മറ്റ് ആളുകള്‍ ഡോമിനറിനെ തള്ളി കയറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. 

ചെന്നൈ ബുള്ളറ്റ് ക്ലബ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ബുള്ളറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ വിഡിയോ വൈറലായിരിക്കുന്നു. റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി പരസ്യം പുറത്തിറക്കിയ ബജാജ് കിട്ടിയ എട്ടിന്റെ പണിയാണിത് എന്നാണ് സമൂഹ മാധ്യങ്ങളിലൂടെ എന്‍ഫീല്‍ഡ് പ്രേമികള്‍ പറയുന്നത്. 

അ‍ഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ പെട്ട ബൈക്കാണ് ഹിമാലയൻ. അതുകൊണ്ടു തന്നെ ഓഫ് റോ‍ഡ് ട്രാക്കുകൾക്ക് ഇണങ്ങുന്ന സസ്പെൻഷനും ടയറുകളുമാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്പോർട്ടി ടൂററായ ഡോമിനർ ഓഫ് റോഡ് ട്രാക്കുകൾക്ക് ചേർന്ന ബൈക്ക് അല്ല. അതുകൊണ്ടാണ് ഡോമിനർ കയറ്റത്തിൽ സ്റ്റക്കായി പോയത്. കൂടാതെ ബൈക്ക് ഓടിച്ച ശൈലിയും പ്രതികൂലമായി ഭവിച്ചു എന്നു കരുതാം. എന്തൊക്കെയായിലും റോയൽ എൻഫീൽഡ് ആരാധകർ ബജാജിനെ കളിയാക്കാൻ ലഭിച്ച ഈ അവസരം ശരിക്കു മുതലാക്കുന്നുണ്ട്.