Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിലിൽ വാഹന വില ഉയർത്താൻ നിസ്സാനും

nissan-micra-cvt Nissan Micra

ഇന്ത്യയിലെ വാഹന വില അടുത്ത മാസം മുതൽ വർധിപ്പിക്കുമെന്ന് ജാപ്പനീസ് നിർമാതാക്കളായ നിസ്സാനും പ്രഖ്യാപിച്ചു. നിസ്സാനു പുറമെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ശ്രേണിയിലെ വാഹനങ്ങൾക്കും ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ ഇന്ത്യയിൽ വില വർധിപ്പിക്കാനാണു തീരുമാനം.  നിസ്സാൻ, ഡാറ്റ്സൻ വാഹനങ്ങൾക്ക് രണ്ടു ശതമാനം വരെ വില വർധിപ്പിക്കാനാണു കമ്പനി തയാറെടുക്കുന്നത്. ഹാച്ച്ബാക്കുകളായ ‘മൈക്ര’, ‘മൈക്ര ആക്ടീവ്’, സെഡാനായ ‘സണ്ണി’, എസ് യു വിയായ ‘ടെറാനൊ’ തുടങ്ങിയവയാണു നിസ്സാൻ ഇന്ത്യയിൽ വിൽക്കുന്നത്; ഡാറ്റ്സൻ ശ്രേണിയിൽ ഹാച്ച്ബാക്കുകളായ ‘ഗോ’, ‘റെഡി ഗൊ്’, വിവിധോദ്ദേശ്യ വാഹനമായ ‘ഗോ പ്ലസ്’ എന്നിവയാണു വിപണിയിലുള്ളത്.

അസംസ്കൃത വസ്തുക്കൾക്ക് വിലയേറിയതോടെയാണു വാഹന വില വർധിപ്പിക്കാൻ കമ്പനി നിർബന്ധിതരായതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജെറോം സൈഗോട്ട് വിശദീകരിച്ചു. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ വാഹനവിലയിൽ രണ്ടു ശതമാനം വരെ വർധനയാണു നിലവിൽ വരികയെന്നും അദ്ദേഹം അറിയിച്ചു.  അടുത്ത മാസം മുതൽ വാഹന വില വർധിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്സും പ്രഖ്യാപിച്ചിരുന്നു. യാത്രാവാഹനങ്ങൾക്ക് മോഡൽ അടിസ്ഥാനത്തിൽ പരമാവധി 60,000 രൂപ വരെയാണ് ഏപ്രിൽ ഒന്നിനു പ്രാബല്യത്തിലെത്തുന്ന വർധനയെന്നും കമ്പനി അറിയിച്ചിരുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധനയെ തുടർന്നാണു വാഹന വില കൂട്ടേണ്ടിവന്നതെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വിശദീകരണം.

ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില അഞ്ചു ശതമാനത്തോളം ഉയർത്തി സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയായിരുന്നു ഇത്തവണത്തെ വാഹന വില വർധനയ്ക്കു തുടക്കമിട്ടത്. കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചുങ്ക ഘടനയിൽ വരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് വില വർധിപ്പിക്കുന്നതെന്നായിരുന്നു ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോയുടെ വിശദീകരണം.

പിന്നാലെ ഫോക്സ്വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡിയും ഇന്ത്യയിൽ വിൽക്കുന്ന മോഡലുകൾക്ക് വില വർധന പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പരിഷ്കരിച്ച സാഹചര്യത്തിൽ വാഹന വിലയിൽ നാലു ശതമാനം വർധന നടപ്പാക്കുമെന്നായിരുന്നു ഔഡിയുടെ പ്രഖ്യാപനം. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപയുടെ വരെ വർധനയാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാവുകയെന്നും കമ്പനി അറിയിച്ചു.