Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐ പി എൽ പങ്കാളിയായി ടാറ്റ ‘നെക്സൻ’

Tata Nexon IPL Tata Nexon IPL

‘കുട്ടി ക്രിക്കറ്റ്’ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ ഔദ്യോഗിക പങ്കാളിയായി ടാറ്റ മോട്ടോഴ്സ് രംഗത്ത്.  മൂന്നു വർഷത്തേക്കാണ് ടാറ്റ മോട്ടോഴ്സ് ഐ പി എല്ലുമായി സഹകരിക്കുകയെന്ന് സംഘാടകരായ ബി സി സി ഐ അറിയിച്ചു

ഔദ്യോഗിക പങ്കാളിയായതോടെ ഐ പി എൽ 2018 സീസണിൽ പുത്തൻ കോംപാക്ട് എസ് യു വിയായ ‘നെക്സൻ’ മത്സരവേദികളിൽ പ്രദർശിപ്പിക്കാനാണു ടാറ്റ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. കൂടാതെ ഐ പി എൽ മത്സരങ്ങളുമായി ബന്ധപ്പെട്ടു വിവിധ പരിപാടികൾ സംഘടിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.

രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന കായിക വിനോദമാണു ക്രിക്കറ്റെന്ന് ടാറ്റ മോട്ടോഴ്സ് പ്രസിഡന്റ്(പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ്) മയങ്ക് പരീക്ക് അഭിപ്രായപ്പെട്ടു. തകർപ്പൻ പ്രകടനങ്ങൾക്കാണ് ഐ പി എൽ സാക്ഷ്യം വഹിക്കുന്നത്; ഇതുതന്നെയാണ് ‘നെക്സ’ന്റെയും സവിശേഷതയെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മികച്ച വളർച്ചയാണു കമ്പനി കൈവരിച്ചു മുന്നേറുന്നതെന്നും ക്രിക്കറ്റിന്റെ ചിറകിലേറി യുവ ഇടപാടുകാർക്കിടയിൽ ബ്രാൻഡിനെ ശക്തമാക്കാനാണു ശ്രമിക്കുന്നതെന്നും പരീക്ക് വിശദീകരിച്ചു. ഗ്രൗണ്ടിലും ടിവി സംപ്രേഷണത്തിനിടയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമിലുമൊക്കെ വിപുലമായ പ്രചാരണ പരിപാടികൾ കമ്പനി സംഘടിപ്പിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മത്സര ദിവസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ‘ടാറ്റ നെക്സൻ സൂപ്പർ സ്ട്രൈക്കർ’ സമ്മാനം ലഭിക്കും. കൂടാതെ ടൂർണമെന്റിൽ മികച്ച സ്ട്രൈക്കറെ കാത്തിരിക്കുന്നത് ‘ടാറ്റ നെക്സൻ’ അടക്കമുള്ള സമ്മാനങ്ങളാവും.

കൂടാതെ മത്സരങ്ങൾക്കിടെ ഒറ്റക്കൈയിൽ ക്യാച് എടുക്കുന്നവരെ കാത്തിരിക്കുന്നത് ‘ടാറ്റ നെക്സൻ ഫാൻ കാച്’ സമ്മാനമാണ്; ഒരു ലക്ഷം രൂപയാണ് ഓരോ ക്യാച്ചിനും ലഭിക്കുക. സീസണിലെ മികച്ച പ്രകടനത്തിനുള്ള സമ്മാനമാവട്ടെ ‘ടാറ്റ നെക്സനും’. 

ഐ പി എല്ലിന്റെ ഔദ്യോഗിക പങ്കാളിയായ ‘ടാറ്റ നെക്സൻ’ എത്തുന്നതിൽ ഐ പി എൽ ചെയർമാൻ രാജീവ് ശുക്ലയും ആഹ്ലാദം പ്രകടിപ്പിച്ചു. ടാറ്റ പോലൊരു മുൻനിര ബ്രാൻഡ് പങ്കാളിയാവുന്നത് ഐ പി എല്ലിന്റെ മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.