Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോയൽ എൻഫീൽഡ് ‘തണ്ടർബേഡ്’ അല്ല ‘റംബ്ലർ’

Royal Enfield Rumbler 350 Royal Enfield Rumbler 350

‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡിന്റെ ‘തണ്ടർബേഡ് 350’ ഓസ്ട്രേലിയയിൽ വിൽപ്പനയ്ക്കെത്തി. 6,790 ഓസ്ട്രേലിയൻ ഡോളർ(ഏകദേശം 3.41 ലക്ഷം രൂപ) ആണു ബൈക്കിന്റെ വില. വ്യാപാരനാമ ലഭ്യതയിലെ പരിമിതിയെ തുടർന്നു ‘റംബ്ലർ 350’ എന്ന പേരിലാവും ഈ ബൈക്ക് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡ് ഓസ്ട്രേലിയയിൽ വിൽക്കുക. ബ്രിട്ടീഷ് സൂപ്പർബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസിന്റെ ഉൽപന്നശ്രേണിയിലാണ് നിലവിൽ ‘ട്രയംഫ് തണ്ടർബേഡു’ള്ളത്. 

പുതിയ പേര് സൂചിപ്പിക്കുന്ന ‘റംബ്ലർ’ ബാഡ്ജിങ്ങും  നിയമം അനുശാസിക്കുന്ന പ്രകാരം ഫോക്കിൽ പതിച്ച ഓറഞ്ച് റിഫ്ളക്ടറുകളും ഒഴിവാക്കിയാൽ ഇന്ത്യയിലെ ‘തണ്ടർബേഡും’ ഓസ്ട്രേലിയയിലെ ‘റംബ്ലറു’മായി വ്യത്യാസമൊന്നുമില്ല. ഓസ്ട്രേലിയയിൽ ‘ലേണർ അപ്രൂവ്ഡ് മോട്ടോർ സൈക്കിൾ(എൽ എ എം എസ്) പദ്ധതിയിൽപെടുത്തിയാവും ‘റംബ്ലറി’ന്റെ വിൽപ്പന. പുത്തൻ റൈഡർമാരെയും റൈഡിങ്ങിലേക്കു മടങ്ങുന്നവരെയും ആയാസരഹിതമായ യാത്ര ഉറപ്പു നൽകുന്ന ക്രൂസർ ആഗ്രഹിക്കുന്നവരെയുമൊക്കെയാണ് ‘റംബ്ലറി’ലൂടെ ലക്ഷ്യമിടുന്നതെന്ന് റോയൽ എൻഫീൽഡ് വ്യക്തമാക്കുന്നു. 

ഇന്ത്യയിൽ 2002ലാണു ‘തണ്ടർബേഡ്’ ക്രൂസർ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള കാലത്തിനിടെ ബൈക്കിന്റെ രൂപകൽപ്പനയിൽ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല. എങ്കിലും ബൈക്കിലെ ഹെഡ്ലൈറ്റും സീറ്റും ഇൻസ്ട്രമെന്റ് ക്ലസ്റ്ററുമൊക്കെ പരിഷ്കരിക്കാൻ റോയൽ എൻഫീൽഡ് ശ്രമിച്ചിരുന്നു.

‘തണ്ടർബേഡി’ലും ‘ക്ലാസിക്കി’ലും ‘350 ബുള്ളറ്റി’ലുമൊക്കെ കാണുന്ന 346 സി സി, സിംഗിൾ സിലിണ്ടർ എയർകൂൾഡ് എൻജിനാണ് ‘റംബ്ലറി’നും കരുത്തേകുന്നത്. 19.8 ബി എച്ച് പി കരുത്തും 28 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണ് ട്രാൻസ്മിഷൻ. സിംഗിൾ ഡൗൺ ട്യൂബ് ഫ്രെയിം ഷാസിയുള്ള ബൈക്കിന്റെ മുന്നിൽ 280 സിംഗിൾ ഡിസ്കും പിന്നിൽ 240 എം എം ഡിസ്കുമാണു ബ്രേക്ക്. സ്റ്റോൺ, മറീൻ, ലൈറ്റ്നിങ്, ഫ്ളിക്കർ, ആസ്ഫാൾട്ട് എന്നീ അഞ്ചു നിറങ്ങളിൽ ‘തണ്ടർബേഡ്’ ലഭ്യമാണെങ്കിലും ‘റംബ്ലർ’ വിൽപ്പനയ്ക്കെത്തുന്നത് മൂന്നു നിറങ്ങളിൽ മാത്രമാണ്: സ്റ്റോൺ, മറീൻ, ലൈറ്റ്നിങ്.