Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വിഫ്റ്റിനെ തോൽപ്പിക്കാനാവില്ല മക്കളെ, കുതിക്കുന്നത് ഒന്നാമനാവാൻ

swift-2018-1

മാരുതി സുസുക്കിയുടെ പുതിയ ‘സ്വിഫ്റ്റ്’ തകർപ്പൻ വിജയമാണെന്നതു തർക്കമില്ലാത്ത വസ്തുതയാണ്. വിൽപ്പനയ്ക്കെത്തി വെറും 10 ആഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തോളം ബുക്കിങ്ങാണു പുത്തൻ ‘സ്വിഫ്റ്റ്’ വാരിക്കൂട്ടിയത്. ജേതാക്കൾക്കു പഞ്ഞമില്ലാത്ത മാരുതി സുസുക്കി ശ്രേണിയിൽ പോലും സമാനതകളില്ലാത്ത വിജയമാണു ‘സ്വിഫ്റ്റ്’ സ്വന്തമാക്കിയത്. വിപണിയിൽ തരംഗമായ സാഹചര്യത്തിൽ ഗുജറാത്തിലെ ശാലയെ ‘സ്വിഫ്റ്റ്’ ഉൽപ്പാദനത്തിനുള്ള ഹബ്വായി മാരുതി സുസുക്കി മാറ്റിയിരുന്നു. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ നിർമാണം ഹരിയാനയിലെ മനേസാറിലേക്കു മാറ്റിയാണ് മാരുതി സുസുക്കി ഗുജറാത്ത് ശാലയെ പൂർണമായും ‘സ്വിഫ്റ്റി’നായി അനുവദിച്ചത്.

ഇതൊക്കെയാണെങ്കിലും പുതിയ ‘സ്വിഫ്റ്റി’നായുള്ള കാത്തിരിപ്പ് മാസങ്ങളോളം നീളുമെന്നതാണു യാഥാർഥ്യം. കാരണം ഒരു ലക്ഷം കാറുകൾ നിർമിച്ചു നൽകുക മാരുതി സുസുക്കിക്കെന്നല്ല ഏതു വാഹന നിർമാതാവിനും കനത്ത വെല്ലുവിളി തന്നെയാണ്. പ്രതിവർഷം 1.50 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയുള്ള ഗുജറാത്ത് ശാലയിൽ നിന്നു പരമാവധി 20,000 ‘സ്വിഫ്റ്റ്’ ആവും മാസം തോറും പുറത്തെത്തുക. അതുകൊണ്ടുതന്നെ ഈ ശാലയുടെ ശേഷി കഴിവതും വേഗം രണ്ടര ലക്ഷം യൂണിറ്റിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണു മാരുതി സുസുക്കി.

പരിഷ്കാരങ്ങൾക്കൊപ്പം പുത്തൻ ‘സ്വിഫ്റ്റി’നൊപ്പമെത്തിയ പുത്തൻ സാധ്യതകളുമാണ് കാറിന്റെ സ്വീകാര്യത ഇത്രയേറെ വർധിപ്പിച്ചതെന്നാണു വിപണിയുടെ വിലയിരുത്തൽ. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) ലഭ്യമാക്കിയതായിരുന്നു പുതിയ ‘സ്വിഫ്റ്റി’ലെ മാറ്റങ്ങളിലൊന്ന്; നേരത്തെ പെട്രോൾ എൻജിനൊപ്പം പോലും എ എം ടി ലഭ്യമല്ലാതിരുന്ന സ്ഥാനത്താണിത്. മികച്ച സുരക്ഷ ഉറപ്പാക്കാൻ എയർ ബാഗും എ ബി എസുമൊക്കെ എല്ലാ വകഭേദത്തിലും ഇടംപിടിക്കുന്നുണ്ട്. ഇതിലെല്ലാമുപരി അടിസ്ഥാന വകഭേദത്തിന് 4.99 ലക്ഷം രൂപയാണു വിലയെന്നതും ‘സ്വിഫ്റ്റി’നെ ഏറെ ആകർഷകമാക്കുന്നു.

മുൻമോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്ഥലസൗകര്യത്തോടെയാണു പുത്തൻ ‘സ്വിഫ്റ്റ്’ വന്നത്. വീൽബേസ് വർധിച്ചതോടെ പിൻസീറ്റിൽ സ്ഥലമേറി; ബൂട്ടിലെ സ്ഥലമാവട്ടെ മുൻമോഡലിനെ അപേക്ഷിച്ച് 50 ലീറ്റർ കൂടുതലുണ്ട്. യുവതലമുറയ്ക്കായി ആൻഡ്രോയ്ഡ് ഓട്ടോയും ആപ്ൾ കാർ പ്ലേയുമടക്കം സ്മാർട് പ്ലേ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റവും കാറിലുണ്ട്.