Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോഡ് മേധാവിക്കു പ്രതിഫലം 106.11 കോടി രൂപ

2018 NAIAS Jim Hackett

യു എസ് നിർമാതാക്കളായ ഫോഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജിം ഹാക്കറ്റിന്റെ കഴിഞ്ഞ വർഷത്തെ പ്രതിഫലം 1.63 കോടി ഡോളർ(ഏകദേശം 106.11 കോടി രൂപ); ശമ്പളവും ബോണസും ഓഹരികളുമെല്ലാം ചേർന്നതാണ് ഈ തുക. പെൻഷനും ആനുകൂല്യങ്ങളുമടക്കം ഹാക്കറ്റിന് 1.67 കോടി ഡോളർ ലഭിക്കുമെന്നാണു കണക്ക്. നികുതി നിർണയത്തിനു മുമ്പുള്ള കമ്പനിയുടെ  ലാഭത്തിൽ 2016നെ അപേക്ഷിച്ച് 190 കോടി ഡോളർ(12,370 കോടിയോളം രൂപ) ഇടിവു നേരിട്ടതും ഹാക്കറ്റിന്റെ പ്രതിഫലത്തിൽപ്രതിഫലിക്കുന്നുണ്ട്. യു എസ് വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഫോഡിന്റെ മേധാവിയായി കഴിഞ്ഞ മേയിലാണ് ഹാക്കറ്റ് ചുമതലയേറ്റത്.

ഹാക്കറ്റിന്റെ മുൻഗാമിയായ മാർക് ഫീൽഡ്സിന്റെ 2017ലെ പ്രതിഫലം 1.50 കോടി ഡോളർ(ഏകദേശം 97.65 കോടി രൂപ) ആണെന്നും ഫോഡ് വെളിപ്പെടുത്തി. ശമ്പളവും ബോണസും ഓഹരികളുമെല്ലാം ചേരുന്നതാണ് ഈ തുക; അതേസമയം മറ്റ് ആനുകൂല്യങ്ങൾ കൂടിയാവുന്നതോടെ ഫീൽഡ്സിനു ലഭിക്കുന്ന മൊത്തം പ്രതിഫലം 2.10 കോടി ഡോളർ(ഏകദേശം 136.71 കോടി രൂപ) ആവുമെന്നാണു കണക്ക്.

ഫീൽഡ്സിനും ഹാക്കറ്റിനുമായി ആകെ 3.70 കോടി ഡോളർ(ഏകദേശം 240.87 കോടി രൂപ) ആണു ഫോഡ് 2017ൽ പ്രതിഫലമായി നൽകുക. 2016നെ അപേക്ഷിച്ച് 1,030 കോടി ഡോളർ ഇടിവോടെ 840 കോടി ഡോളർ(ഏകദേശം 546,84 കോടി രൂപ) ആണു കമ്പനിക്കു നികുതി നിർണയത്തിനു മുമ്പു ലഭിച്ച ലാഭം.കമ്പനി എക്സിക്യൂട്ടീവ് ചെയർമാനായ ബിൽ ഫോഡ്(59) കഴിഞ്ഞ വർഷം 1.30 കോടി ഡോളർ(ഏകദേശം 84.63 കോടി രൂപ) വരുമാനം നേടിയെന്നും ഫോഡ് വെളിപ്പെടുത്തി; 2016ലെ പ്രതിഫലത്തെ അപേക്ഷിച്ച് 17% അധികമാണിത്. അതേസമയം ഫോഡിന്റെ പെൻഷൻ വിഹിതം മുൻവർഷത്തെക്കാൾ 14% ശതമാനം ഇടിഞ്ഞ്12 ലക്ഷം ഡോളർ(ഏകദേശം 7.81 കോടി രൂപ) ആയി. ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സെർജിയൊ മാർക്കിയോണിക്ക് 2017ലെ പ്രതിഫലമായി 1.19 കോടി ഡോളർ(ഏകദേശം 77.47 കോടി രൂപ) ആയിരുന്നു കമ്പനി അനുവദിച്ചത്. 

സിലിക്കൻ വാലിയിൽ നിന്നുള്ള സ്റ്റാർട്ടപ്പുകൾ അടക്കമുള്ള എതിരാളികളെ ഫലപ്രദമായി നേരിടുന്നതിൽ പരാജയപ്പെടുകയും കമ്പനിയുടെ ഓഹരി വില ക്രമമായി ഇടിയുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഫോഡ് ഓഹരി ഉടമകൾ ഫീൽഡ്സിനെതിരെ തിരിഞ്ഞത്. തുടർന്നു മേയിൽ അപ്രതീക്ഷിതമായി ഹാക്കറ്റിനെ ഫോഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയോഗിക്കുകയായിരുന്നു. ഫർണിച്ചർ നിർമാതാക്കളായ സ്റ്റീൽകേസിനെ ലാഭപാതയിലെത്തിച്ചതും മിച്ചിഗൻ സർവകലാശാല അത്ലറ്റിക് ഡയറക്ടറെന്ന നിലയിൽ പ്രതിസന്ധി നേരിട്ട ബിഗ് 10 ഫുട്ബോൾ പദ്ധതിയെ കരകയറ്റിയതുമൊക്കെയായിരുന്നു ഹാക്കറ്റിന്റെ മികവ്. കാറുകൾക്കു പകരം എസ് യു വികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചും കൂടുതൽ സങ്കര ഇന്ധന, വൈദ്യുത മോഡലുകൾ അവതരിപ്പിച്ചും വികസന — നിർമാണ ചെലവുകൾ നിയന്ത്രിച്ചുമൊക്കെ ഫോഡിന്റെ ലാഭവും ഓഹരി വിലയും ഉയർത്താനാണു ഹാക്കറ്റിന്റെ ശ്രമം.