Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോഡ് വിൽപ്പനതിളക്കത്തോടെ മാരുതി സുസുക്കി

brezza-1 Brezza

കഴിഞ്ഞ സാമ്പത്തിക വർഷം ജാപ്പനീസ് നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനു റെക്കോഡ് വിൽപ്പനതിളക്കം. മുൻവർഷത്തെ അപേക്ഷിച്ച് 13.8% വളർച്ചയോടെ 16,53,500 കാറുകളാണു മാരുതി സുസുക്കി 2017 — 18ൽ വിറ്റത്. 2016 — 17ൽ കൈവരിച്ച മൊത്തം വിൽപ്പനയായ 14,43,641 യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോഡ്.

മാരുതി സുസുക്കിയുടെ മാത്രം വിൽപ്പന 16.50 ലക്ഷം യൂണിറ്റ് പിന്നിട്ട സാഹചര്യത്തിൽ 2017 — 18ൽ ഇന്ത്യൻ യാത്രാവാഹന വിഭാഗത്തിലെ മൊത്തം വിൽപ്പന 32 — 33 ലക്ഷം യൂണിറ്റാവുമെന്നാണു പ്രതീക്ഷ.

കയറ്റുമതിയടക്കം കഴിഞ്ഞ സാമ്പത്തിക വർഷം 17,79,574 യൂണിറ്റാണ് കമ്പനിയുടെ വിൽപ്പന. 2016 — 17ലെ മൊത്തം വിൽപ്പനയായ 15,68,603 യൂണിറ്റിനെ അപേക്ഷിച്ച് 13.4% അധികമാണിത്. ഇന്ത്യൻ യാത്രാവാഹന വിപണിയിൽ 50.09% വിഹിതമാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. 

മാരുതി സുസുക്കിയുടെ വാഹന വിൽപ്പന 2010 — 11ലാണ് ആദ്യമായി 10 ലക്ഷം യൂണിറ്റ് പിന്നിട്ടത്. എന്നാൽ 2006 — 2007ൽ വിറ്റ 6,35,629 യൂണിറ്റുമായി താതരമ്യം ചെയ്യുമ്പോൾ 2017 — 18ലെ വിൽപ്പനയിലെ വർധന 10,17,871 കാറുകളുടേതാണ്. 2006 — 2007 മുതലുള്ള സാമ്പത്തിക വർഷങ്ങൾക്കിടെ കാർ വിൽപ്പനയിൽ മാരുതി സുസുക്കി കൈവരിച്ച വളർച്ച ഇപ്രകാരമാണ്(സാമ്പത്തിക വർഷം, മൊത്തം വിൽപ്പന എന്ന ക്രമത്തിൽ):

2006 — 2007: 6,35,629

2007 — 2008: 7,11,824

2008 — 2009: 7,22,144

2009 — 2010: 7,65,526

2010 — 2011: 11,32,739

2011 — 2012: 10,06,316

2012 — 2013: 10,51,046

2013 — 2014: 10,53,689

2014 — 2015: 11,70,702

2015 — 2016: 13,05,351

2016 — 2017: 14,43,641

2017 — 2018: 16,53,500.

രണ്ടു വർഷത്തിനകം ഇന്ത്യയിലെ മൊത്തം വിൽപ്പന 20 ലക്ഷത്തിലെത്തിക്കാനാണു മാരുത സുസുക്കി ലക്ഷ്യമിടുന്നത്. എന്നാൽ 2020ലേക്കു നിശ്ചയിച്ച ലക്ഷ്യത്തെ അപേക്ഷിച്ച് 2.20 ലക്ഷം യൂണിറ്റ് മാത്രമാണു കഴിഞ്ഞ വർഷത്തെ വിൽപ്പനയിലുള്ള കുറവ്. അതുകൊണ്ടുതന്നെ വാർഷിക വിൽപ്പന 20 ലക്ഷം യൂണിറ്റിലെത്തിക്കാൻ മാരുതി സുസുക്കിക്ക് 2020വരെ കാത്തിരിക്കേണ്ടി വരില്ലെന്നു കരുതുന്നവരുമേറെയാണ്; പ്രത്യേകിച്ച പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കും പുത്തൻ ‘സ്വിഫ്റ്റി’നുമൊക്കെ വിപണിയിലുള്ള സ്വീകാര്യത പരിഗണിക്കുമ്പോൾ.