Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കനത്ത നികുതി: ഹൈബ്രിഡ് ‘കാംറി’ പിൻവലിക്കാൻ ടൊയോട്ട

toyota-camry-hybrid Toyota Camry Hybrid

നികുതി നിരക്ക് ഉയർന്നതലത്തിൽ തുടരുന്നത് ‘കാംറി’യുടെ സങ്കര ഇന്ധന പതിപ്പിന് വെല്ലുവിളിയാവുമെന്നു ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി കെഎം). സങ്കര ഇന്ധന മോഡലുകൾക്കുള്ള നികുതി കുത്തനെ ഉയർന്നതിനെ തുടർന്ന് ‘കാംറി ഹൈബ്രിഡി’ന്റെ വിൽപ്പന ഗണ്യമായി ഇടിഞ്ഞിരുന്നു. ഇതോടെ ടി കെ എം ഈ മോഡലിന്റെ ഉൽപ്പാദനം താൽക്കാലികമായി നിർത്തുകയും ചെയ്തു. തുടർന്ന് അടുത്തയിടെയാണു ടൊയോട്ട ‘കാംറി ഹൈബ്രിഡ്’ നിർമാണം പുനഃരാരംഭിച്ചത്.

ചരക്ക്, സേവന നികുതി(ജി എസ് ടി) നിലവിൽ വന്ന പിന്നാലെയാണ് സങ്കര ഇന്ധന കാറുകളുടെ നികുതി നിരക്ക് 43% ആയി വർധിച്ചത്. ഇതോടെ വില വർധിക്കുകയും ‘കാംറി’ പോലുള്ള ഹൈബ്രിഡ് മോഡലുകളുടെ വിൽപ്പനയിൽ കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. നികുതി വർധനയ്ക്കു മുമ്പ് നൂറോളം ‘കാംറി’ ഹൈബ്രിഡാണു ടൊയോട്ട മാസം തോറും വിറ്റിരുന്നത്; എന്നാൽ നികുതി ഉയർന്നതോടെ കാറിന്റെ പ്രതിമാസ വിൽപ്പന വെറും 35 എണ്ണമായി കുറഞ്ഞു. 

ഹൈബ്രിഡ് കാറുകളുടെ നികുതി നിരക്ക് സംബന്ധിച്ച് കേന്ദ്ര സർക്കാർ പുനഃരാലോചനയ്ക്കു തയാറായില്ലെങ്കിൽ ഇന്ത്യൻ വിപണിയിൽ നിന്നു ‘കാംറി’ ഹൈബ്രിഡ് പിൻവലിക്കുമെന്നാണു ടി കെ എം  മാനേജിങ് ഡയറക്ടർ അകിറ്റൊ താചിബാനയുടെ നിലപാട്. പകരം പരമ്പരാഗത എൻജിനുള്ള ‘കാംറി’ മാത്രം ഇന്ത്യയിൽ വിൽക്കാനാണു കമ്പനിയുടെ ആലോചന. വൈദ്യുത വാഹന(ഇ വി)ങ്ങളും ഫ്യുവൽ സെൽ വാഹന(എഫ് സി വി)ങ്ങളുമൊക്കെ യാഥാർഥ്യമാവാൻ 2040 — 2050 വരെ കാത്തിരിക്കേണ്ടി വരും. പരമ്പരാഗത എൻജിനുള്ള കാറുകളിൽ നിന്നു വൈദ്യുത കാറുകളിലേക്കുള്ള ഈ പരിവർത്തനവേളയിൽ സങ്കര ഇന്ധന മോഡലുകൾ സുപ്രധാനമാമെന്നും താചിബാന വിലയിരുത്തുന്നു. 

ഹൈബ്രിഡുകൾക്കു പകരം ഇ വികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ സങ്കര ഇന്ധന മോഡലുകൾക്കുള്ള നികുതി നിരക്ക് ഉയർത്തിയത്. 2030 ആകുന്നതോടെ വൈദ്യുത കാറുകൾ വ്യാപകമായി പ്രചാരത്തിലെത്തിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ വൈദ്യുത വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി നയപരിപാടിയൊന്നും സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ഈ വിഷയത്തിൽ സർക്കാർ തുടരുന്ന തണുപ്പൻ സമീപനത്തിൽ വാഹന നിർമാതാക്കളും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. 

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരമുള്ള വാഹനങ്ങൾ പുറത്തിറക്കാനുള്ള കാലപരിധിയായ 2020 അടുത്തെത്തുമ്പോഴാണു സർക്കാർ ഹൈബ്രിഡ് മോഡലുകളുടെ നികുതി ഉയർത്തിയത് എന്നതിനോടും നിർമാതാക്കൾക്കു വിയോജിപ്പുണ്ട്. വർഷം തോറും നികുതി ഘടനയും നിരക്കും പരിഷ്കരിക്കുന്നത് ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നെന്നാണു താചിബാനയുടെ പരാതി.