Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിഹസിക്കുന്നവരേ കേട്ടോളൂ..വികസനത്തിനായി റോയൽ എൻഫീൽഡിന്റെ നിക്ഷേപം 800 കോടി

Royal Enfield Thunderbird X Royal Enfield Thunderbird X

നടപ്പു സാമ്പത്തിക വർഷത്തെ വികസന പ്രവർത്തനങ്ങൾക്കായി റോയൽ എൻഫീൽഡ് 800 കോടി രൂപ വകയിരുത്തി. തമിഴ്നാട്ടിലെ വല്ലംവടഗൽ ശാലയുടെ രണ്ടാംഘട്ട നിർമാണമടക്കമുള്ള പ്രവർത്തനങ്ങൾക്കാണ് ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇക്കൊല്ലം ഇത്രയും മൂലധന നിക്ഷേപം നടത്തുക.

‘ബുള്ളറ്റി’ന്റെ വിൽപ്പന ഉൽപ്പാദനശേഷിയെക്കാൾ ഉയർന്നതലത്തിൽ തുടരുകയാണെന്ന് ഐഷർ മോട്ടോഴ്സ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ സിദ്ധാർഥ ലാൽ അറിയിച്ചു. വിവിധ വിപണികളിൽ മികച്ച വളർച്ചാ സാധ്യതയാണു നിലവിലുള്ളതും. അതുകൊണ്ടുതന്നെ ചെന്നൈയ്ക്കടുത്തുള്ള വല്ലം വടഗൽ ശാലയുടെ രണ്ടാം ഘട്ടവികസനം പൂർത്തിയാക്കി ഉൽപ്പാദനശേഷി ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും ലാൽ വിശദീകരിച്ചു. 

ചെന്നൈയിലെ ടെക്നോളജി സെന്റർ നിർമാണവും ഇക്കൊല്ലം പൂർത്തിയാക്കുമെന്ന് ലാൽ അറിയിച്ചു. ആഗോള വിപണികൾക്കായി പുതിയ മോഡലുകൾ വികസിപ്പിക്കാനും കൂടുതൽ മൂലധനനിക്ഷേപം നടത്തുമെന്നു ലാൽ വെളിപ്പെടുത്തി. ദക്ഷിണപൂർവ ഏഷ്യൻ വിപണികളിലെ വിൽപ്പന സാധ്യത പൂർണമായും പ്രയോജനപ്പെടുത്താൻ തായ്ലൻഡിലും ഇന്തൊനീഷയിലും ഇക്കൊല്ലം പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനങ്ങൾ ആരംഭിക്കാനും റോയൽ എൻഫീൽഡ് തീരുമാനിച്ചിട്ടുണ്ട്.

വല്ലംവടഗൽ ശാലയുടെ ആദ്യ ഘട്ടം പൂർണതോതിൽ ഉൽപ്പാദനക്ഷമമാവുകയും ഒരഗടം ശാലയിൽ പൂർണ തോതിൽ ഉൽപ്പാദനം നടക്കുകയും ചെയ്യുന്നതോടെ 2018 — 19ൽ 9.50 ലക്ഷം യൂണിറ്റ് ഉൽപ്പാദനമാണു റോയൽ എൻഫീൽഡ് ലക്ഷ്യമിട്ടിരിക്കുന്നത്.